പ്രതീകാത്മക ചിത്രം Image Source: Canva
Markets

വിദേശ നിക്ഷേപകർക്ക് ചുവപ്പുനാടയൊഴിയുന്നു; രജിസ്ട്രേഷൻ 5 ദിവസത്തിനകം, അധിക വെളിപ്പെടുത്തൽ ചട്ടം ഒഴിവാക്കാൻ സെബി

വിദേശ നിക്ഷേപം ആകർഷിക്കാൻ എഫ്പിഐ രജിസ്ട്രേഷൻ വേഗത്തിലാക്കാനും കെവൈസി പുതുക്കൽ കാലാവധി നീട്ടാനും അധിക വെളിപ്പെടുത്തൽ ചട്ടത്തിൽ മാറ്റം വരുത്താനും സെബി

Dhanam News Desk

ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി നിയന്ത്രണ ചട്ടങ്ങളിൽ നിർണായക മാറ്റത്തിനൊരുങ്ങി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (FPI) രജിസ്ട്രേഷൻ നടപടികൾ, അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്ന അഡീഷണൽ ഡിസ്ക്ലോഷർ ഫ്രെയിംവർക്ക് (ADF) അഥവാ അധിക വെളിപ്പെടുത്തൽ ചട്ടം ഒഴിവാക്കാനുമുള്ള നിർദേശങ്ങൾ സെബി ​പരി​ഗണിക്കുന്നു.

നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ആഗോള വിപണികളോട് കിടപിടിക്കുന്ന തരത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം (Ease of Doing Business) ഉറപ്പാക്കുന്നതിനുമുള്ള നിർണായക ചുവടുമാറ്റമാണിത്.

എഫ്പിഐ രജിസ്ട്രേഷൻ ഇനി 5 ദിവസത്തിനുള്ളിൽ

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) രജിസ്ട്രേഷൻ നടപടികൾ (ഓൺബോർഡിങ്) പരമാവധി അഞ്ച് പ്രവൃത്തി ദിവസത്തിനകം പൂർത്തിയാക്കാനാണ് സെബി ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ രജിസ്ട്രേഷൻ, ഡിജിറ്റൽ ഒപ്പോടുകൂടിയ പവർ ഓഫ് അറ്റോർണി (PoA), നിക്ഷേപ ചെലവ് കുറയ്ക്കുന്ന 'നെറ്റ് സെറ്റിൽമെന്റ്' സംവിധാനം തുടങ്ങിയ നടപടികൾ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. കൂടാതെ, റിസർവ് ബാങ്കുമായി (ആർബിഐ) ചേർന്നുള്ള സംയുക്ത പ്രവർത്തക സമിതി, നിക്ഷേപകർക്കായി ഏകീകൃത അപേക്ഷാ ഫോമിനും രൂപം നൽകുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് നിലവിൽ അഞ്ച് ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ ലഭ്യമാകുന്നുണ്ട്.

കെവൈസി ചട്ടങ്ങളിലും വൻ ഇളവ്

ഡിസംബർ ഒന്ന് മുതൽ അർഹരായ എഫ്പിഐ വിഭാഗങ്ങളുടെ കെവൈസി (KYC) പുതുക്കൽ കാലാവധിയും ദീർഘിപ്പിക്കും. നിക്ഷേപകരുടെ വിഭാഗമനുസരിച്ച് നിലവിലുള്ള ഒരു വർഷത്തെ കാലാവധി രണ്ടുവർഷമായും മൂന്ന് വർഷത്തേത് എട്ട് വർഷത്തിലേക്കും ഉയർത്തും. പ്രവാസികൾക്കും (എൻആർഐ) ഒസിഐ കാർഡ് ഉടമകൾക്കും വിദേശ പൗരന്മാർക്കും ഇന്ത്യയിൽ നേരിട്ട് എത്താതെ തന്നെ ഡിജിറ്റൽ സംവിധാനം വഴി കെവൈസി, റീ-കെവൈസി നടപടികൾ പൂർത്തിയാക്കാനും പുതിയ ചട്ടം സൗകര്യമൊരുക്കുന്നു.

എഡിഎഫ് ഒഴിവാക്കുന്നത് എന്തിന്?

2023 ഓഗസ്റ്റിൽ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് ആരോപണങ്ങൾക്കു പിന്നാലെയാണ് സെബി, അധിക വെളിപ്പെടുത്തൽ ചട്ടം (എഡിഎഫ്) കൊണ്ടുവന്നത്. നിലവിലെ ചട്ടമനുസരിച്ച്, ഇന്ത്യൻ ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപത്തിന്റെ 50 ശതമാനത്തിലധികവും ഒരു കോർപ്പറേറ്റ് ഗ്രൂപ്പിൽ കേന്ദ്രീകരിച്ചിരിക്കുന്നതോ, രാജ്യത്തിനകത്ത് 50,000 കോടി രൂപയിലധികം നിക്ഷേപമുള്ളതോ ആയ വിദേശ ഫണ്ടുകൾ (എഫ്പിഐ) തങ്ങളുടെ ഉടമസ്ഥത, സാമ്പത്തിക താൽപര്യം, നിയന്ത്രണം എന്നിവയുടെ വിശദാംശങ്ങൾ വ്യക്തിഗത തലം വരെ വെളിപ്പെടുത്തേണ്ടതുണ്ട്.

എന്നാൽ ഈ കർശന നിബന്ധനകൾ ആഗോള നിക്ഷേപക ഫണ്ടുകൾക്ക് അധിക പ്രവർത്തനച്ചെലവും നടപടിക്രമങ്ങളിൽ സങ്കീർണതയും സൃഷ്ടിക്കുന്നുവെന്നാണ് സെബിയുടെ പുതിയ വിലയിരുത്തൽ. മറ്റ് രാജ്യങ്ങളിലെ വിപണികളിൽ ഇത്ര കർശനമായ വെളിപ്പെടുത്തൽ വ്യവസ്ഥകളില്ലാത്തതിനാൽ ഇന്ത്യൻ വിപണിയി നിന്നും വിദേശ നിക്ഷേപകരെ അകറ്റുന്ന സാഹചര്യമുണ്ടാകാമെന്നും സെബി ചൂണ്ടിക്കാട്ടുന്നു. പുതിയ നിർദേശങ്ങളിന്മേൽ ഡിസംബർ 11 വരെ പൊതുജനാഭിപ്രായം തേടും.

വിദേശ മൂലധനം ആകർഷിക്കാൻ ഇന്ത്യൻ വിപണി

സെബിയുടെ 'സ്വാഗത്-എഫ്ഐ' (SWAGAT-FI) പദ്ധതിയിലൂടെ ഏകദേശം 740 വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ വിപണിയിലുള്ള വിദേശ നിക്ഷേപകരുടെ ആകെ ആസ്തികളുടെ 17 ശതമാനവും ഇവരുടെ കൈവശമാണ്. 2024 ഒക്ടോബർ മുതൽ ഏകദേശം രണ്ടു വർഷത്തിനിടെ ഏകദേശം 6,000 കോടി ഡോളർ മൂല്യം വരുന്ന വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ട സാഹചര്യത്തിൽ, നവംബർ ഇതുവരെയായി 1,200 കോടി ഡോളറിലധികം അറ്റ നിക്ഷേപം (Net Inflow) തിരിച്ചെത്തിയത് ആഭ്യന്തര വിപണിക്ക് ആശ്വാസമായിട്ടുണ്ട്.

വിദേശ നിക്ഷേപം ആകർഷിക്കാൻ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോഴും വിപണിയിലെ സുതാര്യതയും നിക്ഷേപക സംരക്ഷണവും നിലനിർത്തുക എന്നതാണ് സെബിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കി, ആഗോള നിക്ഷേപകർക്ക് മുന്നിൽ ഇന്ത്യൻ വിപണിയെ കൂടുതൽ മത്സരക്ഷമമാക്കാനുള്ള വ്യക്തമായ നയമാറ്റമാണ് സെബിയുടെ പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.

SEBI is considering easing FPI onboarding, extending KYC renewal timelines and reviewing additional disclosure requirements to make Indian markets more attractive to foreign investors.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT