അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ വിപണി ചാഞ്ചാട്ടത്തിലായെങ്കിലും വ്യാപാരാന്ത്യം നേട്ടത്തിലായി. ആഗോള വ്യാപാര തര്‍ക്കങ്ങള്‍ക്ക് അയവ് വന്നു, യു.കെയുമായി സ്വതന്ത്ര്യ വ്യാപാര കരാറില്‍ ഏര്‍പ്പെട്ടു, വിദേശനിക്ഷേപകര്‍ കൂടുതലായി വാങ്ങലുകാരായി എന്നിവയാണ് പ്രധാന കാരണം. കഴിഞ്ഞ 14 ദിവസത്തിനിടെ 43,940 കോടി രൂപയാണ് വിദേശനിക്ഷേപകര്‍ ഇന്ത്യയിലെത്തിച്ചത്.
ചെറിയ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച വിപണി അധികം താമസിയാതെ കരകയറി. ഓട്ടോ, റിയല്‍റ്റി, മെറ്റല്‍ സെക്ടറുകള്‍ ലാഭത്തിലായതോടെ വിപണി ഉച്ചയോടെ ലാഭത്തിലായി. മുഖ്യസൂചികയായ സെന്‍സെക്‌സ് 123.15 പോയിന്റുകള്‍ (0.15 ശതമാനം) നേട്ടത്തില്‍ 80,746.78 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.സിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 421 ലക്ഷം കോടി രൂപയില്‍ നിന്നും 423 ലക്ഷം കോടി രൂപയായി. ഒറ്റദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ലാഭം.
ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ പ്രത്യാക്രമണമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്ന ദിവസമായിരുന്നു ഇന്ന്. അതിര്‍ത്തി രാജ്യവുമായി യുദ്ധസമാന സാഹചര്യമുണ്ടായിട്ടും വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ ഇന്നും വാങ്ങലുകാരായി. തുടര്‍ച്ചയായ പതിനാലാമത്തെ ദിവസമാണ് വിദേശികള്‍ വാങ്ങലുകാരായി തുടരുന്നത്. ആഗോള വ്യാപാര യുദ്ധത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഇന്ത്യ നേട്ടമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വിദേശികളെ പിടിച്ചുനിര്‍ത്തുന്നത്. യു.കെയുമായി സ്വതന്ത്ര്യ വ്യാപാര കരാറിലെത്തിയ ഇന്ത്യ അടുത്ത് തന്നെ യു.എസുമായും വ്യാപാര കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണം ഭീകരരെ മാത്രം ലക്ഷ്യമിട്ടാണെന്നും സംഘര്‍ഷം തുടരാന്‍ ഉദ്ദേശിച്ചല്ലെന്നുമാണ് വിപണിയുടെ വിലയിരുത്തല്‍. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ വിപണിക്കും ആശങ്കയുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇതിന്റെ അലയൊലികള്‍ വിപണിയില്‍ അങ്ങിങ്ങ് പ്രകടമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ വിപണിയില്‍ കാര്യമായ നഷ്ടമുണ്ടാകാന്‍ ഇടയില്ലെന്നും നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. വിപണിയില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
മികച്ച നാലാം പാദ ഫലങ്ങള്‍ക്ക് പിന്നാലെ നേട്ടത്തിലായ വണ്‍97 കമ്യൂണിക്കേഷന്‍സ് ഓഹരികളാണ് ഇന്നത്തെ താരം. ഫിന്‍ടെക് രംഗത്തുള്ള പേടിഎമ്മിന്റെ മാതൃകമ്പനിയാണിത്. നാലാം പാദ റിസള്‍ട്ടിന് പിന്നാലെ നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൂടി പ്രഖ്യാപിച്ചതോടെ ബി.എസ്.ഇ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ബ്രസീലിയന്‍ വാഹന ഘടക നിര്‍മാതാവിനെ ഏറ്റെടുക്കുമെന്ന വാര്‍ത്തയാണ് സംവര്‍ധന മദേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (എസ്.എം.ഐ.എല്‍) ഓഹരികള്‍ക്ക് നേട്ടമായത്. വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തെ സ്വതന്ത്രമാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന ടാറ്റ മോട്ടോഴ്‌സ് ഓഹരികളും ഇന്ന് ലാഭക്കണക്കില്‍ മുന്നിലെത്തി. ഇന്ത്യ-യു.കെ സ്വതന്ത്ര്യ വ്യാപാര കരാറും വാഹന ഓഹരികള്‍ക്ക് സഹായമായി.
കുറച്ച് ദിവസത്തെ റാലിക്ക് ശേഷം ഇന്ന് വിശ്രമിച്ച പ്രതിരോധ ഓഹരികളാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. ഭാരത് ഡൈനാമിക്‌സ്, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡിംഗ് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. നാലാം പാദഫലങ്ങള്‍ക്ക് പിന്നാലെ ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളെയും ഉടമസ്ഥാവകാശം മാറുമെന്ന വാര്‍ത്തകള്‍ സ്വിഗി ഓഹരികളെയും നഷ്ടത്തിലാക്കി.
5 ശതമാനം നേട്ടമുണ്ടാക്കി അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികളാണ് വിപണിയിലെ ഇന്നത്തെ താരം. കിംഗ്‌സ് ഇന്‍ഫ്ര, കല്യാണ്‍ ജുവലേഴ്‌സ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, അപ്പോളോ ടയേഴ്‌സ് എന്നീ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. വണ്ടര്‍ലാ ഹോളിഡേയ്‌സ്, വെര്‍ടെക്‌സ് സെക്യൂരിറ്റീസ്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, പ്രൈമ അഗ്രോ, ആഡ്‌ടെക് സിസ്റ്റംസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.
Despite rising India-Pakistan tensions, Sensex rose 105 points and Nifty crossed 24,400, showing investor confidence and FII support.
Read DhanamOnline in English
Subscribe to Dhanam Magazine