Markets

വേച്ചു വീണ് വെള്ളി, ഇടിഞ്ഞത് 6 ശതമാനം വരെ, തള്ളിയിട്ടത് ഡോളറോ, ടെക് ഓഹരികളോ? ഇനി എങ്ങോട്ട്?

ആഗോള അനിശ്ചിതത്വം, കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടങ്ങിയവ ദീര്‍ഘകാലത്ത് വിലകള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Dhanam News Desk

ശക്തമായ യുഎസ് ഡോളറും ആഗോള ഓഹരി വിപണികളിലെ വില്‍പന സമ്മര്‍ദവും മൂലം ഇന്ത്യയിലെ കമോഡിറ്റി വിപണിയില്‍ വെള്ളി വില കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച മള്‍ട്ടി കൊമോഡിറ്റി എക്സ്ചേഞ്ചില്‍ (MCX) വെള്ളിവില 6 ശതമാനം വരെ താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട ചെറിയ തിരിച്ചുവരവ് പൂര്‍ണമായും മാഞ്ഞു.

എംസിഎക്സില്‍ വെള്ളി ഫ്യൂച്ചേഴ്സ് കിലോഗ്രാമിന് ഏകദേശം 2,29,000 രൂപ നിലവാരത്തിലേക്കാണ് ഇടിഞ്ഞത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും വെള്ളിവില നഷ്ടത്തിലായി. അതേസമയം, സ്വര്‍ണവിലയും സമ്മര്‍ദത്തിലായി, എംസിഎക്സില്‍ സ്വര്‍ണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് ഏകദേശം 1,49,000 നിലവാരത്തിലേക്ക് താഴ്ന്നു.

ലോഹ വിപണിയില്‍ സമ്മര്‍ദം

യുഎസ് ഡോളര്‍ സൂചിക അടുത്തകാലത്തെ ഉയര്‍ന്ന നിലകളില്‍ തുടരുന്നതാണ് സ്വര്‍ണ-വെള്ളി വിലകളില്‍ ഇടിവിന് പ്രധാന കാരണമായി വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡോളര്‍ ശക്തമാകുമ്പോള്‍ ഡോളറില്‍ വില കണക്കാക്കുന്ന കമോഡിറ്റികള്‍ മറ്റ് കറന്‍സികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ചെലവേറിയതാകുന്നു. ഇതോടെ നിക്ഷേപകരുടെ താല്‍പര്യം കുറഞ്ഞു.

അതോടൊപ്പം, യുഎസും ഏഷ്യന്‍ വിപണികളും ഉള്‍പ്പെടെ ടെക് ഓഹരികളില്‍ ഉണ്ടായ വന്‍ വില്‍പന് റിസ്‌ക് ഒഴിവാക്കാനുള്ള (risk-off) മനോഭാവം ശക്തമാക്കി. ക്രിപ്റ്റോകറന്‍സികള്‍ ഉള്‍പ്പെടെയുള്ള മറ്റ് റിസ്‌ക് അസറ്റുകളിലും സമാനമായ സമ്മര്‍ദം ദൃശ്യമായി.

രാജ്യാന്തര വിപണിയിലും കനത്ത ഇടിവ്

ആഗോള വിപണിയില്‍ കോമെക്സില്‍ (COMEX) വെള്ളിവില 9 ശതമാനത്തോളം വരെ ഇടിഞ്ഞു, ഒരു ഔണ്‍സിന് 64-65 ഡോളറിലേക്ക് താഴ്ന്നു. ഇത് കഴിഞ്ഞ മാസങ്ങളിലെ താഴ്ന്ന നിരക്കുകളില്‍ ഒന്നാണ്. കോമെക്സ് സ്വര്‍ണവിലയും ഈ ഘട്ടത്തില്‍ നഷ്ടത്തിലാണ് വ്യാപാരം നടന്നത്.

കഴിഞ്ഞ ആഴ്ചകളില്‍ റെക്കോര്‍ഡ് ഉയരങ്ങളിലെത്തിയ ശേഷം ലാഭമെടുക്കലും ബോണ്ട് യീല്‍ഡുകളിലെ മാറ്റങ്ങളും ചേര്‍ന്നതാണ് സ്വര്‍ണ-വെള്ളി വിപണിയില്‍ ഈ വലിയ അസ്ഥിരതയ്ക്ക് കാരണമായത്.

അനലിസ്റ്റുകളുടെ വിലയിരുത്തല്‍

വെള്ളിവിപണി എന്നും സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ അസ്ഥിരമാണെന്നും അതിനാല്‍ കുത്തനെ ഉയര്‍ച്ചയും ഇടിവും സംഭവിക്കാറുണ്ടെന്നും വിപണി വിദഗ്ധര്‍ പറയുന്നു. സമീപകാലത്തെ വേഗത്തിലുള്ള കുതിപ്പ് വിപണിയെ ഓവര്‍ബോട്ട് (over bought) അവസ്ഥയിലേക്കെത്തിച്ചിരുന്നുവെന്നും അതിന് പിന്നാലെയാണ് ഈ തിരുത്തല്‍ ഉണ്ടായതെന്നും വിലയിരുത്തല്‍.

എന്നിരുന്നാലും, ദീര്‍ഘകാല അടിസ്ഥാന ഘടകങ്ങള്‍ ഇപ്പോഴും സ്വര്‍ണത്തിനും വെള്ളിക്കും അനുകൂലമാണെന്ന് ചില അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള അനിശ്ചിതത്വം, കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടങ്ങിയവ ദീര്‍ഘകാലത്ത് വിലകള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് റോയിട്ടേഴ്‌സ് ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിക്ഷേപകര്‍ക്ക് സൂചന

ഇപ്പോഴത്തെ വലിയ വിലത്തകര്‍ച്ച ഹ്രസ്വകാലത്ത് അപകടസാധ്യത വര്‍ധിപ്പിക്കുമ്പോഴും, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഘട്ടംഘട്ടമായി വാങ്ങാനുള്ള അവസരമായി മാറാനിടയുണ്ടെന്നാണ് ചില വിപണി നിരീക്ഷകരുടെ അഭിപ്രായം. എന്നാല്‍ ഉയര്‍ന്ന അസ്ഥിരത തുടരുന്നതിനാല്‍ സൂക്ഷ്മത അനിവാര്യമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT