Markets

മ്യൂച്വൽ ഫണ്ട് ഫോളിയോക്കായി ഏകീകൃത മാനദണ്ഡങ്ങൾ, പൊതുജനങ്ങളില്‍ നിന്ന് സെബി അഭിപ്രായം തേടുന്നു

സെബിയുടെ വെബ്‌സൈറ്റിൽ പ്രവേശിച്ച് വെബ്-ബേസ്ഡ് ഫോം വഴി നിർദ്ദേശത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സമർപ്പിക്കാവുന്നതാണ്

Dhanam News Desk

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുന്നതിനായി, മ്യൂച്വൽ ഫണ്ട് ഫോളിയോ തുറക്കുന്നതിനും ആദ്യ നിക്ഷേപം നടത്തുന്നതിനുമുള്ള പ്രക്രിയകൾ ഏകീകരിക്കാനുളള (standardise the process) നിര്‍ദേശങ്ങളില്‍ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചു. നവംബർ 14 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം

പ്രധാന ലക്ഷ്യം KYC പാലിക്കൽ

പുതിയ നിർദ്ദേശത്തിൻ്റെ പ്രധാന ലക്ഷ്യം, ഓരോ പുതിയ ഫോളിയോയും പൂർണ്ണമായും 'നോ യുവർ ക്ലയൻ്റ്' (KYC) കൃത്യമാണെന്ന് ഉറപ്പുവരുത്തുക എന്നതാണ്. നിലവിലെ രീതി അനുസരിച്ച്, അസറ്റ് മാനേജ്‌മെൻ്റ് കമ്പനികൾ (AMC) നിക്ഷേപം സ്വീകരിക്കുന്നതിനൊപ്പം തന്നെ കെവൈസി വെരിഫിക്കേഷനായി രേഖകൾ KYC രജിസ്‌ട്രേഷൻ ഏജൻസിക്ക് (KRA) സമർപ്പിക്കുകയാണ് പതിവ്. കെ.ആർ.എ പരിശോധനയിൽ പിന്നീട് അപാകതകൾ കണ്ടെത്തുകയാണെങ്കിൽ, ഫോളിയോ നോൺ-കംപ്ലയന്റ് (non-compliant) ആവുകയും നിക്ഷേപകന് ഇടപാടുകൾ നടത്താൻ കഴിയാതെ വരികയും ചെയ്യും. ഇത് നിക്ഷേപകർക്കും എഎംസികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുകയും ക്ലെയിം ചെയ്യപ്പെടാത്ത ഫണ്ടുകൾ വർധിക്കാൻ കാരണമാകുകയും ചെയ്യുന്നു.

പരിഹാരം

ഈ പ്രശ്നം പരിഹരിക്കുന്നതിനായി, കെ.ആർ.എ പരിശോധന പൂർത്തിയാക്കി ഫോളിയോ 'കംപ്ലയന്റ്' എന്ന് രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ ആദ്യ നിക്ഷേപം നടത്താൻ പാടുള്ളൂ എന്ന് സെബി നിർദ്ദേശിക്കുന്നു. കെവൈസി പ്രക്രിയയുടെ ഓരോ ഘട്ടത്തിലും രജിസ്റ്റർ ചെയ്ത ഇമെയിൽ വഴിയും മൊബൈൽ നമ്പർ വഴിയും നിക്ഷേപകരെ വിവരങ്ങൾ അറിയിക്കാനും എഎംസികൾക്ക് നിർദ്ദേശമുണ്ട്.

ഈ ഏകീകരണ പ്രക്രിയ മ്യൂച്വൽ ഫണ്ട് നിക്ഷേപം കൂടുതൽ സുഗമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെബിയുടെ വെബ്‌സൈറ്റിൽ പബ്ലിക് കമന്റ്സ് വിഭാഗത്തിന് കീഴിൽ ലഭ്യമായ വെബ്-ബേസ്ഡ് ഫോം വഴി ഈ നിർദ്ദേശത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സമർപ്പിക്കാവുന്നതാണ്.

SEBI seeks comments from public to standardise mutual fund folio opening.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT