തവണ വ്യവസ്ഥകളിലൂടെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്‌ളാനുകള്‍ക്ക് (എസ്.ഐ.പി) നവംബറില്‍ രാജ്യത്ത് പൊതുവേ മികച്ച സ്വീകാര്യത ലഭിച്ചതായി റിപ്പോര്‍ട്ട്. 8,272 കോടി രൂപയാണ് ഈയിനത്തില്‍ നവംബറില്‍ ഒഴുകിയ നിക്ഷേപം. ഇത് സര്‍വകാല റെക്കോഡാണ്.
ഒക്ടോബറില്‍ എസ്.ഐ.പി നിക്ഷേപം 8,245 കോടി രൂപയായിരുന്നു. സെപ്റ്റംബറില്‍ 8,263 കോടി രൂപയും. നവംബറിലെ കണക്കുപ്രകാരം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 2.94 കോടിയാണ്. നവംബറില്‍ മാത്രം 5.33 ലക്ഷം പുതിയ അക്കൗണ്ടുകള്‍ ചേര്‍ക്കപ്പെട്ടു.
എസ്.ഐ.പി മുഖേന മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (അസറ്റ് അണ്ടര്‍ മാനേജ്മെന്റ് - എ.യു.എം) 3.12 ലക്ഷം കോടി രൂപയാണ്. ഒക്ടോബറില്‍ ഇത് 3.03 ലക്ഷം കോടി രൂപയായിരുന്നു.എസ്.ഐ.പികളും ഒറ്റത്തവണ നിക്ഷേപങ്ങളും ഉള്‍പ്പെടെ മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം) നവംബറില്‍ 27.01 ലക്ഷം കോടി രൂപയിലെത്തി. ഒക്ടോബറില്‍ 26.32 ലക്ഷം കോടി രൂപയായിരുന്നു. നവംബറില്‍ മാത്രം 54,419 കോടി രൂപ വര്‍ദ്ധിച്ചു.
അതേസമയം, ഓഹരി സൂചികകള്‍ റെക്കോഡ് ഉയരം താണ്ടിയതിന്റെ പിന്‍ബലത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നേരിട്ടത് വന്‍ നിക്ഷേപ നഷ്ടം. നവംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഒക്ടോബറിലെ 6,026.38 കോടി രൂപയില്‍ നിന്ന് 1,311 കോടി രൂപയായാണ് കുറഞ്ഞത്. 78 ശതമാനം താഴ്ന്നു. നവംബര്‍ അവസാനവാരം സെന്‍സെക്സും നിഫ്റ്റിയും സര്‍വകാല റെക്കാഡ് ഉയരം കുറിച്ചിരുന്നു.
ഓഹരി സൂചികകള്‍ മുന്നേറുമ്പോള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുത്തതിനാലാണ് തിരിച്ചടിയെന്ന് അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി) വ്യക്തമാക്കി. സെന്‍സെക്സും നിഫ്റ്റിയും കനത്ത തകര്‍ച്ച നേരിടുമ്പോഴേ ഇനി നിക്ഷേപത്തില്‍ ഉണര്‍വുണ്ടാകൂ. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ ലഭിക്കുമെന്നതാണ് കാരണം.
മ്യൂച്വല്‍ ഫണ്ടുകള്‍ വഴി മള്‍ട്ടിക്യാപ്പ് ഓഹരികളിലേക്കുള്ള (മള്‍ട്ടിക്യാപ്പ് ഫണ്ട്സ്) നിക്ഷേപം നവംബറില്‍ 1,311 കോടി രൂപയില്‍ നിന്ന് വെറും 181.14 കോടി രൂപയിലേക്ക് താഴ്ന്നു. ലാര്‍ജ്/മിഡ്ക്യാപ്പ് ഫണ്ടുകളില്‍ കുറഞ്ഞത് 252 കോടി രൂപ. സെക്ടറല്‍ ഫണ്ടുകളില്‍ 636.55 കോടി രൂപയും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine