Canva
Markets

ദലാല്‍ സ്ട്രീറ്റില്‍ വീണ്ടും ആവേശം, സെന്‍സെക്‌സ് 500 പോയിന്റ് ഉയര്‍ന്നു, നിക്ഷേപകര്‍ക്ക് 6 ലക്ഷം കോടിയുടെ നേട്ടം

ഐടി, ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് വിപണിയെ പ്രധാനമായും മുന്നോട്ട് നയിച്ചത്

Dhanam News Desk

ആഗോള വിപണികളിലെ ഉണര്‍വും ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ വാങ്ങല്‍ താല്പര്യവും ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തായി. ബി.എസ്.ഇ സെന്‍സെക്‌സ് ഇന്ന് ഏകദേശം 500 പോയിന്റോളം നേട്ടമുണ്ടാക്കി. ഇതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ 6 ലക്ഷം കോടി രൂപയുടെ വര്‍ധനവാണുണ്ടായത്.

വ്യാപാരത്തിനൊടുവില്‍ സെന്‍സെക്‌സ് 487.20 പോയിന്റ് (0.60 ശതമാനം) ഉയര്‍ന്ന് 82,344.68 ലും നിഫ്റ്റി 167.35 പോയിന്റ് (0.66 ശതമാനം) നേട്ടത്തോടെ 25,342.75 ലും ക്ലോസ് ചെയ്തു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.

ഐടി, ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് വിപണിയെ പ്രധാനമായും മുന്നോട്ട് നയിച്ചത്.

നിഫ്റ്റിയില്‍ ഭാരത് ഇലക്ട്രോണിക്‌സ് (BEL), ഒ.എന്‍.ജി.സി (ONGC), എറ്റേണല്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ടാറ്റ കണ്‍സ്യൂമര്‍, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുക്കി, മാക്‌സ് ഹെല്‍ത്ത് കെയര്‍, സണ്‍ ഫാര്‍മ എന്നിവ നഷ്ടം നേരിട്ടു.

ഫെഡറല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള 80ലധികം ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു.

എന്തുകൊണ്ട് ഈ മുന്നേറ്റം?

അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള അനുകൂല റിപ്പോര്‍ട്ടുകളും വരാനിരിക്കുന്ന പലിശ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച പ്രതീക്ഷകളും വിപണിയില്‍ ശുഭപ്രതീക്ഷ പകര്‍ന്നു. കൂടാതെ, വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും കുതിപ്പിന് കാരണമായി.

ഇന്ത്യ-ഇയു വ്യാപാര കരാറുമായി ബന്ധപ്പെട്ട ശുഭപ്രതീക്ഷകള്‍ ആഭ്യന്തര വിപണിയിലെ മുന്നേറ്റത്തിന് കരുത്തു പകര്‍ന്നു. ഇതിനു പുറമെ, ദുര്‍ബലമായ യുഎസ് ഡോളറും ആഗോള സൂചികകളിലെ അനുകൂല ചലനങ്ങളും വിപണിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായാണ് നിരീക്ഷകര്‍ പറയുന്നത്.

ഓഹരികളുടെ പ്രകടനം

മൂന്നാം പാദത്തില്‍ അറ്റാദായം 52 ശതമാനം വര്‍ധിച്ചതിനെത്തുടര്‍ന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഓഹരി വില 4.7 ശതമാനം ഉയര്‍ന്നു.

എംഐസി ഇലക്ട്രോണിക്‌സിന് 114 കോടി രൂപയുടെ കരാര്‍ ലഭിച്ചതോടെ ഓഹരി വിലയില്‍ 10 ശതമാനം വര്‍ധനവുണ്ടായി.

ആര്‍സെലര്‍ മിത്തലില്‍ (ArcelorMittal) നിന്ന് 248.5 മെഗാവാട്ടിന്റെ വിന്‍ഡ് പവര്‍ ഓര്‍ഡര്‍ സ്വന്തമാക്കിയതോടെ സുസ്ലോണ്‍ എനര്‍ജി ഓഹരികള്‍ 4.5 ശതമാനം നേട്ടമുണ്ടാക്കി.

പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തിയത് ഏഷ്യന്‍ പെയിന്റ്സ് ഓഹരി വില 4 ശതമാനം ഇടിവിലാക്കി.

മികച്ച മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടും വിശാല്‍ മെഗാ മാര്‍ട്ട് ഓഹരി വിലയില്‍ 3 ശതമാനം ഇടിവുണ്ടായി.

അറ്റാദായത്തില്‍ 36 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ ആര്‍പിജി ലൈഫ് സയന്‍സസ് ഓഹരികള്‍ 6 ശതമാനം താഴേക്ക് പോയി.

മെച്ചപ്പെട്ട പ്രവര്‍ത്തന ഫലം കാഴ്ചവെച്ചിട്ടും പിസി ജ്വല്ലര്‍ ഓഹരി വില 3.5 ശതമാനം കുറഞ്ഞു.

ബിക്കാജി ഫുഡ്സ് ലാഭത്തില്‍ 116 ശതമാനം കുതിച്ചുചാട്ടം നേടിയത് ഓഹരി വില 2 ശതമാനം ഉയര്‍ത്തി.

ഗോപാല്‍ സ്‌നാക്‌സ് ശക്തമായ സാമ്പത്തിക ഫലങ്ങളുടെ കരുത്തില്‍ 4 ശതമാനം നേട്ടമുണ്ടാക്കി.

ഹിന്ദുസ്ഥാന്‍ സിങ്കിന്റെ 6.7 കോടി ഓഹരികള്‍ ഒഎഫ്എസ് (OFS) വഴി വിറ്റഴിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് വേദാന്ത ഓഹരി വില 4 ശതമാനം ഉയര്‍ന്നു.

242.5 കോടി രൂപയുടെ കരാറില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയായി മാറിയതോടെ ആര്‍വിഎന്‍എല്‍ ഓഹരികള്‍ 6 ശതമാനം കുതിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT