ഓഹരി വിപണിയെ സംബന്ധിച്ച് നിക്ഷേപകര്‍ക്ക് 'ടിപ്പു'കള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയയിലെ ഉപദേശകര്‍ക്ക് സെബിയുടെ കടിഞ്ഞാണ്‍. വിപണിയില്‍ നിന്ന് വന്‍ ലാഭമുണ്ടാക്കാമെന്ന വാഗ്ദാനവുമായി ഫേസ്ബുക്കിലും മറ്റും വീഡിയോ കണ്ടന്റുമായി വരുന്ന അനധികൃത ഫിന്‍ഫ്‌ളുവന്‍സര്‍മാരെ നിയന്ത്രിക്കാനാണ് സെബി നടപടി തുടങ്ങിയത്.
കഴിഞ്ഞ ആറു മാസത്തിനിടെ ഇത്തരത്തിലുള്ള 70,000 സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൂട്ടിയതായി സെബി മെമ്പര്‍ ജി.അനന്തനാരായണന്‍ വ്യക്തിമാക്കി. നിക്ഷേപകരെ വഴി തെറ്റിക്കുന്നതും പണമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുമുള്ള ഇത്തരം കണ്ടന്റുകള്‍ കണ്ടെത്താന്‍ മൊബൈല്‍ കമ്പനികളുമായി ചേര്‍ന്നുള്ള ശ്രമങ്ങള്‍ സെബി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഓഹരി വിപണിയുടെ വിശ്വാസ്യതക്ക് ഭീഷണി ഉയര്‍ത്തുന്ന രീതിയിലാണ് ഇത്തരം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. നിക്ഷേപകരില്‍ 82 ശതമാനം പേരും ഇത്തരത്തിലുള്ള സോഷ്യല്‍മീഡിയ കണ്ടന്റുകളുടെ സ്വാധീനത്തില്‍ നിക്ഷേപ ശൈലി സ്വീകരിക്കുന്നവരാണ്.
വിപണിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ 2 ശതമാനം പേര്‍ മാത്രമാണ് സെബി അംഗീകാരമുള്ളവര്‍. ഈ മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അനന്തനാരായണന്‍ പറഞ്ഞു.
ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് കടന്നു വരുന്ന നിക്ഷേപകരുടെ എണ്ണം വര്‍ധിക്കുന്നത് ഇത്തരം സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേര്‍മാര്‍ക്ക് ഗുണമാകുന്നുണ്ടെന്നാണ് സെബി വിലയിരുത്തുന്നത്. ആഭ്യന്തര നിക്ഷേപകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്.
ഓഹരികളില്‍ നേരിട്ടും മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 16 ലക്ഷം കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം നടന്നിട്ടുണ്ട്. മൊത്ത വിദേശ നിക്ഷേപത്തിന്റെ 10 മടങ്ങ് കൂടുതലാണിത്.
ലിസ്റ്റഡ് കമ്പനികളുടെ വിവരങ്ങള്‍ ഓഹരി ഉടമകള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സെബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള സമയപരിധി ജൂലൈ 1 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ ഇത് ഏപ്രില്‍ 1 ആയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine