Markets

ഓഹരി വിപണിയില്‍ വീണ്ടും 'ഓപ്പണ്‍ മാര്‍ക്കറ്റ് ബൈബാക്ക്'; ഓഗസ്റ്റ് 1 മുതല്‍ പുതിയ നികുതി വ്യവസ്ഥ; നിക്ഷേപകര്‍ അറിയേണ്ടതെല്ലാം

പുതിയ ചട്ടക്കൂട് പ്രകാരം, ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് പ്രത്യേക ബൈബാക്ക് വിന്‍ഡോ ഇല്ലാതെ തന്നെ സാധാരണ ട്രേഡിംഗ് സംവിധാനത്തിലൂടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ സാധിക്കും

Dhanam News Desk

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള ഓപ്പണ്‍ മാര്‍ക്കറ്റ് ഷെയര്‍ ബൈബാക്കുകള്‍ (ഓഹരി തിരിച്ചുവാങ്ങല്‍) വീണ്ടും കൊണ്ടുവരുന്നതിനുള്ള പുതിയ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു. 2026 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ചട്ടക്കൂട് പ്രകാരം, ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് പ്രത്യേക ബൈബാക്ക് വിന്‍ഡോ ഇല്ലാതെ തന്നെ സാധാരണ ട്രേഡിംഗ് സംവിധാനത്തിലൂടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ സാധിക്കും.

ഓഹരി ഉടമകളോടുള്ള വിവേചനവും നികുതി സംബന്ധിച്ച അപാകതകളും ചൂണ്ടിക്കാട്ടി 2025-ലാണ് സെബി ഓപ്പണ്‍ മാര്‍ക്കറ്റ് ബൈബാക്കുകള്‍ ഘട്ടഘട്ടമായി നിര്‍ത്തലാക്കിയത്. എന്നാല്‍ വിപണിയിലെ പുതിയ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഈ സംവിധാനം കൂടുതല്‍ സുതാര്യമായ വ്യവസ്ഥകളോടെ തിരികെ കൊണ്ടുവരുന്നത്.

നികുതി ഭാരം ഇനി നിക്ഷേപകര്‍ക്ക്; പുതിയ നികുതി നിരക്കുകള്‍ ഇങ്ങനെ

പുതിയ ചട്ടക്കൂട് അനുസരിച്ച്, ഓപ്പണ്‍ മാര്‍ക്കറ്റ് ബൈബാക്കില്‍ പങ്കെടുക്കുന്ന ഓഹരി ഉടമകള്‍ക്ക് ലഭിക്കുന്ന തുക ഇനി മുതല്‍ കമ്പനിയുടെ ഡിവിഡന്റ് ഇന്‍കം (ലാഭവിഹിതം) ആയിട്ടല്ല കണക്കാക്കുക. പകരം, സാധാരണ ഓഹരി വില്‍പ്പന പോലെ ക്യാപിറ്റല്‍ ഗെയിന്‍സ് (മൂലധന നേട്ടം) ആയിട്ടായിരിക്കും നികുതി ഈടാക്കുക. ഇതോടെ നികുതി ബാധ്യത കമ്പനികളില്‍ നിന്ന് ഓഹരി വില്‍ക്കുന്ന നിക്ഷേപകരിലേക്ക് മാറും.

ഓഹരികള്‍ 12 മാസത്തില്‍ കൂടുതല്‍ കൈവശം വെച്ച ശേഷമാണ് ബൈബാക്കില്‍ നല്‍കുന്നതെങ്കില്‍, അതില്‍ നിന്നുള്ള ലാഭത്തിന് 12.5 ശതമാനം നിരക്കില്‍ ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് നല്‍കണം.

വാങ്ങിയ ഓഹരികള്‍ 12 മാസത്തിനുള്ളിലാണ് ബൈബാക്ക് വഴി വില്‍ക്കുന്നതെങ്കില്‍, ആ നേട്ടത്തിന് 20 ശതമാനം നിരക്കില്‍ ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഈടാക്കും.

ഈ പുതിയ നികുതി പരിഷ്‌കാരത്തോടെ, ബൈബാക്കില്‍ പങ്കെടുക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഇടയില്‍ മുന്‍പുണ്ടായിരുന്ന നികുതി ആനുകൂല്യങ്ങളുടെ വ്യത്യാസം ഇല്ലാതാവുകയും സാധാരണ വിപണിയിലെ ഓഹരി വില്‍പ്പനയ്ക്ക് തുല്യമായി ഇത് മാറുകയും ചെയ്യും.

സമയപരിധി വെട്ടിച്ചുരുക്കി

ചില്ലറ നിക്ഷേപകര്‍ക്ക് (Retail Investors) ബൈബാക്ക് കാലയളവില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി ഓഹരികള്‍ എളുപ്പത്തില്‍ വില്‍ക്കാന്‍ സാധിക്കും. പത്രങ്ങളിലെ പരസ്യങ്ങള്‍ക്ക് പുറമെ, ഓഹരി ഉടമകള്‍ക്ക് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയും ബൈബാക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ സെബി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബൈബാക്ക് പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സെബി വന്‍തോതില്‍ വെട്ടിച്ചുരുക്കി എന്നതാണ് ഏറ്റവും വലിയ മാറ്റം. മുന്‍പ് കമ്പനികള്‍ക്ക് ഇതിനായി ആറ് മാസം വരെ സമയം ലഭിച്ചിരുന്നു. എന്നാല്‍ പുതിയ ചട്ടപ്രകാരം പൊതു പ്രഖ്യാപനം വന്ന് നാല് പ്രവൃത്തിദിനങ്ങള്‍ക്കകം ബൈബാക്ക് ഓഫര്‍ ആരംഭിക്കണം. ഓഫര്‍ തുടങ്ങി 66 പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുകയും വേണം.

എന്താണ് ഓഹരി ബൈബാക്ക്?

ഒരു കമ്പനി വിപണിയില്‍ നിന്ന് സ്വന്തം ഓഹരികള്‍ വിലകൊടുത്തു തിരികെ വാങ്ങുന്നതിനെയാണ് 'ബൈബാക്ക്' (Buyback) എന്ന് പറയുന്നത്. സാധാരണയായി, ഒരു കമ്പനിയുടെ ഓഹരി വില അതിന്റെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ കുറവാണെന്ന് മാനേജ്മെന്റിന് തോന്നുമ്പോഴാണ് അവര്‍ ഈ തീരുമാനമെടുക്കുന്നത്. കമ്പനിയുടെ ബിസിനm് മികച്ചതാണെന്നും ഭാവിയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകുമെന്നുമുള്ള മാനേജ്മെന്റിന്റെ ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ ദീര്‍ഘകാല നിക്ഷേപകര്‍ ഇതിനെ വളരെ നല്ലൊരു സൂചനയായിട്ടാണ് കാണുന്നത്.

ബൈബാക്ക് നടക്കുമ്പോള്‍ വിപണിയിലുള്ള ആകെ ഓഹരികളുടെ എണ്ണം കുറയുന്നു. ഇത് കമ്പനിയുടെ 'പ്രതിയോഹരി വരുമാനം' (Earnings Per Share) വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിപണിയില്‍ ഓഹരികള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതിനാല്‍ വില ഇടിഞ്ഞുപോകാതെ നില്‍ക്കാന്‍ ഇത് വലിയൊരു പിന്തുണ നല്‍കും. പുതിയതായി പണം മുടക്കാതെ തന്നെ നിലവിലുള്ള നിക്ഷേപകരുടെ കമ്പനിയിലെ ഉടമസ്ഥതാ വിഹിതം കൂടുമെന്നതും, ഭാവിയില്‍ കൂടുതല്‍ ലാഭവിഹിതം (Dividend) ലഭിക്കാന്‍ സാധ്യതയുണ്ടെന്നതും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് നേട്ടമാണ്.

ഒരു കമ്പനി രണ്ട് രീതിയിലാണ് പ്രധാനമായും ബൈബാക്ക് നടത്താറുള്ളത്: ഒന്ന് ടെന്‍ഡര്‍ ഓഫര്‍ (Tender Offer) വഴി, രണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് (Open Market) വഴി.

ഓപ്പണ്‍ മാര്‍ക്കറ്റ് ബൈബാക്ക്

ഒരു കമ്പനി പ്രത്യേക അപേക്ഷകള്‍ ക്ഷണിക്കാതെ, സാധാരണ നിക്ഷേപകരെപ്പോലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നേരിട്ട് സ്വന്തം ഓഹരികള്‍ വാങ്ങുന്ന രീതിയാണിത്. വിപണിയിലെ സാധാരണ ട്രേഡിംഗിനിടയിലാണ് കമ്പനി ഇത് നടത്തുന്നത്. സെബിയുടെ (SEBI) കര്‍ശനമായ സുതാര്യത ഉറപ്പാക്കല്‍ നിയമങ്ങള്‍ പ്രകാരം, ഓപ്പണ്‍ മാര്‍ക്കറ്റ് ബൈബാക്കുകള്‍ പരമാവധി 66 ദിവസത്തിനുള്ളില്‍ കമ്പനികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ, ബൈബാക്കിനായി മാറ്റിവെച്ചിരിക്കുന്ന ആകെ തുകയുടെ കുറഞ്ഞത് 40 ശതമാനമെങ്കിലും ഓഹരികള്‍ വാങ്ങാന്‍ കമ്പനി നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണമെന്നും നിയമമുണ്ട്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓഹരി ബൈബാക്കുകള്‍ പെട്ടെന്നുള്ള ലാഭത്തിനുള്ള അവസരമായി കാണാതെ കൃത്യമായ നിക്ഷേപ തീരുമാനമായി വിലയിരുത്തണമെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കമ്പനികള്‍ പ്രഖ്യാപിക്കുന്ന ബൈബാക്ക് വില നിലവിലെ മാര്‍ക്കറ്റ് വിലയുമായും നമ്മള്‍ ഓഹരി വാങ്ങിയ ചെലവുമായും താരതമ്യം ചെയ്ത് ലാഭകരമാണോ എന്ന് ആദ്യം ഉറപ്പുവരുത്തണം. കൂടാതെ, കമ്പനിയുടെ ക്യാഷ് ഫ്‌ളോ, കടബാധ്യതകള്‍, ലാഭക്ഷമത തുടങ്ങിയ അടിസ്ഥാന ഘടകങ്ങളും (Fundamentals) പരിശോധിക്കേണ്ടതുണ്ട്. നികുതി കിഴിച്ചുള്ള യഥാര്‍ത്ഥ വരുമാനം എത്രയെന്ന് കണക്കാക്കി വേണം നിക്ഷേപകര്‍ ബൈബാക്കുകളില്‍ പങ്കാളികളാകാന്‍.

SEBI has notified rules to reintroduce open-market share buybacks through stock exchanges effective August 1, 2026, shifting the tax burden to participating shareholders.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT