Markets

വിപണി തിരിച്ചടികള്‍ക്കിടയിലും എസ്.ഐ.പി നിക്ഷേപത്തില്‍ മാര്‍ച്ചില്‍ വന്‍ കുതിപ്പ്

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എസ്.ഐ.പിയിലേക്ക് വന്നത് 29,925 കോടി രൂപയായിരുന്നു. മുന്‍വര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളര്‍ച്ച 24 ശതമാനം

Dhanam News Desk

ആഗോള സംഘര്‍ഷങ്ങളും ഓഹരി വിപണിയിലെ അനിശ്ചിതത്വവും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലേക്കുള്ള (എസ്.ഐ.പി) ഒഴുക്കിനെ ബാധിക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ എസ്.ഐ.പിയിലേക്ക് ഒഴുകിയെത്തിയത് 32,087 കോടി രൂപയാണ്. ഫെബ്രുവരിയിലെ 29,845 കോടി രൂപയേക്കാള്‍ എട്ടുശതമാനം വര്‍ധന.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എസ്.ഐ.പിയിലേക്ക് വന്നത് 29,925 കോടി രൂപയായിരുന്നു. മുന്‍വര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളര്‍ച്ച 24 ശതമാനം. എസ്.ഐ.പിയിലെ ആസ്തി 9 ശതമാനം ഇടിഞ്ഞ് 15.11 ലക്ഷം കോടി രൂപയായി. മുന്‍ മാസം ഇത് 16.64 ലക്ഷം കോടി രൂപയായിരുന്നു. മാര്‍ക്കറ്റിലെ വീഴ്ച്ചയാണ് ഇതിന് കാരണം.

നിക്ഷേപകര്‍ വിശ്വാസത്തിലാണ്

നിലവില്‍ രാജ്യത്തുള്ള എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 9.71 കോടിയാണ്. മ്യൂച്ചല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വിശ്വാസം വര്‍ധിച്ചതാണ് പുതിയ മാറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കും റെക്കാഡ് പണമൊഴുക്കാണ് കഴിഞ്ഞ മാസമുണ്ടായത്. മാര്‍ച്ചിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 56 ശതമാനം വളര്‍ച്ചയോടെ 40,450 കോടി രൂപയിലെത്തി. ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ 25,977 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്.

മുന്‍വര്‍ഷം ഇതേകാലയളവിലെ 25,082 കോടി രൂപയില്‍ നിന്നും 61 ശതമാനം വളര്‍ച്ചയുണ്ടായി. ഫ്‌ളെക്സിക്യാപ്പ് ഫണ്ടുകളിലേക്കാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ പണമെത്തിയത്. 10,054 കോടി രൂപ.

വിദേശ നിക്ഷേപകര്‍ വില്പന തുടരുന്നു

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിറ്റൊഴിവാകുന്നത് തുടരുകയാണ്. ഏപ്രിലില്‍ മാത്രം 48,213 കോടി രൂപ പിന്‍വലിച്ചു. ഒരു വര്‍ഷത്തിനിടെ വിദേശ നിക്ഷേപത്തില്‍ ഉണ്ടായത് 1,79,335 കോടി രൂപയുടെ കുറവാണ്. അതേസമയം, ആഭ്യന്തര നിക്ഷേപകര്‍ കൂടുതലായി വിപണിയിലേക്ക് എത്തുന്നത് വലിയ പരിക്കില്ലാതെ വിപണിയെ താങ്ങിനിര്‍ത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT