Image : Canva 
Markets

നിക്ഷേപത്തിന് വെള്ളിത്തിളക്കം! സില്‍വര്‍ ഇ.ടി.എഫുകള്‍ സമ്മാനിച്ചത് 28% വരെ നേട്ടം

വൈദ്യുത വാഹനം, സോളാര്‍ തുടങ്ങിയ മേഖലയില്‍ ആവശ്യം കൂടിയതോടെ വെള്ളിവില കുതിക്കുന്നു

Dhanam News Desk

രാജ്യാന്തര വിപണിയില്‍ നേരത്തേ തന്നെ നിലവിലുണ്ടെങ്കിലും മൂന്നുവര്‍ഷം മുമ്പുമാത്രം ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട നിക്ഷേപപദ്ധതിയാണ് സില്‍വര്‍ ഇ.ടി.എഫുകള്‍. സ്വര്‍ണ ഇ.ടി.എഫുകളില്‍ (Gold ETFs) എന്നപോലെ വെള്ളി ഇ.ടി.എഫിലും നിക്ഷേപിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) പച്ചക്കൊടി കാട്ടിയത് 2021 ഒക്ടോബറില്‍. 

സ്വീകാര്യതയിലും നിക്ഷേപകര്‍ക്ക് സമ്മാനിക്കുന്ന നേട്ടത്തിലും (Return) മറ്റ് നിക്ഷേപമാര്‍ഗങ്ങളെ വെല്ലുന്ന പ്രകടനമാണ് ചുരുങ്ങിയകാലംകൊണ്ട് സില്‍വര്‍ ഇ.ടി.എഫുകള്‍ കാഴ്ചവയ്ക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈവര്‍ഷം (2024) ഇതിനകം സില്‍വര്‍ ഇ.ടി.എഫുകള്‍ നല്‍കിയത് ശരാശരി 26.08 ശതമാനം നേട്ടമാണെന്ന് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അവലോകന കാലയളവിലെ 17 സില്‍വര്‍ ഇ.ടി.എഫുകളാണ് പരിഗണിച്ചത്.

നേട്ടത്തില്‍ മുന്നില്‍ എച്ച്.ഡി.എഫ്.സി

ഈവര്‍ഷം മേയ് 21 വരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ ഏറ്റവുമധികം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് എച്ച്.ഡി.എഫ്.സി സില്‍വര്‍ ഇ.ടി.എഫ് ആണ് (27.87 ശതമാനം). യു.ടി.ഐ സില്‍വര്‍ ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ട്‌സ് 27.25 ശതമാനം നേട്ടം നല്‍കി രണ്ടാമതുണ്ട്.

ആക്‌സിസ് സില്‍വര്‍ ഇ.ടി.എഫ് (26.95%), ആദിത്യ ബിര്‍ള എസ്.എല്‍ സില്‍വര്‍ ഇ.ടി.എഫ് (26.14%), ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ സില്‍വര്‍ ഇ.ടി.എഫ് (26.12%) എന്നിവയാണ് ടോപ് 5ലുള്ള മറ്റ് സില്‍വര്‍ ഇ.ടി.എഫുകള്‍.

പട്ടികയില്‍ ഏറ്റവും പിന്‍നിരയിലുള്ള ആക്‌സിസ് സില്‍വര്‍ ഫണ്ട് ഓഫ് ഫണ്ട്‌സ് (25.09%), കൊട്ടക് സില്‍വര്‍ ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ട്‌സ് (25.37%) എന്നിവപോലും സമ്മാനിച്ചത് 25 ശതമാനത്തിലധികം നേട്ടമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എന്തുകൊണ്ട് മികച്ച റിട്ടേണ്‍?

വാഹനവിപണിയിലെ പുത്തന്‍ ട്രെന്‍ഡായ വൈദ്യുത കാറുകളും സ്‌കൂട്ടറുകളും നിര്‍മ്മിക്കാനും സോളാര്‍ പാനലുകളുടെ നിര്‍മ്മാണത്തിലും അവശ്യവസ്തുവാണ് വെള്ളി. ഇവയ്ക്ക് ഉള്‍പ്പെടെ വ്യവസായമേഖലയില്‍ നിന്ന് വെള്ളിക്ക് ഡിമാന്‍ഡ് സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.

ഡിമാന്‍ഡ് കൂടിയതോടെ വെള്ളിവിലയും വര്‍ധിച്ചു. ഇത് സില്‍വര്‍ ഇ.ടി.എഫുകള്‍ക്കും കരുത്തേകുകയായിരുന്നു. ആഗോളതലത്തിലെ സാമ്പത്തിക അസ്ഥിരതകളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും മൂലം നിക്ഷേപകര്‍ ഓഹരികളെയും കടപ്പത്രങ്ങളെയും കൈവിട്ട് സുരക്ഷിത നിക്ഷേപത്താവളമെന്നോണം സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും ചേക്കേറിയതും മികച്ച ഡിമാന്‍ഡിനും വിലക്കുതിപ്പിനും വഴിവച്ചു.

മാത്രമല്ല, നിക്ഷേപ വൈവിദ്ധ്യവത്കരണം ഇപ്പോള്‍ വിദഗ്ദ്ധര്‍ പ്രോത്സാഹിപ്പിക്കുന്നൊരു മാതൃകയാണ്. അതായത്, മൊത്തം നിക്ഷേപ പോര്‍ട്ട്‌ഫോളിയോയുടെ 10 ശതമാനം വരെയെങ്കിലും സ്വര്‍ണം, വെള്ളി നിക്ഷേപങ്ങളിലായിരിക്കണമെന്ന് അവര്‍ ഉപദേശിക്കുന്നു. ഇതും വെള്ളി ഇ.ടി.എഫുകളുടെ വളര്‍ച്ചയ്ക്ക് സഹായകമായി.

(Disclaimer : ഓഹരി, കടപ്പത്രം, മ്യൂച്വല്‍ഫണ്ട്, ഇ.ടി.എഫ് തുടങ്ങിയ നിക്ഷേപങ്ങള്‍ വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക. ഈ ലേഖനം നിക്ഷേപം നടത്താനുള്ള നിര്‍ദേശമോ ഉപദേശമോ അല്ല)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT