കേരളത്തിൽ നിന്നുള്ള പ്രമുഖ ലിസ്റ്റഡ് കമ്പനിയും മുൻനിര സ്വകാര്യ ബാങ്കിങ് സ്ഥാപനവുമായ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയിൽ വൻ തകർച്ച. വെള്ളിയാഴ്ച രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോൾ ഈ ബാങ്ക് ഓഹരിയുടെ വില 19 ശതമാനം വരെ ഇടിഞ്ഞു. 36 രൂപയിലേക്ക് ഓഹരി കൂപ്പുകുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിലവാരമാണിത്.
അതുപോലെ ഒരു വ്യാപാര ദിനത്തിനിടയിൽ (ഇൻട്രാഡേ) സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയുടെ വിപണി വിലയിൽ നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച കൂടിയാണിത്. ഇതിന് മുൻപ് 2018 ജൂലൈയിൽ രേഖപ്പെടുത്തിയ വീഴ്ചയായിരുന്നു ഇൻട്രാഡേ നഷ്ടക്കണക്കിൽ മുന്നിൽ നിന്നിരുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം.ഡി & സി.ഇ.ഒ ആയ പി.ആർ ശേഷാദ്രി, നിലവിലെ കാലാവധി അവസാനിക്കുമ്പോൾ വീണ്ടും നിയമനത്തിന് ശ്രമിക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ വ്യക്തമാക്കിയതോടെയാണ് ഓഹരി വില ഇടിഞ്ഞത്. 2026 സെപ്റ്റംബർ 30നാണ് കാലാവധി അവസാനിക്കുന്നത്. 2023 ഒക്ടോബറിലായിരുന്നു പി.ആർ ശേഷാദ്രി സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോയിൻ ചെയ്തത്.
വിപണിയിലെ അവസരങ്ങൾ മുതലെടുക്കാനുള്ള പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിലും പ്രശ്ന പരിഹാരം കണ്ടെത്തുന്നതിലും കഴിവ് തെളിച്ച കരിയറായിരുന്നു ശേഷാദ്രിയുടേത്. നിരവധി വിദേശ, സ്വകാര്യ ബാങ്കുകളുടെ നേതൃനിരയിൽ വിജയകരമായി പ്രവർത്തിച്ച ശേഷമായിരുന്നു അദ്ദേഹം ഈ ബാങ്കിൽ ചേർന്നത്. ശേഷാദ്രിയുടെ കാലയളവിനിടെ ബാങ്ക് നേരിട്ടിരുന്ന പ്രധാന വെല്ലുവിളിയായിരുന്ന നിഷ്ക്രിയ ആസ്തിയിൽ (NPA) ഗണ്യമായ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. അതേസമയം ബാങ്ക് നേതൃത്വം പുതിയ മേധാവിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം.ഡി & സിഇഒ സ്ഥാനത്തിരുന്നവർ, തങ്ങളുടെ ഔദ്യോഗിക കാലാവധി നീട്ടിച്ചോദിക്കാതെ പുറത്തുപോകുന്ന തുടർച്ചയായ രണ്ടാമത്തെ സംഭവമാണിത്. ശേഷാദ്രിക്ക് തൊട്ടമുമ്പ് ബാങ്ക് മേധാവിയായിരുന്ന മുരളി രാമകൃഷ്ണനും (2020 ഒക്ടോബർ 1 - 2023 സെപ്റ്റംബർ 30), തന്റെ കാലാവധി നീട്ടിച്ചോദിച്ചില്ല. മുരളി രാമകൃഷ്ണന്റെ കാലയളവിനിടെയാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിച്ചത്. കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമവും തുടങ്ങിയത്.
ഇന്നത്തെ വ്യാപാരത്തിനിടെ കനത്ത തിരിച്ചടി നേരിട്ടെങ്കിലും കഴിഞ്ഞ ആറ് മാസക്കാലയളവിലെ പ്രകടനം നോക്കിയാൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയിൽ ഇപ്പോഴും 26 ശതമാനം നേട്ടമുണ്ട്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നിക്ഷേപകർക്ക് 47 ശതമാനം നേട്ടവും സമ്മാനിച്ചു. 2026 ജനുവരി 22-ന് രേഖപ്പെടുത്തിയ 46.84 രൂപയാണ് കഴിഞ്ഞ ഒരു വർഷ കാലയളവിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയുടെ ഉയർന്ന നിലവാരം.
നടപ്പ് സാമ്പത്തിക വർഷത്തെ (2025-26) ഡിസംബർ പാദത്തിൽ മികച്ച ബിസിനസ് പ്രകടനമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് കാഴ്ചവെച്ചത്. മുൻ വർഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റ പലിശ വരുമാനത്തിൽ (NII) 1.3 ശതമാനവും അറ്റാദായത്തിൽ 9.5 ശതമാനവും വീതം വർധന കരസ്ഥമാക്കി. ഡിസംബർ പാദത്തിനിടെ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (Gross NPA) 2.93 ശതമാനത്തിൽ നിന്നും 2.67 ശതമാനത്തിലേക്ക് താഴ്ന്ന നില മെച്ചപ്പെടുത്തി. എന്നാൽ അറ്റ നിഷ്ക്രിയ ആസ്തിയിൽ (Net NPA) 0.45 ശതമാനത്തിൽ നിന്നും 0.56 ശതമാനത്തിലേക്ക് ഉയർന്നു.
മേൽസൂചിപ്പിച്ച ഓഹരിയെ കുറിച്ചുള്ള വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine