Markets

ട്രംപ് പേടി മാറാതെ വിപണി, പാദഫലത്തിലും ജാഗ്രത, രണ്ടാം ദിവസവും നഷ്ടക്കച്ചവടം, കേരള കമ്പനികളില്‍ മുന്നിലെത്തി മുത്തൂറ്റ് മൈക്രോഫിനും ക്യാപിറ്റലും

ടി.സി.എസിന്റെയും ടാറ്റ എല്‍ക്‌സിയുടെയും ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവരുന്നത് കണക്കിലെടുത്ത് ഐ.ടി ഓഹരികളെല്ലാം സമ്മര്‍ദ്ദത്തിലായിരുന്നു

Muhammed Aslam

യു.എസ് താരിഫും ഉടന്‍ പുറത്തുവരുന്ന കോര്‍പറേറ്റ് പാദഫലങ്ങളും സൃഷ്ടിച്ച അനിശ്ചിതത്വത്തില്‍ രണ്ടാം ദിവസവും വിപണിക്ക് നഷ്ടക്കച്ചവടം. തുടക്കത്തില്‍ നേടിയ നേട്ടം നിലനിറുത്താനാവാതെ പോയതോടെ വ്യാപാരാന്ത്യം ഇരുസൂചികകളും നഷ്ടത്തില്‍ അവസാനിച്ചു. പ്രതിമാസ ഇന്‍ഷുറന്‍സ് കണക്കുകള്‍ പുറത്തുവന്നതോടെ എച്ച്.ഡി.എഫ്.സി ലൈഫ് നഷ്ടത്തിലായി. മാക്‌സ് ഫിനാന്‍ഷ്യല്‍ നേട്ടത്തിലായി. ടി.സി.എസിന്റെയും ടാറ്റ എല്‍ക്‌സിയുടെയും ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവരുന്നത് കണക്കിലെടുത്ത് ഐ.ടി ഓഹരികളെല്ലാം സമ്മര്‍ദ്ദത്തിലായിരുന്നു.

346 പോയിന്റുകള്‍ ഇടിഞ്ഞ സെന്‍സെക്‌സ് 83,190.28 എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം നിറുത്തിയത്. നിഫ്റ്റിയാകട്ടെ 121 പോയിന്റുകള്‍ നഷ്ടത്തില്‍ 25,355.25ലുമെത്തി. നിഫ്റ്റി സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ യഥാക്രമം 0.27 ശതമാനവും 0.30 ശതമാനവും നഷ്ടം നേരിട്ടു.

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി റിയല്‍റ്റി (0.72%), മെറ്റല്‍ (0.42%), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.11%) എന്നിവ ഒഴിച്ചുള്ളതെല്ലാം നഷ്ടത്തിലായി. നിഫ്റ്റി പി.എസ്.യു ബാങ്ക്, ഐ.ടി എന്നിവ ഒരുശതമാനത്തോളം ഇടിവ് നേരിട്ടു. നിഫ്റ്റി ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ്, പ്രൈവറ്റ് ബാങ്ക്, ഫാര്‍മ, എഫ്.എം.സി.ജി, ബാങ്ക് എന്നീ മേഖലകളും ഇന്ന് ചുവപ്പിലാണ്.

എന്താണ് കാരണം

ജൂണ്‍ മാസത്തിന് ശേഷം വമ്പന്‍ കുതിപ്പിന് പറ്റിയ സംഭവങ്ങളൊന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായിട്ടില്ല. ജൂണ്‍ മുതല്‍ 24,470-25,670 റേഞ്ചിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. ഇത് ഭേദിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഗുണകരമായ നീക്കുപോക്ക് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും യു.എസുമായി വ്യാപാര കരാറിലെത്താനും ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതിനിടെ, ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പുതിയ പോര്‍മുഖം തുറന്നത് ഇന്ത്യക്ക് തിരിച്ചടി ആയേക്കാമെന്നാണ് ബ്ലൂംബെര്‍ഗ് അടക്കമുള്ള മാധ്യമങ്ങളുടെ വിലയിരുത്തല്‍. അമേരിക്കന്‍ ഡോളറിന്റെ ആധിപത്യത്തിന് ഭീഷണിയായി ബ്രിക്‌സിനൊപ്പം ചേരുന്നവര്‍ക്ക് 10 ശതമാനം അധിക നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. അമേരിക്കന്‍ ഡോളറിന് പകരം മറ്റൊരു കറന്‍സി വേണമെന്ന നിലപാടിനോട് ഇന്ത്യക്ക് യോജിപ്പില്ല. വ്യാപാര കരാറുമായി ബന്ധപ്പെട്ട അടുത്ത റൗണ്ട് ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ സംഘം ഉടന്‍ യു.എസിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കണ്ണ് പാദഫലങ്ങളില്‍

ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതും നിക്ഷേപകരെ ജാഗ്രതയിലാക്കി. പാദഫലങ്ങളുടെ സീസണ് തുടക്കമിട്ട് ടി.സി.എസ് റിപ്പോര്‍ട്ട് വിപണി ക്ലോസ് ചെയ്ത ശേഷമാണ് പുറത്ത് വന്നത്. ഭേദപ്പെട്ട നേട്ടമുണ്ടാക്കുമെന്ന് ചില ബ്രോക്കറേജുകള്‍ പ്രവചിച്ചപ്പോള്‍ കഴിയില്ലെന്നായിരുന്നു മറ്റു ചിലരുടെ പ്രവചനം. ഇതോടെ നിക്ഷേപകര്‍ കാത്തിരുന്ന് കാണാമെന്ന നിലപാടിലേക്ക് മാറിയെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം ആഗോള തലത്തില്‍ വലിയ സംഭവവികാസങ്ങള്‍ ഒന്നുമുണ്ടാകാത്തതും വിപണിക്ക് തിരിച്ചടിയായി.

ലാഭവും നഷ്ടവും

ക്യാന്‍സര്‍ ചികിത്സക്കുള്ള ടെവിംബ്ര (Tevimbra) മരുന്ന് ഇന്ത്യയില്‍ പുറത്തിറക്കിയ ജൂണ്‍ 25 മുതല്‍ തുടര്‍ച്ചയായ 12ാം ദിവസവും നേട്ടത്തിലായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഇന്നത്തെ താരം. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഓഹരി കുതിച്ചത് 12 ശതമാനം. രണ്ട് മാസത്തിനിടെയുണ്ടായ നേട്ടം 37 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. ഇന്നും 5.54 ശതമാനം നേട്ടത്തിലാണ് ഗ്ലെന്‍മാര്‍ക്ക് വ്യാപാരം അവസാനിപ്പിച്ചത്. പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സ്, പ്രീമിയര്‍ എനര്‍ജീസ്, ജെ.എസ്.ഡബ്ല്യൂ എനര്‍ജീസ്, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍സ് എന്നീ ഓഹരികളും ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലുണ്ട്.

ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാല്‍ ഓസ്‌വാള്‍ ന്യൂട്രല്‍ റേറ്റിംഗ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടു. സോളാര്‍ ഇന്‍ഡസ്ട്രീസ്, പി.ഐ ഇന്‍ഡസ്ട്രീസ്, ഭാരത് ഫോര്‍ജ്, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തി.

മുത്തൂറ്റ് ഓഹരികള്‍ക്ക് കുതിപ്പ്

വിപണി നഷ്ടത്തിലായെങ്കിലും ചില കേരള കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കി. മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ് എന്നീ കമ്പനികള്‍ 5 ശതമാനത്തിലേറെ ലാഭത്തിലായി. എന്നാല്‍ നേരിയ നഷ്ടത്തിലാണ് (0.03%) മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളുടെ വ്യാപാരം അവസാനിച്ചത്. ദി വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് , നിറ്റ ജെലാറ്റിന്‍ എന്നീ ഓഹരികള്‍ ശരാശരി അഞ്ച് ശതമാനം നേട്ടമുണ്ടാക്കി. ധനലക്ഷ്മി ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, പാറ്റ്‌സ്പിന്‍ ഇന്ത്യ, പോപ്പീസ് കെയര്‍, പ്രൈമ അഗ്രോ തുടങ്ങിയ കമ്പനികളും ഇന്ന് നേട്ടത്തിലാണ്.

ശതമാനക്കണക്കില്‍ ഏറ്റവും നഷ്ടം നേരിട്ടത് യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് ഓഹരികള്‍ക്കാണ്. വെര്‍ടെക്‌സ് സെക്യൂരിറ്റീസ്, പ്രൈമ ഇന്‍ഡസ്ട്രീസ്, കെ.എസ്.ഇ, ഫെഡറല്‍ ബാങ്ക്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നിറുത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT