Markets

എയര്‍ടെല്ലിലെ ₹10,300 കോടിയുടെ ഓഹരികള്‍ വിറ്റൊഴിച്ച് സിംഗപ്പൂര്‍ കമ്പനി! ഓഹരികള്‍ കനത്ത ഇടിവില്‍

2022ല്‍ 31.4 ശതമാനം ഓഹരി സിംഗ്‌ടെല്ലിന് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴിത് 27.5 ശതമാനമാണ്

Dhanam News Desk

ഭാരതി എയര്‍ടെല്ലിലെ 1.16 ബില്യന്‍ ഡോളര്‍ (ഏകദേശം 10,300 കോടി രൂപ) മൂല്യമുള്ള ഓഹരികള്‍ വിറ്റൊഴിച്ച് സിംഗപ്പൂര്‍ ടെലികമ്യൂണിക്കേഷന്‍ (Singtel). കമ്പനിയുടെ ഓഹരി പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ടെല്ലിലെ 0.8 ശതമാനം ഓഹരികള്‍ വിറ്റത്.

സിംഗ്‌ടെല്ലിന്റെ ഭാഗമായ പാസ്‌ടെല്‍ (pastel) എയര്‍ടെല്ലിലെ 5.1 കോടി ഓഹരികളാണ് വിറ്റത്. ഓഹരിയൊന്നിന് 2,030 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസം എയര്‍ടെല്ലിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തതിനേക്കാള്‍ 3.1 ശതമാനം ഡിസ്‌ക്കൗണ്ടിലായിരുന്നു വില്‍പ്പന. കമ്പനിയുടെ ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനാണ് കമ്പനി എയര്‍ടെല്ലിലെ ഓഹരികള്‍ വില്‍ക്കുന്നതെന്നാണ് വിവരം. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്ലില്‍ 2000 മുതല്‍ ഓഹരിയുടമയാണ് സിംഗ്‌ടെല്‍. എന്നാല്‍ അടുത്തിടെയായി എയര്‍ടെല്ലിലെ ഓഹരി വിഹിതം കമ്പനി കുറച്ചുകൊണ്ടുവരികയാണ്. 2022ല്‍ 31.4 ശതമാനം ഓഹരി സിംഗ്‌ടെല്ലിന് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴിത് 27.5 ശതമാനമാണ്.

എയര്‍ടെല്ലിന് ക്ഷീണം, സിംഗ്‌ടെല്ലിന് നേട്ടം

ഓഹരി വില്‍പ്പനയുടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സിംഗപ്പൂര്‍ ഓഹരി വിപണിയില്‍ സിംഗ്‌ടെല്ലിന്റെ ഓഹരികള്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു. ഡാറ്റ സെന്റര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ.കെ.ആറുമായി നടത്തുന്ന ചര്‍ച്ചകളും ഓഹരിക്ക് മുന്നേറ്റമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വെള്ളിയാഴ്ച എയര്‍ടെല്‍ ഓഹരികള്‍ ഇടിവിലാണ്. ഇന്നലെ ഓഹരിയൊന്നിന് 2,094.90 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരികള്‍ നാല് ശതമാനത്തിലധികം നഷ്ടത്തിലായി.

Singtel has sold 0.8% of its stake in Bharti Airtel for around $1.2 billion, rebalancing its portfolio while keeping long-term ties with Airtel intact.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT