chatgpt and canva
Markets

7 ദിവസം 6,400 പോയിന്റ് കുതിപ്പ്, ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ടോപ് ഗിയറില്‍; കുതിപ്പിന് 5 കാരണങ്ങള്‍

ശക്തവും ശരിയായ പാതയിലുമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മുന്നോട്ടു പോകുന്നതെന്ന് നിക്ഷേപക സ്ഥാപനങ്ങള്‍ പറയുന്നു

Dhanam News Desk

തുടര്‍ച്ചയായി തിരിച്ചടികള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ അതിവേഗ കുതിപ്പിലാണ്. ഒരുഘട്ടത്തില്‍ വിപണിയില്‍ നിന്ന് വിട്ടുപോയ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും നാലാംപാദത്തില്‍ കമ്പനികളുടെ പ്രകടനം മെച്ചപ്പെടുമെന്ന വിലയിരുത്തലുകളും വിപണിയുടെ കുതിപ്പില്‍ നിര്‍ണായകമായിട്ടുണ്ട്.

അവസാന ഏഴു ദിനത്തില്‍ സെന്‍സെക്‌സ് 6,400 പോയിന്റില്‍ അധികമാണ് ഉയര്‍ന്നത്. 8.7 ശതമാനത്തിന്റെ വര്‍ധന. നിഫ്റ്റിയാകട്ടെ 8.8 ശതമാനത്തോടെ 1,960 പോയിന്റും മുന്നേറി. ഒരാഴ്ച്ച കൊണ്ട് നിക്ഷേപകരുടെ സമ്പത്തില്‍ 35 ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്.

താരിഫ് യുദ്ധവും ആഗോള വിപണികളിലെ സമ്മിശ്ര പ്രകടനവും പ്രതിസന്ധിയായിട്ടും ഇന്ത്യന്‍ വിപണിയുടെ ഉണര്‍വിന് കാരണമെന്തൊക്കെയാണെന്ന് പരിശോധിക്കാം.

താരിഫിലെ മൃദുനയം

ആഗോള താരിഫ് യുദ്ധത്തിന് വഴിമരുന്നിട്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കങ്ങള്‍ക്ക് വേഗത കുറച്ചത് ഇന്ത്യന്‍ വിപണിക്കും ഗുണകരമായി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു മേല്‍ ചുമത്തിയ ഉയര്‍ന്ന താരിഫ് ഈടാക്കുന്നത് 90 ദിവസത്തേക്ക് വൈകിപ്പിച്ചതും വിപണിക്ക് ഗുണം ചെയ്തു. ചൈനയോടുള്ള നിലപാട് കടുപ്പിച്ചതിന്റെ ഗുണഫലം അനുഭവിക്കുന്നതും ഇന്ത്യയിലെ നിക്ഷേപകരാണ്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിറ്റൊഴിവാക്കി ചൈനീസ് വിപണിയിലേക്ക് പോയ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിനാണ് പുതിയ സംഭവങ്ങള്‍ വഴിവച്ചത്.

യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെ സ്ഥാനത്തു നിന്ന് പുറത്താക്കിയേക്കുമെന്ന ആശങ്കകള്‍ ഒഴിഞ്ഞതും ശുഭസൂചനയായിട്ടാണ് വിപണി കാണുന്നത്. പവലിനെ പുറത്താക്കുന്നത് തന്റെ അജന്‍ഡയിലില്ലെന്നാണ് ട്രംപിന്റെ വാദം. മറ്റ് വിപണികളുടെ ഉണര്‍വിന് യു.എസ് മാര്‍ക്കറ്റിലെ ചലനങ്ങള്‍ അതിനിര്‍ണായകമായതിനാല്‍ ട്രംപിന്റെ പ്രസ്താവനകള്‍ പോസിറ്റീവായിട്ടാണ് നിക്ഷേപകര്‍ കാണുന്നത്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉണര്‍വ്

ശക്തവും ശരിയായ പാതയിലുമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മുന്നോട്ടു പോകുന്നതെന്ന് നിക്ഷേപക സ്ഥാപനങ്ങള്‍ പറയുന്നു. നിക്ഷേപകരിലേക്കും ഈ പോസിറ്റീവ് മനോഭാവം വളര്‍ന്നിട്ടുണ്ട്. ട്രംപിന്റെ താരിഫ് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് വലിയ കേടുപാടുണ്ടാകില്ലെന്ന വിലയിരുത്തലും വിപണിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

യു.എസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി താരതമ്യേന കുറവാണ്. ചൈനയുടെ കാര്യം നേരെ മറിച്ചാണ്. ചൈനയുടെ നഷ്ടങ്ങള്‍ ഇന്ത്യയ്ക്ക് നേട്ടമാകുന്ന തരത്തിലാണ് താരിഫ് യുദ്ധവും. ക്രൂഡ് ഓയില്‍ വില താഴ്ന്നു നില്‍ക്കുന്നതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അനുഗ്രഹമാകുന്നു.

അന്താരാഷ്ട്ര നാണയനിധി (International Monetary Fund) ഇന്ത്യയുടെ വളര്‍ച്ച 6.5 ശതമാനത്തില്‍ നിന്ന് 6.2 ലേക്ക് താഴ്ത്തിയെങ്കിലും മറ്റ് വലിയ സമ്പദ്‌വ്യവസ്ഥകളേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച പ്രവചിക്കുന്നു. രാജ്യത്ത് ഉപഭോഗം വര്‍ധിക്കുമെന്ന വിലയിരുത്തലുകളും വിപണിക്കും ഉണര്‍വേകുന്നു.

നാലാംപാദത്തിലെ വളര്‍ച്ച

രാജ്യത്ത് ഒട്ടുമിക്ക കമ്പനികള്‍ക്കും അത്ര സുഖകരമായിരുന്നില്ല ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദ ഫലങ്ങള്‍. എഫ്.എം.സി.ജി കമ്പനികളുടെ വരുമാനത്തിലും ലാഭത്തിലും ഇടിവുണ്ടായത് ജനങ്ങളുടെ കൈയില്‍ പണമില്ലെന്ന സൂചനകളാണ് നല്കിയത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്ന ധാരണ പടര്‍ത്താനും ഇത് ഇടയാക്കി. എന്നാല്‍ നാലാംപാദത്തില്‍ ഒട്ടുമിക്ക സെക്ടറുകളിലും ഉണര്‍വ് പ്രകടമാണ്. ഇത് പാദഫലങ്ങളില്‍ തെളിയുമെന്ന് വിപണി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

മികച്ച കാലവര്‍ഷം

ഈ വര്‍ഷം രാജ്യത്ത് മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന കാലാവസ്ഥ പ്രവചനങ്ങളും വിപണിക്ക് നല്‍കുന്ന ഉത്തേജനം ചെറുതല്ല. ഗ്രാമീണ തലത്തില്‍ വില്പന വര്‍ധിക്കാനും ഉപഭോഗം കൂടാനും മണ്‍സൂണ്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഗ്രാമീണ മേഖലയില്‍ ഉപയോക്താക്കളുടെ വാങ്ങലിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് കാലവര്‍ഷമാണ്.

Indian stock market surges 6,400 points in 7 days driven by foreign investment return, strong economic signals, and global market factors

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT