Image : Canva 
Markets

ഏഴ് ഐ.പി.ഒകള്‍, ₹11,800 കോടിയുടെ സമാഹരണ ലക്ഷ്യം, പ്രാഥമിക ഓഹരി വിപണി തിരക്കിലാണ്

ഇന്ന് ഒറ്റ ദിവസം മാത്രം നാല് ഐ.പി.ഒകള്‍ നടക്കുന്നുണ്ട്.

Dhanam News Desk

പ്രാഥമിക ഓഹരി വിപണിക്ക് തിരക്കു പിടിച്ച ആഴ്ചയാണിത്. എഡ്‌ടെക് സ്ഥാപനമായ ഫിസിക്‌സ് വാല അടക്കം ഏഴ് കമ്പനികളാണ് പ്രാരംഭ ഓഹരി വില്‍പ്പനയുമായി ഈ ആഴ്ച ഓഹരി വിപണിയിലെത്തുന്നത്. ഇന്ന് ഒറ്റ ദിവസം മാത്രം നാല് ഐ.പി.ഒകള്‍ നടക്കുന്നുണ്ട്. ഏഴ് കമ്പനികള്‍ ചേര്‍ന്ന് ഏകദേശം 11,800 കോടി രൂപയാണ് വിപണിയില്‍ നിന്ന് സമാഹരിക്കുക.

ഫിസിക്‌സ് വാലയില്‍ തുടങ്ങി രണ്ട് എസ്.എം.ഇ ഐ.പി.ഒകളും

3,480 കോടി രൂപയുടെ സമാഹരണ ലക്ഷ്യവുമായി ഇറങ്ങുന്ന ഫിസിക്‌സ് വാല 103-109 രൂപയാണ് ഐ.പി.ഒയ്ക്ക് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ചെറുകിട നിക്ഷേപകര്‍ക്ക് 137 ഓഹരികളുടെ ഒരു ലോട്ടില്‍ നിക്ഷേപിക്കാം. പുതു ഓഹരികളിലൂടെ 3,100 കോടി രൂപയും നിലവിലുള്ള ഓഹരി ഉടമകളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി 380 കോടി രൂപയും സമാഹരിക്കാനാണ് ഉദദേശിക്കുന്നത്. നവംബര്‍ 13ന് ഐ.പി.ഒ അവസാനിക്കും. ഓഫ്‌ലൈന്‍ സെന്ററുകള്‍ തുടങ്ങുന്നതിനും ഉപകമ്പനികളില്‍ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുമാകും ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കുക.

എം.വി ഫോട്ടോവോള്‍ട്ടായിക് പവറിന്റെ ഐ.പി.ഒയും നവംബര്‍ 11 മുതല്‍ 13 വരെയാണ്. 2,900 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഐ.പി.ഒയില്‍ 2,143 കോടിയുടെ പുതു ഓഹരികളും ഉള്‍പ്പെടുന്നു. ഓഹരിക്ക് 206-217 രൂപയാണ് പ്രൈസ് ബാന്‍ഡ്. 69 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.

വര്‍ക്ക്‌മേറ്റ്‌സ് കോര്‍2ക്ലൗഡ്, മഹാമായ ലൈഫ് സയന്‍സസ് എന്നീ രണ്ട് എസ്.എം.ഇ ഐ.പി.ഒകളും നവംബര്‍ 11 മുതല്‍ 13 വരെ നടക്കുന്നുണ്ട്.

12 മുതല്‍ 14 വരെ നടക്കുന്ന ടെന്നികോ ക്ലീന്‍ എയര്‍ ഐ.പി.ഒയില്‍ പത്തു രൂപയുടെ ഓഹരിക്ക് 378 രൂപ മുതല്‍ 397 വരെയാണ് വില. കുറഞ്ഞത് 37 ഓഹരികളുടെ ഒരു ലോട്ടിന് അപേക്ഷിക്കാം. തുടര്‍ന്ന് 37ന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം. 3,600 കോടിയുടെ ഓഹരികളാണ് കമ്പനി ഐ.പി.ഒയില്‍ വിറ്റഴിക്കുക.

സൗരോര്‍ജ്ജ ഉത്പന്നങ്ങളും ഇന്‍വെര്‍ട്ടറുകളും ബാറ്ററികളും മറ്റും ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന ഫ്യൂജിയാമ സോളാര്‍ ഐ.പി.ഒയും 13ന് തുടങ്ങും. 828 കേടിയുടെ ഐ.പി.ഒയില്‍ 216-228 രൂപയാണ് പ്രൈസ് ബാന്‍ഡ്. 65 ഓഹരികളുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. 17ന് ഐ.പി.ഒ അവസാനിക്കും.

ബംഗളൂരു ആസ്ഥാനമായുള്ള കാപിലറി ടെക്‌നോളജീസ് ഐ.പി.ഒ 14 മുതല്‍ 17 വരെയാണ്. 345 കോടി രൂപയുടെ പുതു ഓഹരികള്‍ കൂടാതെ, നിലവിലെ ഓഹരി ഉടമകള്‍ 92.29 ലക്ഷം ഓഹരികള്‍ കൂടി വിറ്റഴിക്കും. മൊത്തം 877.50 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഓഹരി വില 549-577 രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT