സമ്പാദ്യശീലം വളര്‍ത്തുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനുമായി നിരവധി പേരാണ് മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP) തിരഞ്ഞെടുക്കുന്നത്. എന്നാല്‍ സാമ്പത്തിക ഞെരുക്കം മൂലമോ അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തതിനാലോ പ്രതിമാസ എസ്ഐപി മുടങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് പലര്‍ക്കും അറിയില്ല.
ചില സാഹചര്യങ്ങളില്‍ നിക്ഷേപിക്കാന്‍ മാറ്റിവെച്ച തുകയേക്കാള്‍ കൂടുതല്‍ പണം ബാങ്ക് ചാര്‍ജായി നല്‍കേണ്ടിവന്നേക്കാം.
ബാങ്ക് അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ എസ്ഐപി ഓട്ടോ ഡെബിറ്റ് പരാജയപ്പെട്ടാല്‍ ബാങ്കുകള്‍ ഇ.സി.എസ്/നാച്ച് (ECS/NACH) റിട്ടേണ്‍ ചാര്‍ജ് ഈടാക്കിയേക്കാം. ബാങ്കിനും അക്കൗണ്ടിന്റെ തരത്തിനും അനുസരിച്ച് ഈ തുക വ്യത്യാസപ്പെടും.
ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ ഏകദേശം 250 രൂപയും ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര ബാങ്കുകള്‍ 500 രൂപ വരെയും ഈടാക്കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കില്‍ 450 രൂപയില്‍ ആരംഭിക്കുന്ന ചാര്‍ജ് ഡെബിറ്റ് പരാജയം ആവര്‍ത്തിക്കുന്നതിനനുസരിച്ച് ഉയര്‍ന്നേക്കാം.
ഇതിനൊപ്പം 18 ശതമാനം ജിഎസ്ടിയും നല്‍കണം. അതായത്, 500 രൂപ റിട്ടേണ്‍ ചാര്‍ജ് ഈടാക്കുന്ന ബാങ്കില്‍ മൊത്തം 590 രൂപ നഷ്ടമായേക്കാം. മിക്ക മ്യൂച്വല്‍ ഫണ്ട് കമ്പനികളും എസ്ഐപി മുടങ്ങുന്നതിന് പ്രത്യേക പിഴ ഈടാക്കാറില്ല. ബാങ്കുകളുടെ ഏറ്റവും പുതിയ ചാര്‍ജ് നിരക്കുകള്‍ നിക്ഷേപകര്‍ പരിശോധിക്കുന്നത് നല്ലതാണ്.
എസ്ഐപി ഒരു നിക്ഷേപമാണ്, വായ്പയല്ല. അതിനാല്‍ എസ്ഐപി മുടങ്ങുന്നത് നിങ്ങളുടെ സിബില്‍ (CIBIL) സ്കോറിനെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ അതേ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് വായ്പയുടെ ഇഎംഐയോ ക്രെഡിറ്റ് കാര്‍ഡ് ബില്ലോ അടയ്ക്കുന്നതെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാതെ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ അത് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും.
പ്രതിദിന, പ്രതിവാര, രണ്ടാഴ്ചയിലൊരിക്കല്‍, പ്രതിമാസ എസ്ഐപികള്‍ തുടര്‍ച്ചയായി മൂന്ന് തവണ മുടങ്ങിയാല്‍ റദ്ദാക്കപ്പെടാം. രണ്ട് മാസത്തിലൊരിക്കല്‍, ത്രൈമാസം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നീ രീതികളിലുള്ള എസ്ഐപികള്‍ തുടര്‍ച്ചയായി രണ്ട് തവണ മുടങ്ങിയാലും റദ്ദാക്കപ്പെട്ടേക്കാം.
എന്നാല്‍ എസ്ഐപി റദ്ദായാലും ഇതുവരെ നടത്തിയ നിക്ഷേപം നഷ്ടമാകില്ല. നേരത്തേ വാങ്ങിയ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഫണ്ടില്‍ തന്നെ തുടരും. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് അവയുടെ മൂല്യം ഉയരുകയോ താഴുകയോ ചെയ്യും. വീണ്ടും എസ്ഐപി ആരംഭിക്കണമെങ്കില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
ശമ്പളം ലഭിക്കുന്ന തീയതിക്ക് തൊട്ടുപിന്നാലെ എസ്ഐപി തീയതി ക്രമീകരിക്കുക.
ബാങ്ക് അക്കൗണ്ടില്‍ എപ്പോഴും അധികമായി ചെറിയൊരു തുക കരുതുക.
ബാങ്ക് അക്കൗണ്ട് മാറുമ്പോള്‍ ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റ് പുതുക്കുക.
സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ എസ്ഐപി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള (SIP Pause) സൗകര്യം പ്രയോജനപ്പെടുത്തുക.
എസ്ഐപി പൂര്‍ണമായി നിര്‍ത്തുകയാണെങ്കില്‍ ബന്ധപ്പെട്ട മാന്‍ഡേറ്റും ആവശ്യമെങ്കില്‍ റദ്ദാക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine