പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം ഇന്ത്യൻ വ്യോമയാന മേഖലയിലെ ഓഹരികൾക്ക് വലിയ തിരിച്ചടി. ഇൻഡിഗോയുടെ (InterGlobe Aviation) ഓഹരികൾ ഉച്ചകഴിഞ്ഞുളള സെഷനില്‍ 5 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ സ്പൈസ് ജെറ്റ് ഓഹരികൾ ഏകദേശം 7 ശതമാനത്തോളം താഴേക്ക് പോയി. ഇൻഡിഗോ ഓഹരികള്‍ 4,560 രൂപയിലും സ്പൈസ് ജെറ്റ് 15 രൂപയിലുമെത്തി. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് അസംസ്‌കൃത എണ്ണവില (Crude oil) കുതിച്ചുയർന്നതാണ് ഈ ഇടിവിന് പ്രധാന കാരണമായത്.
വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവാക്കുന്നത്. അതിനാൽ എണ്ണവിലയിലുണ്ടാകുന്ന നേരിയ വർദ്ധനവ് പോലും കമ്പനികളുടെ ലാഭത്തെ ബാധിക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ ഓരോ 5 ഡോളർ വർദ്ധനവുണ്ടാകുമ്പോഴും ഇൻഡിഗോയുടെ പ്രതി ഓഹരി വരുമാനത്തിൽ (EPS) 13 ശതമാനത്തിന്റെ ഇടിവുണ്ടാകാമെന്ന് വിശകലന വിദഗ്ധർ വ്യക്തമാക്കുന്നു.
സംഘർഷം കാരണം ഗൾഫ് മേഖലയിലെ പ്രധാന വ്യോമാതിർത്തികൾ അടച്ചതും വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതും പ്രവർത്തനച്ചെലവ് വർദ്ധിപ്പിച്ചു. ഇന്നലെ വരെ 350 ലധികം അന്താരാഷ്ട്ര വിമാന സർവീസുകളാണ് ഇന്ത്യൻ വിമാനക്കമ്പനികൾ റദ്ദാക്കിയത്. മേഖലയിലെ 11 രാജ്യങ്ങളെ ഒഴിവാക്കി പറക്കാൻ ഡിജിസിഎ (DGCA) സുരക്ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്റ്റോക്ക് അനാലിസിസ്: ഇൻഡിഗോ ഓഹരികൾക്ക് 4,500 രൂപയിൽ ശക്തമായ പിന്തുണയുണ്ടെങ്കിലും ഇത് തകർന്നാൽ വില 4,200 രൂപയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. സ്പൈസ് ജെറ്റിനെ സംബന്ധിച്ചിടത്തോളം 12 രൂപയിലാണ് അടുത്ത പിന്തുണ പ്രതീക്ഷിക്കുന്നത്. വർദ്ധിച്ചുവരുന്ന ഇൻഷുറൻസ് പ്രീമിയങ്ങളും യാത്രാ ഡിമാൻഡിലെ കുറവും ഈ മേഖലയുടെ റിസ്ക് വർദ്ധിപ്പിക്കുന്നു.
Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.
US-Iran conflict and rising crude oil prices trigger sharp fall in IndiGo and SpiceJet shares amid growing aviation sector risks.
Read DhanamOnline in English
Subscribe to Dhanam Magazine