Image courtesy: Canva
Markets

ഐടി ഓഹരികളിൽ തകർച്ച: ടെക് ഫണ്ടുകളിൽ ഇപ്പോൾ പണം മുടക്കുന്നത് ലാഭകരമാകുമോ? നിക്ഷേപകർ അറിയേണ്ടത്

ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, ടിസിഎസ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചടി നേരിട്ടു

Dhanam News Desk

ഐടി കമ്പനികളുടെ ഓഹരികള്‍ വലിയ തോതിലാണ് ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് ടെക് ഓഹരികളെക്കുറിച്ച് വലിയ ആശങ്കയാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കിടയില്‍ പരത്തുന്നത്. നിഫ്റ്റി ഐടി സൂചിക കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഐടി ഓഹരികള്‍ക്കുണ്ടായ ഇടിവ് 25 ശതമാനത്തിലധികമാണ്. ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, ടിസിഎസ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇൻഫോസിസ് (Infosys) ഓഹരി വിലയിൽ ഏകദേശം 5.52 ശതമാനത്തിന്റെ ഇടിവുണ്ടായി. ഒരാഴ്ചയ്ക്കിടെ എച്ച്‌സിഎൽ ടെക് (HCL Tech) ഓഹരി വില ഏകദേശം 5.91 ശതമാനം കുറഞ്ഞു. ടിസിഎസ് (TCS) കഴിഞ്ഞയാഴ്ച ഏകദേശം 2.44 ശതമാനം ഇടിവ് രേഖപ്പെടുത്തി.

തിരിച്ചടികള്‍

കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ വലിയ ആവേശം നല്‍കാത്തതും (Muted earnings) സമീപഭാവിയിലെ വളർച്ചയെക്കുറിച്ച് കമ്പനികള്‍ ജാഗ്രത പ്രകടിപ്പിച്ചതുമാണ് വിപണിയെ ബാധിച്ചത്. ഐടി സേവനങ്ങൾക്കായി പണം ചെലവാക്കുന്നത് സംബന്ധിച്ച് മറ്റു കമ്പനികള്‍ പുനര്‍വിചിന്തനം നടത്തുന്നതും തീരുമാനങ്ങൾ എടുക്കുന്നത് സാവധാനമാക്കുന്നതും മേഖലയെ തളര്‍ത്തുന്നു. മാത്രവുമല്ല, നിര്‍മ്മിത ബുദ്ധി (AI) മേഖലയിലുണ്ടാകുന്ന വലിയ പരിവര്‍ത്തനങ്ങള്‍ പരമ്പരാഗതമായി ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങളെ കാര്യമായി സമ്മർദത്തിലാക്കുന്നത് മൂലമുണ്ടാകുന്ന 'റെവന്യൂ ഡിഫ്ലേഷൻ' (Revenue deflation) എന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സ്വീകരിക്കാവുന്ന വഴികള്‍

ഐടി മേഖല ഇടിഞ്ഞു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഭീമമായ തുകകൾ (Lump-sum) പെട്ടന്ന് ഓഹരികളില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് അനലിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു. വീണുകൊണ്ടിരിക്കുന്ന കത്തിയില്‍ (Catching a falling knife) കയറി പിടിക്കുന്നത് പോലെ അപകടകരമാണിത്. ഇതിന് ബദലായി എസ്ഐപി അല്ലെങ്കില്‍ എസ്ടിപി (Systematic Transfer Plan) മാര്‍ഗങ്ങളിലൂടെ മികച്ച വളര്‍ച്ചാ സാധ്യതകളുളള ടെക് കമ്പനികളുടെ ഓഹരികളിലേക്ക് ശ്രദ്ധ ചെലുത്തുന്നതാണ് സുരക്ഷിതമായ വഴി.

സമീപ ഭാവിയില്‍ അനിശ്ചിതത്വം ഉണ്ടെങ്കിലും, ദീര്‍ഘകാലയളവില്‍ ഐടി മേഖലക്ക് മികച്ച പ്രകടനം നടത്താനാകുമെന്നാണ് കരുതുന്നത്. എഐയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ പ്രമുഖ കമ്പനികള്‍ക്ക് മികച്ച പ്രകടനം ഭാവിയില്‍ നടത്താന്‍ സാധിക്കും. അതുകൊണ്ടു തന്നെ വിപണി സൂക്ഷ്മമായി ശ്രദ്ധിച്ച് വളരെ ക്ഷമയോടെയുളള സമീപനം എടുക്കുകയാണ് വേണ്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT