Markets

എസ്ഐപി നിക്ഷേപം നാലു മാസത്തെ ഉയരത്തില്‍; ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വരവില്‍ ഇടിവ്

ജൂലൈയില്‍ സ്‌മോള്‍ക്യാപ് ഫണ്ടുകളിലേക്ക് എത്തിയത് 7,767.50 കോടി രൂപയാണ്. മിഡ്ക്യാപ് ഫണ്ടുകള്‍ക്ക് 6,192.31 കോടി രൂപ ആകര്‍ഷിക്കാനായി

Dhanam News Desk

രാജ്യത്തെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവില്‍ ജൂലൈയില്‍ ഇടിവ്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (AMFI) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂണില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ അറ്റനിക്ഷേപം 28,973.41 കോടിയായിരുന്നു. ജൂലൈയില്‍ ഇത് 24,697.39 കോടിയായി കുറഞ്ഞു.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവ് കുറഞ്ഞെങ്കിലും, മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SIP) വിഹിതം ജൂലൈയില്‍ വീണ്ടും ഉയര്‍ന്നു. ജൂണിലെ 31,781 കോടിയില്‍ നിന്ന് 0.6 ശതമാനം വര്‍ധിച്ച് ജൂലൈയില്‍ 31,961 കോടി രൂപയിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഉയര്‍ന്ന നിക്ഷേപമാണിത്.

ജൂലൈയില്‍ സ്‌മോള്‍ക്യാപ് ഫണ്ടുകളിലേക്ക് എത്തിയത് 7,767.50 കോടി രൂപയാണ്. മിഡ്ക്യാപ് ഫണ്ടുകള്‍ക്ക് 6,192.31 കോടി രൂപ ആകര്‍ഷിക്കാനായി. അതേസമയം, ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ നിന്ന് 1,321.69 കോടി രൂപ പിന്‍വലിക്കപ്പെട്ടു. മൊത്തം ഇക്വിറ്റി ഫണ്ട് വരവ് കുറഞ്ഞപ്പോഴും സ്മോള്‍ക്യാപ്, മിഡ്ക്യാപ് വിഭാഗങ്ങളിലേക്കുള്ള ശക്തമായ നിക്ഷേപം ഈ വിഭാഗങ്ങളോടുള്ള നിക്ഷേപ താല്‍പര്യം തുടരുന്നതിന്റെ സൂചനയാണ്.

റീട്ടെയ്ല്‍ നിക്ഷേപകരുടെ ആത്മവിശ്വാസം

വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും എസ്‌ഐപി വഴിയുള്ള നിക്ഷേപം ഉയരുന്നത് ചെറുകിട നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ദീര്‍ഘകാല നിക്ഷേപത്തിന് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. സ്ഥിരമായ ഇടവേളകളില്‍ നിശ്ചിത തുക നിക്ഷേപിക്കാനുള്ള സൗകര്യമാണ് എസ്‌ഐപി പദ്ധതികളെ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

ജൂലൈയില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി (Assets Under Management-AUM) 4.3 ശതമാനം വര്‍ധിച്ച് 85.76 ലക്ഷം കോടി രൂപയായി. ജൂണില്‍ ഇത് 82.22 ലക്ഷം കോടി രൂപയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT