Image courtesy: Canva
Markets

സ്വര്‍ണം തന്നെ ഇന്നും നല്ലത്, സുരക്ഷിതം; പറയുന്നത് ഈ ആഗോള നിക്ഷേപകന്‍, കാരണമറിയാം

പ്രതിസന്ധിക്കാലങ്ങളില്‍ സ്വര്‍ണം സ്വന്തം മൂല്യം നിലനിര്‍ത്തിയിട്ടുള്ളതായി കാണാം

Dhanam News Desk

സ്വര്‍ണ നിക്ഷേപത്തെ ശക്തമായി പിന്തുണച്ച് ലോകത്തിലെ പ്രമുഖ നിക്ഷേപകരിലൊരാളും 2008ലെ മാന്ദ്യം പ്രവചിച്ച ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകനുമായ റേ ഡാലിയോ. പെട്ടെന്നുണ്ടായ വിലക്കുറവിന് പിന്നാലെ ശക്തമായ തിരിച്ചുകയറ്റം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ്, പണം സൂക്ഷിക്കാന്‍ ഏറ്റവും നല്ല ഇടം സ്വര്‍ണമാണ് എന്ന തന്റെ നിലപാട് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചത്.

ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന അനിശ്ചിതത്വങ്ങളും സര്‍ക്കാരുകളുടെ ഉയര്‍ന്ന കടബാധ്യതയും കണക്കിലെടുത്താല്‍ കറന്‍സികളേക്കാള്‍ വിശ്വാസ്യത സ്വര്‍ണത്തിനുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസംഗത്തില്‍ ഡാലിയോ വിശദീകരിച്ചു. ദിവസേന മൂല്യം മാറിമറിയുന്ന ആസ്തികളില്‍നിന്ന് വ്യത്യസ്തമായി, ദീര്‍ഘകാല മൂല്യം നിലനിര്‍ത്താന്‍ സ്വര്‍ണത്തിന് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വിപണികളില്‍ സമീപകാലത്ത് ഉണ്ടായ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്വര്‍ണവില താല്‍ക്കാലികമായി ഇടിഞ്ഞെങ്കിലും, പിന്നാലെ ശക്തമായ തിരിച്ചുകയറ്റമാണ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തിലേക്ക് തിരിഞ്ഞതായാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

കേന്ദ്രബാങ്കുകളുടെ വലിയ തോതിലുള്ള സ്വര്‍ണവാങ്ങലുകളും കറന്‍സി മൂല്യത്തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകളും സ്വര്‍ണത്തിന് പിന്തുണ നല്‍കുന്ന ഘടകങ്ങളാണെന്ന് ഡാലിയോ ചൂണ്ടിക്കാട്ടി. പലിശയോ ഡിവിഡന്‍ഡോ നല്‍കുന്ന ആസ്തിയല്ലെങ്കിലും, പ്രതിസന്ധി ഘട്ടങ്ങളില്‍ സമ്പത്ത് സംരക്ഷിക്കാന്‍ സ്വര്‍ണം പ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

എന്താണ് വാദത്തിന് അടിസ്ഥാനം?

ഡാലിയോയുടെ വാദപ്രകാരം, ഇന്ന് ലോക സമ്പദ്‌വ്യവസ്ഥ വലിയ കടബാധ്യതയുടെ ചക്രത്തിലാണ്. സര്‍ക്കാരുകളും കേന്ദ്രബാങ്കുകളും വളര്‍ച്ച നിലനിര്‍ത്താന്‍ കൂടുതല്‍ കടം എടുക്കുകയും കൂടുതല്‍ പണം അച്ചടിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലം ദീര്‍ഘകാലത്ത് കറന്‍സികളുടെ മൂല്യം ക്ഷയിക്കുന്നതാണ്. കറന്‍സികള്‍ സര്‍ക്കാരുകളുടെ വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍, സ്വര്‍ണം ആരുടേയും ബാധ്യതയല്ലാത്ത ഒരു ആസ്തിയാണെന്നതാണ് ഡാലിയോയുടെ പ്രധാന ചൂണ്ടിക്കാട്ടല്‍.

ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളും വ്യാപാര യുദ്ധങ്ങളും ആഗോള ധനകാര്യ സംവിധാനത്തെ കൂടുതല്‍ അനിശ്ചിതമാക്കുന്നുവെന്ന് ഡാലിയോ പറയുന്നു. അത്തരം ഘട്ടങ്ങളില്‍ ഓഹരികളും ബോണ്ടുകളും ഉള്‍പ്പെടെയുള്ള പേപ്പര്‍ ആസ്തികള്‍ പെട്ടെന്ന് മൂല്യം നഷ്ടപ്പെടാം. എന്നാല്‍ ചരിത്രപരമായി പ്രതിസന്ധിക്കാലങ്ങളില്‍ സ്വര്‍ണം, മൂല്യം നിലനിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

മൂന്നാമത്തെ പ്രധാന കാരണമായി ഡാലിയോ ചൂണ്ടിക്കാണിക്കുന്നത് കേന്ദ്രബാങ്കുകളുടെ നയങ്ങളാണ്. ലോകത്തെ നിരവധി കേന്ദ്രബാങ്കുകള്‍ അടുത്തകാലത്തായി സ്വര്‍ണ ശേഖരം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് തന്നെ, കറന്‍സികളിലേക്കുള്ള വിശ്വാസത്തില്‍ കുറവ് സംഭവിക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഡോളര്‍ ഉള്‍പ്പെടെയുള്ള റിസര്‍വ് കറന്‍സികളില്‍ മാത്രം ആശ്രയിക്കാതെ സ്വര്‍ണത്തിലേക്ക് മാറുകയാണ് പല രാജ്യങ്ങളും ചെയ്യുന്നത്.

പലിശയോ ഡിവിഡന്‍ഡോ നല്‍കാത്ത ആസ്തിയാണ് സ്വര്‍ണം എന്ന വിമര്‍ശനം ഡാലിയോ നിഷേധിക്കുന്നില്ല. എന്നാല്‍ സ്വര്‍ണത്തിന്റെ പ്രധാന ഗുണം വരുമാനം നല്‍കുന്നതല്ല, മറിച്ച് 'സമ്പത്ത് സംരക്ഷണം' ആണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വലിയ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുന്ന ഘട്ടങ്ങളില്‍ പണം സൂക്ഷിക്കാന്‍ കഴിയുന്ന ആസ്തിയായിട്ടാണ് സ്വര്‍ണത്തെ അദ്ദേഹം കാണുന്നത്.

ഇതുകൊണ്ടാണ്, വ്യക്തികളും സ്ഥാപനങ്ങളും അവരുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയിലൊരു ഭാഗമെങ്കിലും സ്വര്‍ണത്തിനായി മാറ്റിവയ്ക്കണമെന്ന് ഡാലിയോ സ്ഥിരമായി നിര്‍ദേശിക്കുന്നത്. താല്‍ക്കാലിക വിലക്കയറ്റങ്ങളേക്കാള്‍ ദീര്‍ഘകാല സാമ്പത്തിക അപകടങ്ങളില്‍നിന്നുള്ള സംരക്ഷണമാണ് സ്വര്‍ണത്തിന്റെ യഥാര്‍ഥ മൂല്യമെന്ന് അദ്ദേഹത്തിന്റെ വാദം ചുരുക്കി പറയാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT