Markets

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശകളിൽ മാറ്റമില്ല

Dhanam News Desk

ലഘു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപകർക്ക് നിരാശ. വിവിധ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവയുൾപ്പെടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ സെപ്റ്റംബർ പാദത്തിൽ മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായനിരക്ക് വർധിച്ചതിനാൽ ലഘു സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്കുയരുമെന്ന് ചില അനലിസ്റ്റുകൾ പ്രവചിച്ചിരുന്നു. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ബോണ്ടുകളുടെ ആദായ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട് ബോണ്ട് ആദായം ഉയരുന്നതിനനുസരിച്ച് ഇവയുടെ പലിശനിരക്ക് ഉയരേണ്ടതാണെന്നാണ് അവരുടെ വാദം.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്കീം, സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, ടൈം ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ്, മന്ത്‌ലി ഇൻകം സ്കീം എന്നിവ പ്രധാന ചെറു നിക്ഷേപ പദ്ധതികളാണ്.

പി.പി.എഫ്. പദ്ധതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7.6 ശതമാനം പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തെ ദേശീയ സമ്പാദ്യ പദ്ധതിയിലും 7.6 ശതമാനം തന്നെയാണ് പലിശ. 118 മാസംകൊണ്ട് പൂര്‍ത്തിയാകുന്ന കിസാന്‍ വികാസ് പത്രയിലെ നിക്ഷേപത്തിന് 7.3 ശതമാനമാണ് പലിശ.

പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി പദ്ധതിയിലെ നിക്ഷേപത്തിന് 8.1 ശതമാനം പലിശ തുടരും. അഞ്ച് വര്‍ഷത്തെ റെക്കറിങ് ഡെപ്പോസിറ്റിൻറെ പലിശ 6.9 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള അഞ്ചുവര്‍ഷത്തെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് പദ്ധതിക്ക് 8.3 ശതമാനം പലിശയാണ് ലഭിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT