Chat GPT image 
Markets

വെള്ളിടിയേറ്റ മാതിരി വെള്ളി! വില നിലം പറ്റി; ഇപ്പോള്‍ വാങ്ങിയാല്‍ പൊലിക്കുമോ, കൈ പൊള്ളുമോ?

മാര്‍ക്കറ്റ് അവസരങ്ങള്‍ നല്‍കും. പക്ഷേ ചിലപ്പോള്‍ അത് ഒരു പരീക്ഷണവുമാണ്. അതുകൊണ്ട് നിക്ഷേപാവസരം കാണുന്നതിനൊപ്പം അപകടവും തിരിച്ചറിയുക.

Dhanam News Desk

എന്തൊരു പോക്കായിരുന്നു! കഴിഞ്ഞ വര്‍ഷം വെള്ളിയുടെ വില കൂടിയത് 170 ശതമാനമാണ്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഉയര്‍ന്നത് 74 ശതമാനം. പക്ഷേ, കഥയാകെ മാറിമറിഞ്ഞു. ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് വെള്ളി വില 50 ശതമാനത്തിലേറെ ഇടിഞ്ഞു. കിലോഗ്രാമിന് ഏകദേശം 2.24 ലക്ഷം രൂപയിലേക്ക് ചുരുങ്ങി. ഇത് സാധാരണ മാര്‍ക്കറ്റ് കറക്ഷന്‍ അല്ല. വളരെ വേഗത്തില്‍ നടന്ന വലിയ ഇടിവാണ്. ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍, വില കൂടിയ സമയത്ത് വിപണിയില്‍ നിന്ന് വെള്ളി വാങ്ങിയവര്‍ ശരിക്കും പെട്ടു.

വെള്ളിയെ വിശ്വസിക്കാമോ?

വെള്ളിയെ അത്രയങ്ങ് വിശ്വസിക്കരുതെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ശരിയായത്. ഇത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് ഒരേയൊരു കാര്യമാണ്: വേഗത്തില്‍ വില കയറുന്ന ആസ്തികള്‍ അതേ വേഗത്തില്‍ തന്നെ ഇടിയാനും സാധ്യതയുണ്ട്. വെള്ളിയുടെ ഇപ്പോഴത്തെ ഇടിവ്, മുന്‍കാല നേട്ടങ്ങളുടെ വലിയൊരു ഭാഗം തന്നെ മായ്ച്ചു കളഞ്ഞിരിക്കുകയാണ്. സുരക്ഷിത നിക്ഷേപമെന്ന ധാരണയില്‍ നിന്ന് നിക്ഷേപകര്‍ സെല്‍ ഓഫ് മൂഡില്‍. ശരിക്കും ഇപ്പോള്‍ സംഭവിച്ചത് എന്താണ്?

യഥാര്‍ഥ മൂല്യത്തിന് മുകളിലെത്തിയപ്പോള്‍ (over valuation) തിരുത്തല്‍ അനിവാര്യമായി. ലാഭമെടുക്കാനുള്ള വില്‍പന തകൃതി. ആഗോള വിപണി സാഹചര്യം മാറി. നിക്ഷേപകര്‍ മറ്റ് ആസ്തികളിലേക്ക് പണം മാറ്റുന്നു. ഇതോടെ ഒരു ചെയിന്‍ റിയാക്ഷന്‍ ഉണ്ടായി. വില താഴ്ന്നതോടെ കൂടുതല്‍ ആളുകള്‍ വിറ്റു. ഇടിവ് വേഗത്തിലായി. പരിഭ്രാന്തി നിറഞ്ഞ വില്‍പന (panic selling) എന്ന രീതിയിലാണ് ഇത് സാധാരണയായി കാണുന്നത്.

മൂര്‍ച്ചയുള്ള വാള്‍ താഴോട്ടു വരുമ്പോലെ

ഇപ്പോഴത്തെ അവസ്ഥയെ 'ഇരുതല മൂര്‍ച്ചയുള്ള വാള്‍ താഴെ വീഴുന്നതു പോലെ' എന്നാണ് വദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. അത് പിടിക്കാന്‍ ശ്രമിക്കുന്നത് അപകടകരം. ഇപ്പോള്‍ വാങ്ങുന്നതില്‍ അപകടം പലതാണ്. വില സ്ഥിരതയിലെത്തിയിട്ടില്ല. ട്രെന്‍ഡ് ഇപ്പോഴും താഴേക്ക് തന്നെ. സെന്റിമെന്റ് നെഗറ്റീവ് ആണ്. അതായത്, ഇപ്പോഴത്തെ വിലക്കുറവ് നല്ല അവസരമാകണമെന്നില്ല. വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ഇതാണ്: ഒരു അടിത്തറ രൂപപ്പെടുന്നത് വരെ കാത്തിരിക്കണം. ട്രെന്‍ഡ് മാറുന്ന സിഗ്‌നല്‍ വരണം. മാര്‍ക്കറ്റ് സ്ഥിരത കാണിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ 'ബോട്ടം' അല്ല, 'മിഡ്-ഫാള്‍' ആണ് പിടിക്കുന്നത്. അതുകൊണ്ട് ഒറ്റത്തവണ വലിയ നിക്ഷേപം ഒഴിവാക്കുക. കുറഞ്ഞ തുക പതിവായി നിക്ഷേപിക്കുന്ന രീതി അവലംബിക്കുക. ട്രെന്‍ഡ് മാറുന്ന സിഗ്‌നല്‍ കാത്തിരിക്കുക. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സില്‍വര്‍ ഇപ്പോഴും ഡൈവേഴ്സിഫിക്കേഷനായി ഉപയോഗിക്കാം. പക്ഷേ സമയം തിരഞ്ഞെടുക്കല്‍ നിര്‍ണായകമാണ്.

സില്‍വറിന്റെ കഥ വളരെ വ്യക്തമാണ്. വേഗത്തില്‍ കയറിയത് പോലെ തന്നെ വേഗത്തില്‍ താഴെയിറങ്ങാം. മാര്‍ക്കറ്റ് അവസരങ്ങള്‍ നല്‍കും. പക്ഷേ ചിലപ്പോള്‍ അത് ഒരു പരീക്ഷണവുമാണ്. അതുകൊണ്ട് നിക്ഷേപാവസരം കാണുന്നതിനൊപ്പം അപകടവും തിരിച്ചറിയുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT