തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 10 ശതമാനം കുതിച്ചുയര്‍ന്നു. വ്യാപാരാന്ത്യത്തില്‍ ഓഹരി വിലയുള്ളത് 35.65 രൂപയിലാണ്. അവകാശ ഓഹരികളിറക്കി (Rights Issue) 1,151 കോടി രൂപ സമാഹരിക്കാന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് ഓഹരികളുടെ കുതിപ്പ്.
കഴിഞ്ഞ ഡിസംബറില്‍ വാഗ്ദാനം ചെയ്ത അവകാശ ഓഹരികള്‍ സംബന്ധിച്ചാണ് ബാങ്ക് ഇപ്പോള്‍ തീരുമാനത്തിലേക്ക് എത്തിയത്. മൊത്തം 52.31 കോടി ഓഹരികളാണ് അവകാശ ഓഹരി ഇഷ്യൂവില്‍ ബാങ്ക് പുറത്തിറക്കുക.
35% ഡിസ്‌കൗണ്ട് വില
ഓഹരി ഒന്നിന് 22 രൂപ നിരക്കിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് അവകാശ ഓഹരികളിറക്കുക. അതായത്, ഇന്നത്തെ വിപണിവിലയേക്കാള്‍ 35 ശതമാനത്തോളം കുറഞ്ഞവിലയ്ക്ക് അവകാശ ഓഹരി വാങ്ങാം.
മാര്‍ച്ച് ആറിന് അവകാശ ഓഹരി വില്‍പന ആരംഭിച്ച് 20ന് സമാപിക്കും. ഈമാസം 27 ആണ് (Feb 27) അവകാശ ഓഹരി വില്‍പനയുടെ റെക്കോഡ് തീയതി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓരോ 4 ഓഹരിക്കും ഒന്നുവീതം അവകാശ ഓഹരി നേടാന്‍ നിലവിലെ ഓഹരി ഉടമകള്‍ക്ക് അര്‍ഹതയുണ്ടാകും.
എന്താണ് അവകാശ ഓഹരി വില്‍പന?
നിലവിലെ ഓഹരി ഉടമകള്‍ക്ക് കുറഞ്ഞവിലയ്ക്ക് അധികമായി ഓഹരി നല്‍കി നടത്തുന്ന മൂലധന സമാഹരണമാണ് അവകാശ ഓഹരി വില്‍പന (Rights Issue). ഒരാള്‍ നിലവില്‍ ഓഹരി ഉടമ അല്ലെങ്കില്‍ അവകാശ ഓഹരി വില്‍പനയില്‍ പങ്കെടുക്കാനാവില്ല.
Read DhanamOnline in English
Subscribe to Dhanam Magazine