ഓഹരിവില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ, കൈവശമുള്ള പണത്തേക്കാൾ പലമടങ്ങ് തുക കടമെടുത്ത് നിക്ഷേപിക്കുന്ന രീതിക്ക് കടിഞ്ഞാണിടാൻ മാർക്കറ്റ് റെഗുലേറ്ററായ സെബി (SEBI) ഒരുങ്ങുന്നു. വിപണി അനുകൂലമാകുമ്പോൾ ലാഭം വലുതാക്കാമെങ്കിലും, വിപണിയിൽ തിരിച്ചടി നേരിട്ടാൽ നിക്ഷേപകർക്ക് വൻ നഷ്ടം വരുത്തിവെക്കാവുന്ന 'മാർജിൻ ട്രേഡിങ് ഫെസിലിറ്റി' (MTF) ഇടപാടുകൾക്കാണ് സെബി നിയന്ത്രണം കൊണ്ടുവരുന്നത്.
ഒരു കമ്പനിയുടെ ഫ്രീ ഫ്ലോട്ടിന്റെ 5 മുതൽ 10 ശതമാനം വരെ എം.ടി.എഫ് നിക്ഷേപം എത്തിയാൽ, പുതിയ പൊസിഷനുകൾ അനുവദിക്കേണ്ടതില്ലെന്ന നിർദേശമാണ് നിലവിൽ പരിഗണനയിലുള്ളത്. ഇതിന്റെ അന്തിമ പരിധി തീരുമാനിച്ചിട്ടില്ല. പൊതുജനാഭിപ്രായം തേടിയശേഷമായിരിക്കും സെബി പുതിയ ചട്ടങ്ങൾ നടപ്പിലാക്കുക.
എം.ടി.എഫിൽ നിക്ഷേപകൻ നൽകുന്ന തുകയേക്കാൾ വലിയ തുക ബ്രോക്കറേജ് സ്ഥാപനം വായ്പയായി നൽകും. ഉദാഹരണത്തിന്, 25,000 രൂപ സ്വന്തം പണവും 75,000 രൂപ വായ്പയും ഉപയോഗിച്ച്, ഒരാൾ ഒരു ലക്ഷം രൂപയുടെ ഓഹരി വാങ്ങിയെന്ന് കരുതുക. ഓഹരി വില 20 ശതമാനം ഇടിഞ്ഞാൽ നിക്ഷേപത്തിന്റെ മൂല്യം 80,000 രൂപയാകും. ഇതിൽ നിന്ന് വായ്പയായ 75,000 രൂപ കിഴിച്ചാൽ നിക്ഷേപകന്റെ പക്കൽ അവശേഷിക്കുന്ന തുക 5,000 രൂപ മാത്രമാണ്. അതായത്, സ്വന്തം മൂലധനത്തിന്റെ 80 ശതമാനവും നഷ്ടപ്പെടുന്നുവെന്ന് സാരം.
അധിക മാർജിൻ നൽകാൻ കഴിയാത്തപക്ഷം ബ്രോക്കറേജ് സ്ഥാപനം, നിക്ഷേപകന്റെ ഓഹരികൾ വിറ്റ് വായ്പ തിരിച്ചുപിടിക്കും. ഒരേസമയം നിരവധി നിക്ഷേപകർക്ക് ഇങ്ങനെ സംഭവിച്ചാൽ, ഈ നിർബന്ധിത വിൽപ്പന (forced selling) വിപണിയിലെ വിലയിടിവ് കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കും.
നിക്ഷേപകർക്ക് സ്വന്തം മൂലധനത്തിന്റെ നാലിരട്ടി വരെ ഉപയോഗിച്ച് ഓഹരി വാങ്ങാൻ എം.ടി.എഫ് അവസരം നൽകുന്നുണ്ട്. സാധാരണയായി 9–18 ശതമാനം പലിശയാണ് ഈ വായ്പകൾക്ക് ഈടാക്കുന്നത്. ബ്രോക്കർമാർ സ്വന്തം ഫണ്ടുകൊണ്ടാണോ അതോ ബാങ്ക്/എൻബിഎഫ്സികളിൽ നിന്നുള്ള വായ്പകൾ ഉപയോഗിച്ചാണോ ഈ ഫണ്ടിങ് നടത്തുന്നത് എന്നതും നിർണായകമാണ്. പുതിയ എം.ടി.എഫ് പൊസിഷനുകൾക്ക് പരിധി വന്നാൽ അത് പലിശ വരുമാനത്തെയും ബിസിനസ് വളർച്ചയെയും ബാധിച്ചേക്കാം.
അതേസമയം, വിപണി ദുർബലമായിരിക്കുമ്പോൾ വലിയ തോതിലുള്ള നിർബന്ധിത വിൽപ്പനയുണ്ടായാൽ അതുവഴി ബ്രോക്കർമാർക്കുണ്ടാകാവുന്ന നഷ്ടസാധ്യത കുറയ്ക്കാനും ഈ നിയന്ത്രണങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
എം.ടി.എഫ് വഴിയുള്ള നിക്ഷേപം നിലവിൽ 1.53 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ ഒരു വർഷംകൊണ്ട് 29 ശതമാനം വർധന. 2024 അവസാനം രേഖപ്പെടുത്തിയ എം.ടി.എഫ് ബുക്കിന്റെ ഏകദേശം ഇരട്ടിയുമാണിത്. അതേസമയം എം.ടി.എഫ് വഴിയുള്ള നിക്ഷേപങ്ങളുടെ മൂന്നിൽ രണ്ടും സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളിലാണ്. കുറഞ്ഞ ലിക്വിഡിറ്റിയുള്ള ഇത്തരം ഓഹരികളിൽ വൻ തോതിൽ കടംവാങ്ങിയുള്ള നിക്ഷേപം കേന്ദ്രീകരിക്കുന്നത്, വിപണിയിൽ തിരിച്ചടി നേരിടുന്ന വേളയിൽ മൊത്തത്തിലുള്ള വിൽപ്പന സമ്മർദം ഇരട്ടിയാക്കാനും വഴിയൊരുക്കും.
കുറഞ്ഞത് 36 ഓഹരികളിൽ ഫ്രീ ഫ്ലോട്ടിന്റെ 10 ശതമാനത്തിലധികവും 220-ലേറെ ഓഹരികളിൽ അഞ്ചു ശതമാനത്തിലധികവും എം.ടി.എഫ് വഴിയുള്ള നിക്ഷേപമാണ്. ജിയോ പ്ലാറ്റ്ഫോംസ്, നസാര ടെക്നോളജീസ്, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയവയിലും ഇത്തരത്തിലുള്ള പങ്കാളിത്തം ശ്രദ്ധേയമാണ്.
ഓഹരി വില ഇടിഞ്ഞതിനെത്തുടർന്ന് വ്യാപകമായ മാർജിൻ കോളുകൾ ഉണ്ടായ ദക്ഷിണ കൊറിയയിലും ലിവറേജ് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം ശക്തമാക്കിയിരുന്നു. ഇന്ത്യയിലും എം.ടി.എഫ് പൂർണമായി നിരോധിക്കുകയല്ല സെബിയുടെ പരിഗണന. മറിച്ച്, ഒരേ ഓഹരിയിൽ കടംവാങ്ങിയുള്ള നിക്ഷേപം അമിതമായി കേന്ദ്രീകരിക്കുന്നത് തടയുകയാണ് റെഗുലേറ്ററുടെ ലക്ഷ്യം.
പരിധി 5 ശതമാനമാണോ 10 ശതമാനമാണോ, കണക്കാക്കുന്ന രീതി എങ്ങനെ, നിലവിലുള്ള നിക്ഷേപങ്ങൾക്ക് ഇളവുണ്ടാകുമോ തുടങ്ങിയ കാര്യങ്ങൾ നിർണായകമാണ്. ബ്രോക്കർമാരുടെ റിപ്പോർട്ടിങ്, തത്സമയ നിരീക്ഷണം, ചട്ടലംഘനത്തിനുള്ള നടപടി, പരിധി പുനഃപരിശോധിക്കുന്ന ഇടവേള എന്നിവയും വ്യക്തമാക്കണം. എം.ടി.എഫ് ഹ്രസ്വകാല വ്യാപാരത്തിനാണോ ദീർഘകാല നിക്ഷേപത്തിനാണോ കൂടുതൽ ഉപയോഗിക്കുന്നത് എന്നതും വിലയിരുത്തേണ്ടതുണ്ട്.
വായ്പയെടുത്തുള്ള നിക്ഷേപം സ്വതവേ അപകടകരം എന്നതിലുപരിയായി, ഒരു കമ്പനിയുടെ ഫ്രീ ഫ്ലോട്ട് ഓഹരി അഥവാ സ്വതന്ത്രമായി വ്യാപാരം ചെയ്യാവുന്ന ഓഹരികളിൽ എത്രത്തോളം കടംവാങ്ങിയുള്ള നിക്ഷേപം കേന്ദ്രീകരിക്കുന്നു എന്നതാണ് പ്രധാന ചോദ്യം. വിപണി തിരുത്തൽ നേരിടുന്ന വേളയിൽ ഈ കേന്ദ്രീകരണം നഷ്ടങ്ങളുടെ ശൃംഖലയായി മാറാതിരിക്കുകയാണ് സെബിയുടെ വെല്ലുവിളി.
SEBI is considering limits on margin trading facility exposure in individual stocks to curb excessive leveraged positions and reduce the risk of forced selling during market downturns.
Read DhanamOnline in English
Subscribe to Dhanam Magazine