മ്യൂച്വല്‍ ഫണ്ടുകളില്‍ മാസാമാസം ചെറുസംഖ്യയിടുന്ന എസ്.ഐ.പി രീതിയില്‍ നിക്ഷേപകര്‍ക്ക് കമ്പം കുറയുകയാണോ? എസ്.ഐ.പി ക്യാന്‍സലേഷന്‍ അനുപാതം ഡിസംബറിലെ 83ല്‍ നിന്ന് ജനുവരിയില്‍ 109 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ സെപ്തംബറില്‍ ഈ അനുപാതം 60 ശതമാനം മാത്രമായിരുന്നു.
ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നത് എസ്.ഐ.പിയില്‍ നിന്നുള്ള നിക്ഷേപകരുടെ പിന്‍മാറ്റത്തിന് കാരണമാകുന്നുണ്ടെന്നാണ് ജനുവരിയിലെ ഈ കണക്കുകള്‍ കാണിക്കുന്നത്. പുതുതായി തുടങ്ങുന്ന എസ്.ഐ.പികളുടെ എണ്ണത്തെ കടത്തിവെട്ടിയിരിക്കുകയാണ് നിര്‍ത്തലാക്കുന്ന എസ്.ഐ.പികളുടെ എണ്ണം. ജനുവരിയില്‍ 56 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകള്‍ തുറന്നപ്പോള്‍ നിര്‍ത്തലാക്കിയത് 61 ലക്ഷം അക്കൗണ്ടുകള്‍. ഡിസംബറില്‍ 45 ലക്ഷം അക്കൗണ്ടുകള്‍ തുറന്നപ്പോള്‍ 54 ലക്ഷം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു.
തുടര്‍ച്ചയായ ആറാമത്തെ മാസമാണ് എസ്.ഐ.പി രജിസ്‌ട്രേഷനില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. അതേസമയം, എസ്.ഐ.പി അക്കൗണ്ടുകള്‍ തുറക്കുന്നതില്‍ ജനുവരിയില്‍ വലിയ കുറവുണ്ടായെങ്കിലും എസ്.ഐ.പി വഴിയുള്ള നിക്ഷേപത്തില്‍ നേരിയ ഇടിവ് മാത്രമാണുള്ളത്. ഡിസംബറിലെ 26,459 കോടിയില്‍ നിന്ന് ജനുവരിയില്‍ 26,400 കോടിയായി. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം മാസവും 26,000 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നിലനിര്‍ത്താനായി.
എക്‌സ്‌ചേഞ്ചുകളും രജിസ്ട്രാര്‍ ആന്‍ ട്രാന്‍സ്ഫര്‍ ഏജന്റുമാരും (RTA) തമ്മിലുള്ള ഏകീകരണമാണ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ കുറവു വരാന്‍ കാരണമെന്ന് ആംഫി വ്യക്തമാക്കുന്നു. മൂന്ന് മാസം തുടര്‍ച്ചയായി പണം അടയ്ക്കാതിരുന്നാല്‍ എസ്.ഐ.പി അക്കൗണ്ട് ക്ലോസ് ചെയ്തതായി കാണിക്കും. 25 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഇത്തരത്തില്‍ ക്രമീകരണം നടത്തിയിട്ടുണ്ടെന്ന് ആംഫി പറയുന്നു.
വിപണിയില്‍ തകര്‍ച്ച തുടര്‍ന്നാല്‍ ഇനിയും കൂടുതല്‍ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കുന്ന സാഹചര്യമുണ്ടാകുമെന്നും വിപിണി തിരിച്ചു വരമ്പോള്‍ ഇതില്‍ മാറ്റം വരുമെന്നുമാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
ജനുവരി വരെയുള്ള കണക്കു പ്രകാരം 10.27 കോടി എസ്.ഐ.പി അക്കൗണ്ടുകളാണുള്ളത്. ഡിസംബറില്‍ ഇത് 10.32 കോടിയായിരുന്നു. എസ്.ഐ.പികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 13.28 ലക്ഷം കോടിയെന്ന എക്കാലത്തെയും ഉയരത്തില്‍ നിന്ന് 13.2 ലക്ഷം കോടിയിലേക്ക് താഴുകയും ചെയ്തു.
നിഫ്റ്റി എക്കാലത്തെയും ഉയരത്തില്‍ നിന്ന് 13 ശതമാനവും സെന്‍സെക്‌സ് 12 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 14ന് അവസാനിച്ച ആഴ്ചയില്‍ മാത്രം ഇരു സൂചികകളിലും മൂന്ന് ശതമാനത്തിലധികം തിരുത്തലുണ്ടായി. കഴിഞ്ഞ വര്‍ഷം മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപം തുടങ്ങിയ പലരുടെയും പോര്‍ട്ട്‌ഫോളിയോ ഇപ്പോള്‍ നഷ്ടത്തിലായിരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine