Markets

വ്യാപാരാന്ത്യം നേരിയ ഇടിവ്, വിപണിയിലേക്കുള്ള പണമൊഴുക്കില്‍ കുറവില്ല, കരുത്തുകാട്ടി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും പ്രതിരോധ ഓഹരികളും

നിക്ഷേപക മനഃശാസ്ത്രത്തിനൊപ്പം നാലാംപാദത്തിലെ മികച്ച റിസല്‍ട്ടുകളും പ്രതിരോധ ഓഹരികള്‍ക്ക് കരുത്തായി

Lijo MG

നേട്ടം കൊയ്ത ആഴ്ച്ചയ്‌ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ ഇറക്കം. ഇന്ന് വാരാന്ത്യത്തില്‍ സെന്‍സെക്‌സ് 200.15 പോയിന്റ് (0.24 ശതമാനം) ഇടിഞ്ഞ് 82,330.59ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 42.30 പോയിന്റാണ് താഴ്ന്നത്. 0.17 ശതമാനം ഇടിഞ്ഞ് 25,019.80 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

ടെക്‌നോളജി ഓഹരികളുടെ വീഴ്ച്ചയാണ് വിപണിക്ക് തിരിച്ചടിയായത്. എന്നിരുന്നാല്‍ പോലും ഈയാഴ്ച്ച നാല് ശതമാനം നേട്ടമാണ് വിപണി സമ്മാനിച്ചത്. പ്രതിരോധ ഓഹരികളും മീഡിയ, റിയല്‍റ്റി, ഓട്ടോ, കണ്‍സ്യൂമര്‍ ഗുഡ്‌സ് ഓഹരികളും ഇന്ന് മികവ് പുലര്‍ത്തി.

പാക്കിസ്ഥാനെതിരായ ആക്രമണത്തിനുശേഷം പ്രതിരോധ ഓഹരികള്‍ നടത്തുന്ന കുതിപ്പ് ഇന്നും തുടര്‍ന്നു. നിക്ഷേപക മനഃശാസ്ത്രത്തിനൊപ്പം നാലാംപാദത്തിലെ മികച്ച റിസല്‍ട്ടുകളും പ്രതിരോധ ഓഹരികള്‍ക്ക് കരുത്തായി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരികളും ഇന്ന് കത്തിക്കയറി.

സൂചികകളുടെ പ്രകടനം

ഇന്നലെ എല്ലാം പച്ചയിലായിരുന്നെങ്കില്‍ ഇന്ന് ഓട്ടോ (0.62), എഫ്എംസിജി (0.66), മീഡിയ (1.11), പൊതുമേഖല ബാങ്ക് (0.10), റിയാല്‍റ്റി (1.63) സൂചികകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഐടി വലിയ തിരിച്ചടി നേരിട്ടു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന നയം തുടര്‍ന്നു.

നേട്ടം കൊയ്ത് ഷിപ്പ്‌യാര്‍ഡ്

നാലാംപാദ ഫലങ്ങളുടെ കരുത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് 12.96 ശതമാനം ഉയര്‍ന്നു. നാലാംപാദത്തില്‍ മുന്‍വര്‍ഷം സമാനപാദത്തേക്കാള്‍ 20 കോടി രൂപ ലാഭം വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.

മസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡിംഗ് ഓഹരികള്‍ക്കും ഇന്ന് മികച്ച ദിനമായിരുന്നു. 10.73 ശതമാനമാണ് ഉയര്‍ന്നത്. പ്രീമിയര്‍ എന്‍ജിനിയേഴ്‌സ് (9.59), റെയില്‍ വികാസ് നിഗം (9.18), ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ (6.56) ഓഹരികളും നേട്ടം കൊയ്തു.

ഭാരതി എയര്‍ടെലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയവരില്‍ മുന്നില്‍. 2.83 ശതമാനമാണ് ഓഹരി ഇടിഞ്ഞത്. സിംഗപ്പൂര്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് തങ്ങളുടെ കൈവശമുള്ള 7.1 കോടി ഓഹരികള്‍ 13,221 കോടി രൂപയ്ക്ക് വിറ്റുവെന്ന വാര്‍ത്ത പുറത്തു വന്നതാണ് ഭാരതി എയര്‍ടെല്‍ ഓഹരികളെ നഷ്ടത്തിലാക്കിയത്. ഇതോടെ എയര്‍ടെല്ലില്‍ സിംഗപ്പൂര്‍ കമ്പനിയുടെ ഒഹാരിപങ്കാളിത്തം 28.3 ശതമാനമായി താഴ്ന്നു. മുമ്പ് ഇത് 29.5 ശതമാനമായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഇന്ന് മികച്ചു നിന്നത് കേരള ആയുര്‍വേദയാണ്. 5.50 ശതമാനം നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്‌സ് (2.90), കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (5.00) ഓഹരികളും കരുത്തുകാട്ടി. മണപ്പുറം ഫിനാന്‍സ് (0.06) നേരിട്ട നേട്ടം സ്വന്തമാക്കിയപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് തുടര്‍ച്ചയായ രണ്ടാംദിനവും നഷ്ടം നേരിട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT