Markets

ഉച്ചയ്ക്ക് ശേഷം വിപണിക്ക് പെട്ടെന്നൊരു ഉണര്‍വ്, സെന്‍സെക്‌സ്‌ ഉയര്‍ന്നത് 900 പോയിന്റ് വരെ, പൊടുന്നനെയുള്ള മനം മാറ്റം എന്തുകൊണ്ട്?

യഥാര്‍ത്ഥ സുഹൃത്തുക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം, എന്നാല്‍ അവസാനം അവര്‍ അവ പരിഹരിക്കുക തന്നെ ചെയ്യുമെന്ന് നിയുക്ത യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍

Dhanam News Desk

തുടക്കത്തിലെ തളര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണി മികച്ച തിരിച്ചു വരവ് നടത്തുന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ താഴ്ന്ന നിലവാരത്തില്‍ നിന്ന് സെന്‍സെക്സ് 900 പോയിന്റിലധികം ഉയര്‍ന്നു. നിലവില്‍ സെന്‍സെക്സ് 83,700 നിലവാരത്തിലും നിഫ്റ്റി 25,750-ന് മുകളിലുമാണ് വ്യാപാരം തുടരുന്നത്.

പ്രസ്താവന കരുത്തായി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് നിയുക്ത യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ നടത്തിയ അനുകൂല പരാമര്‍ശങ്ങളാണ് വിപണിയില്‍ ആവേശം പകര്‍ന്നത്. വാഷിംഗ്ടണിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയോളം പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്നും ഒരു വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഇരുപക്ഷവും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും സെര്‍ജിയോ ഗോര്‍ പറഞ്ഞു.

യഥാര്‍ത്ഥ സുഹൃത്തുക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം, എന്നാല്‍ അവസാനം അവര്‍ അവ പരിഹരിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സൗഹൃദത്തെ പരാമര്‍ശിച്ച് അദ്ദേഹം തന്റെ ആദ്യ പ്രസംഗത്തില്‍ വ്യക്തമാക്കി.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സെര്‍ജിയോ ഗോര്‍ വ്യക്തമാക്കിയതും വിപണിയില്‍ വലിയ ഉണര്‍വ് പ്രകടമാകാന്‍ കാരണമായി.

കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ആവേശം

ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ സൂചികകള്‍ നഷ്ടത്തിലായിരുന്നുവെങ്കിലും പിന്നീട് ശക്തമായ വാങ്ങല്‍ (Buying) ദൃശ്യമായി. ഐടി, ബാങ്കിംഗ് ഓഹരികളാണ് വിപണിയെ മുകളിലേക്ക് നയിക്കുന്നത്. മുന്‍നിര ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയും നേട്ടത്തിലാണ്.

കഴിഞ്ഞ ആഴ്ചയിലെ തുടര്‍ച്ചയായ അഞ്ച് വ്യാപാര സെഷനുകളിലുണ്ടായ ഇടിവിന് ശേഷം, ഓഹരികള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതും (Value Buying) വിപണിയുടെ തിരിച്ചു വരവിന് കരുത്തായി.

ലാഭമെടുപ്പ് (Profit Booking), വിദേശ ഫണ്ട് പുറത്തേക്കൊഴുകുന്നത് (FII Outflows), ഇന്ത്യന്‍ കയറ്റുമതിക്ക് മേല്‍ അമേരിക്ക കൂടുതല്‍ നികുതികള്‍ (Tariffs) ചുമത്തിയേക്കാമെന്ന ആശങ്ക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വ്യാപാര ദിവസങ്ങളിലായി ബിഎസ്ഇ സെന്‍സെക്സ് 2,185.77 പോയിന്റ് അഥവാ 2.54 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 645.25 പോയിന്റ് അഥവാ 2.45 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

ആഗോള വിപണികളില്‍ നിന്നുള്ള സമ്മിശ്ര സൂചനകള്‍ക്കിടയിലും ആഭ്യന്തര വിപണി കരുത്ത് കാട്ടുന്നത് ശുഭസൂചനയാണ്. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് വരും ദിവസങ്ങളിലും വിപണിയില്‍ പ്രതിഫലിച്ചേക്കാം. എങ്കിലും നിക്ഷേപകര്‍ ജാഗ്രത കൈവിടാതെ വിപണിയെ നിരീക്ഷിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT