നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻ.എസ്.ഇ) അടിസ്ഥാന ഓഹരി സൂചികകളുടെ (Benchmark Indices) അർധ വാർഷിക പുനഃസംഘടന അഥവാ റീബാലൻസിങ് വെള്ളിയാഴ്ച (2026 മാർച്ച് 27) നടക്കും. എൻ.എസ്.ഇ.യുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി-50യുടെ ഭാഗമായി നിലവിലെ ഇൻഡ്ക്സ് ഓഹരികളെ മാറ്റാൻ സാധ്യതയില്ലെങ്കിലും അവയുടെ വെയിറ്റേജിൽ ചില മാറ്റങ്ങൾ വരാമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
എന്നാൽ എൻ.എസ്.ഇ.യുടെ മറ്റ് ഓഹരി സൂചികകളായ നിഫ്റ്റി നെക്സ്-50, നിഫ്റ്റി മിഡ് ക്യാപ്-150, നിഫ്റ്റി സ്മോൾ ക്യാപ്-250 തുടങ്ങിയവയിൽ ഇൻഡക്സ് ഓഹരികളുടെ കാര്യമായ അഴിച്ചുപണി ഉണ്ടായേക്കാമെന്നും വിപണി വിദഗ്ധർ സൂചിപ്പിച്ചു. വെള്ളിയാഴ്ച അരങ്ങേറുന്ന റീബാലൻസിങ്ങിൽ സംഭവിക്കുന്ന മാറ്റങ്ങൾ, മാർച്ച് 30ന് പ്രാബല്യത്തിലാകും (മാർച്ച് 31 മഹാവീർ ജയന്തി കാരണം അവധിയാണ്.)
പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങൾ
വിവിധ സെക്ടറുകളിൽ നിന്നും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട്, ഇന്ത്യയിലെ 50 മുൻനിര ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ നിഫ്റ്റി-50 സൂചികയിലേക്ക് പുതിയതായി ഓഹരികളെ ചേർക്കുകയോ നിലവിലുള്ള ഏതെങ്കിലും ഓഹരികളെ മാറ്റുകയോ ചെയ്യാൻ സാധ്യതയില്ല. എന്നിരുന്നാലും സൂചികയുടെ ഭാഗമായ ഓഹരികളുടെ (Index Stocks) വെയിറ്റേജിൽ മാറ്റമുണ്ടായേക്കും.
ഇതിൽ ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ് തുടങ്ങിയ നിഫ്റ്റി ഇൻഡക്സ് ഓഹരികളുടെ വെയിറ്റേജ് വർധിക്കും. മറുവശത്ത് എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ലാർസൺ & ട്യൂബ്രോ (L&T), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ഇൻഫോസിസ് ഉൾപ്പെടെയുള്ള 15 നിഫ്റ്റി ഓഹരികളിലാകും വെയിറ്റേജ് കുറയുക.
അതേസമയം നിഫ്റ്റി-50യിൽ വെയിറ്റേജ് വർധിക്കുന്നതോടെ ഭാരതി എയർടെൽ ഓഹരിയിലേക്ക് 24.6 കോടി ഡോളർ (ഏകദേശം 2,400 കോടി രൂപ) നിക്ഷേപം പാസീവ് ഫണ്ടുകളിൽ നിന്നും വരുമെന്നാണ് നിഗമനം. അതുപോലെ ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ് തുടങ്ങിയ ഇൻഡക്സ് ഓഹരികളിലേക്ക് 20 ലക്ഷം ഡോളറിന്റെ (ഏകദേശം 20 കോടി രൂപ) വീതം പാസീവ് ഫണ്ടുകളിൽ നിന്നും നിക്ഷേപം എത്തുമെന്നാണ് അനലിസ്റ്റുകളുടെ അനുമാനം.
എൻ.എസ്.ഇ.യിലെ ബാങ്ക് വിഭാഗം ഓഹരി സൂചികയായ ബാങ്ക് നിഫ്റ്റിയിൽ, നേരത്തെ നിർദേശിച്ചിട്ടുളളതിന്റെ ഭാഗമായി സൂചികയുടെ സമ്പ്രദായത്തിൽ വരുത്തുന്ന നാലാമത്തെയും അവസാനത്തേയുമായ മാറ്റങ്ങളും വെള്ളിയാഴ്ച നടപ്പാക്കും. ഇതിന്റെ ഭാഗമായി ബാങ്ക് നിഫ്റ്റി സൂചികയുടെ ഭാഗമായ 10 ബാങ്ക് ഓഹരികളുടെ വെയിറ്റേജ് വർധിക്കും. നാല് ബാങ്ക് ഓഹരികളുടെ സൂചികയിലെ വെയിറ്റേജ് താഴും.
ഇതിൽ യെസ് ബാങ്ക്, യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കാനറ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇൻസിൻഡ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, എ.യു സ്മോൾ ഫിനാൻസ് ബാങ്ക്, പി.എൻ.ബി എന്നിവയുടെ വെയിറ്റേജ് വർധിക്കും. മറുവശത്ത് എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ആക്സിസ് ബാങ്ക് എന്നിവയുടെ ബാങ്ക് നിഫ്റ്റി സൂചികയിലെ വെയിറ്റേജ് താഴും.
വെയിറ്റേജ് വർധിക്കുന്ന ഓഹരികൾ: ടാറ്റ മോട്ടോഴ്സ്, കമ്മിൻസ് ഇന്ത്യ, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്മെന്റ് കമ്പനി, മുത്തൂറ്റ് ഫിനാൻസ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ ക്യാപിറ്റൽ.
വെയിറ്റേജ് കുറയുന്ന ഓഹരികൾ: ഐ.സി.ഐ.സി.ഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്, ഇൻഫോ എഡ്ജ് (ഇന്ത്യ), ഹാവെൽസ് ഇന്ത്യ, ജെ.എസ്.ഡബ്ല്യു. എനർജി, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി), ബജാജ് ഹൗസിംഗ് ഫിനാൻസ്.
വെയിറ്റേജ് കൂടുന്ന പ്രധാനപ്പെട്ട 5 ഓഹരികൾ: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എം.സി.എക്സ്), ഐ.സി.ഐ.സി.ഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്, ലോറസ് ലാബ്, ഇൻഫോ എഡ്ജ് (ഇന്ത്യ), ഹാവെൽസ് ഇന്ത്യ.
ഒഴിവാക്കുന്ന പ്രധാനപ്പെട്ട 5 ഓഹരികൾ: കമ്മിൻസ് ഇന്ത്യ, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്മെന്റ് കമ്പനി, മുത്തൂറ്റ് ഫിനാൻസ്, യൂണിയൻ ബാങ്ക്, സോന ബി.എൽ.ഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്സ്.
സൂചികകളിൽ റീബാലൻസിങ് നടക്കുമ്പോൾ അതിന്റെ ഭാഗമായിരുന്ന ഓഹരികളിലേക്ക് പുതിയതായി പാസിവ് ഫണ്ടുകളിൽ നിന്നും നിക്ഷേപം എത്തിച്ചേരും. അതുപോലെ സൂചികയിൽ നിന്നും ഒഴിവാക്കപ്പെടുന്ന ഓഹരികളിൽ നിന്ന് നിക്ഷേപം പിൻവലിക്കപ്പെടുകയും ചെയ്യാം. അതിനാൽ സൂചികകളുടെ റിബാലൻസിങ് നടക്കുമ്പോൾ ഹ്രസ്വകാലയളവിൽ ഓഹരി വിലയിൽ ചാഞ്ചാട്ടം അനുഭവപ്പെടാം. ഉയർന്ന ട്രേഡിങ് വോളിയം രേഖപ്പെടുത്താം. ആർബിട്രേജ് ട്രേഡിങ്ങിനുള്ള അവസരം ലഭിക്കാം.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine