രാജ്യാന്തര പ്രതിസന്ധി മുതല്‍ കേന്ദ്ര ബജറ്റ് വരെയുള്ള കാരണങ്ങള്‍ ഓഹരിവിപണിക്ക് ഇന്ന് പ്രതിസന്ധിയുടെ ദിനം സമ്മാനിച്ചു. സെന്‍സെക്‌സ് 769.66 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി താഴ്ന്നത് 241.25 പോയിന്റാണ്. സെന്‍സെക്‌സ് ക്ലോസിംഗ് 81,537.70ലാണ്. നിഫ്റ്റിയാകട്ടെ 25,048.65ലും.
നിക്ഷേപക സമ്പത്തില്‍ ഇന്ന് മാത്രം 6 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 458.5 ലക്ഷം കോടി രൂപയില്‍ നിന്ന് 452 ലക്ഷം കോടി രൂപയായി താഴ്ന്നു.
രൂപയുടെ വീഴ്ച: ഡോളറിനെതിരേ രൂപയുടെ വീഴ്ച വിപണിക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്. 91.99 വരെ രൂപ ഇന്ന് താഴ്ന്നിരുന്നു. ഇത് വിപണിയെയും സ്വാധീനിച്ചു.
വിദേശ വില്പന: വിദേശ നിക്ഷേപകര്‍ വില്പന മൂഡില്‍ തന്നെയാണ്. പുതുവര്‍ഷം തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റഴിച്ചത് 36,500 കോടി രൂപയുടെ ഓഹരികള്‍.
മൂന്നാംപാദ ഫലങ്ങള്‍: പ്രതീക്ഷിച്ചത്ര പോസിറ്റീവല്ല ഡിസംബര്‍ പാദഫലങ്ങള്‍. പല കമ്പനികളുടെയും ലാഭത്തില്‍ ഇടിവുണ്ടായി. പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കിയതു വഴി വന്ന ചെലവ് ലാഭത്തില്‍ ഇടിവുണ്ടാക്കാന്‍ ഒരു കാരണമായി. എന്നിരുന്നാലും വിപണിയുടെ സെന്റിമെന്‍സ് നെഗറ്റീവ് രീതിയിലാണ് ഇതിനെ എടുത്തത്.
ബജറ്റ് മുന്‍കരുതല്‍: ബജറ്റില്‍ രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കാനും വിദേശ നിക്ഷേപം കൂടുതല്‍ വേഗത്തിലാക്കാനുമുള്ള പ്രഖ്യാപനങ്ങള്‍ വരുമെന്ന് സൂചനയുണ്ട്. എന്നിരുന്നാല്‍ തന്നെയും വിപണി മുന്‍കരുതലിലാണ്. ബജറ്റ് വരെ കാത്തിരിക്കാമെന്ന മനോഭാവത്തിലേക്ക് നിക്ഷേപകര്‍ മാറിയിരിക്കുന്നു.
ആഗോള സംഘര്‍ഷങ്ങള്‍: ആഗോളതലത്തില്‍ പുതിയ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നുവരുന്നു. ഗ്രീന്‍ലാന്‍ഡ് വിഷയത്തിന് പിന്നാലെ ഇറാനെതിരായ യുഎസ് നീക്കങ്ങളും വിപണിക്ക് ഭീഷണിയായി.
Read DhanamOnline in English
Subscribe to Dhanam Magazine