ഉപകമ്പനിയായ സ്റ്റാർമംഗൾസൂത്രയിലെ ജീവനക്കാരന്റെ ഫോൺ, ലാപ്ടോപ്പ് ഹാക്ക് ചെയ്ത് എഐ ഡീപ്ഫേക്ക് വഴി ഡയറക്ടറുടെ വ്യാജ നിർദ്ദേശം സൃഷ്ടിച്ച് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 10.70 കോടി രൂപ തട്ടിയെടുത്തെന്ന വാർത്ത പുറത്തുവന്നതോടെ സ്കൈ ഗോൾഡ് ഓഹരിയിൽ ഇടിവ്. പ്രധാന ഐടി സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് കമ്പനി ഉറപ്പുനൽകിയെങ്കിലും, ഓഹരിയിൽ രണ്ടാം ദിവസവും വിൽപ്പന സമ്മർദ്ദം നേരിട്ടു. നിക്ഷേപകർ നഷ്ടത്തിന്റെ അളവ്, സുരക്ഷാ മാനദണ്ഡങ്ങൾ, സൈബർ ഇൻഷുറൻസ് എന്നിവ സൂക്ഷ്മമായി വിലയിരുത്തണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സ്വർണാഭരണ നിർമ്മാതാക്കളായ സ്കൈ ഗോൾഡ് ലിമിറ്റഡിന്റെ (BSE: 541967, NSE: SKYGOLD) ഉപകമ്പനിയായ സ്റ്റാർമംഗൽസൂത്ര പ്രൈവറ്റ് ലിമിറ്റഡിൽ (എസ്.പി.എൽ) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചുള്ള വൻ സാമ്പത്തിക തട്ടിപ്പ്. കമ്പനി ഡയറക്ടറുടെ ശബ്ദവും വ്യക്തിത്വവും ഡീപ്ഫേക്ക് സാങ്കേതികവിദ്യയിലൂടെ (Advanced Deep-fake Methodologies) വ്യാജമായി നിർമ്മിച്ച് ഏകദേശം 10.70 കോടി രൂപയാണ് തട്ടിയെടുത്തത്. രാജ്യത്തെ കോർപ്പറേറ്റ് മേഖലയെ ഞെട്ടിച്ച ഡീപ്ഫേക്ക് തട്ടിപ്പുകളിൽ ഒന്നാണിത്.
തട്ടിപ്പുകാർ ആദ്യം സ്റ്റാർമംഗൽസൂത്ര പ്രൈവറ്റ് ലിമിറ്റഡിലെ ഒരു ജീവനക്കാരന്റെ ഔദ്യോഗിക മൊബൈൽ ഫോണിലേക്കും ലാപ്ടോപ്പിലേക്കും ഹാക്കിങ്ങിലൂടെ അനധികൃതമായി പ്രവേശനം നേടി. തുടർന്ന്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ നൂതനമായ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് സ്റ്റാർമംഗൽസൂത്ര കമ്പനി ഡയറക്ടറുടെ ശബ്ദവും പ്രൊഫൈലും വ്യാജമായി നിർമ്മിച്ചു. ഡയറക്ടറുടെ നിർദ്ദേശമാണെന്ന് വിശ്വസിച്ച് ജീവനക്കാരൻ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ വെരിഫിക്കേഷനിലാണ് ഡയറക്ടർ അത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്ന് വ്യക്തമായത്.
ഇപ്പോൾ നടന്ന ഡീപ്ഫേക്ക് തട്ടിപ്പ് സ്കൈ ഗോൾഡിന്റെയോ ഉപകമ്പനിയുടെയോ പ്രധാന ഐടി സിസ്റ്റങ്ങൾ, നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ഉപഭോക്തൃ ഡാറ്റ, ജീവനക്കാരുടെ ഡാറ്റാബേസ് എന്നിവയെ ബാധിച്ചിട്ടില്ലെന്ന് സ്കൈ ഗോൾഡ് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജീവനക്കാരന്റെ വ്യക്തിഗത ഉപകരണം ഹാക്ക് ചെയ്ത് കമ്പനിയുടെ കമ്മ്യൂണിക്കേഷൻ ചാനലുകൾ ദുരുപയോഗം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിലവിലെ ബിസിനസ് പ്രവർത്തനങ്ങളെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും സ്കൈ ഗോൾഡ് അറിയിച്ചു.
ഉപകമ്പനിയായ സ്റ്റാർമംഗൽസൂത്ര പ്രൈവറ്റ് ലിമിറ്റഡിലെ തട്ടിപ്പ് വിവരം ജൂലൈ 15-നാണ് പുറത്തറിയുന്നത്. തുടർന്ന് നാഷണൽ സൈബർ ക്രൈം ഹെൽപ്പ്‌ലൈനിലും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും സ്കൈ ഗോൾഡ് പരാതി നൽകി. തുക കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകൾ കണ്ടെത്താനും മരവിപ്പിക്കാനുമുള്ള നടപടികൾ ബാങ്കുകളുമായി ചേർന്ന് പുരോഗമിക്കുകയാണ്. ഭാവിയിൽ ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ പേയ്‌മെന്റുകൾക്ക് മൾട്ടി-ലെവൽ വെരിഫിക്കേഷൻ, ജീവനക്കാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം എന്നിവ ശക്തമാക്കുമെന്ന് സ്കൈ ഗോൾഡ് കമ്പനിയുടെ മാനേജ്‌മെന്റ് അറിയിച്ചു.
ഡീപ്ഫേക്ക് തട്ടിപ്പ് വാർത്ത പുറത്തുവന്നതോടെ സ്കൈ ഗോൾഡിന്റെ ഓഹരികളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വിൽപ്പന സമ്മർദ്ദം പ്രകടമായി. ബുധനാഴ്ചത്തെ (ജൂലൈ 15) വ്യാപാരത്തിനിടെ 646 രൂപ വരെ മുന്നേറിയ ഈ സ്മോൾ ക്യാപ് ഓഹരി പിന്നീട് തിരിച്ചടി നേരിട്ട് വെള്ളിയാഴ്ചത്തെ (ജൂലൈ 17) വ്യാപാരത്തിന്റെ തുടക്കത്തിൽ 604 രൂപ വരെ താഴേക്കിറങ്ങിയിരുന്നു.
അതേസമയം വൻകിട കമ്പനികളുടെ സി.ഇ.ഒ.മാരെയോ ഡയറക്ടർമാരെയോ അനുകരിച്ച് പണം തട്ടുന്ന ഇത്തരം ഗ്ലോബൽ "ഫേക്ക് സി.ഇ.ഒ" തട്ടിപ്പുകൾ കോർപ്പറേറ്റുകൾക്ക് പുതിയൊരു വെല്ലുവിളിയായി മാറുകയാണ്. കോർപ്പറേറ്റ് ഗവേണൻസിനേയും സൈബർ സുരക്ഷാ ഭീഷണിയേയും നിക്ഷേപകർ ഗൗരവമായി വിലയിരുത്തുന്നതിന്റെ പ്രതിഫലനമാണ് സ്കൈ ഗോൾഡ് ഓഹരിയിലും കാണാനാകുന്നത്.
നഷ്ടത്തിന്റെ തോത് വിലയിരുത്തുക: പുറത്തുവന്ന വാർത്തകൾക്ക് ഉപരിയായി ഉപകമ്പനിക്ക് നേരിട്ട 11 കോടി രൂപയുടെ നഷ്ടം സ്കൈ ഗോൾഡിന്റെ ബാലൻസ് ഷീറ്റിനെയും വകയിരുത്തിയ പ്രവർത്തന മൂലധനത്തെയും (Working Capital) ബാധിക്കുമോ എന്ന് വിലയിരുത്തുക.
പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ: കമ്പനി പ്രഖ്യാപിച്ച പുതിയ വെരിഫിക്കേഷൻ രീതികളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.
സൈബർ ഇൻഷുറൻസ്: ഇത്തരം തട്ടിപ്പുകളിൽ നിന്നുള്ള നഷ്ടം നികത്താൻ ആവശ്യമായ സൈബർ ഇൻഷുറൻസ് പരിരക്ഷ കമ്പനിക്കുണ്ടോ എന്ന് പരിശോധിക്കുക.
വരാനിരിക്കുന്ന സാമ്പത്തിക പാദഫലങ്ങൾ വിലയിരുത്തുക: കമ്പനിയുടെ ഇന്റേണൽ ഓഡിറ്റ് കണ്ടെത്തലുകൾ, ഇൻഷുറൻസ് ക്ലെയിം, റെഗുലേറ്ററി നടപടികൾ എന്നിവയിൽ മാനേജ്‌മെന്റിന്റെ വിശദീകരണങ്ങൾ (Management Commentary) സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ സംബന്ധമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ശുപാര്‍ശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine