Markets

സൂചനകളെല്ലാം നെഗറ്റീവ്‌, രണ്ടാം ദിനത്തിലും വിപണിക്ക് നഷ്ടക്കഥ, ₹2,000 കോടിയുടെ ഓര്‍ഡറില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നേട്ടത്തില്‍

ഒറ്റ ദിവസത്തെ വ്യാപാരത്തില്‍ നിക്ഷേപകരുടെ സമ്പത്തില്‍ രണ്ടര ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്നും കണക്കുകള്‍

Dhanam News Desk

ആഗോള സൂചനകള്‍ നെഗറ്റീവായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടക്കച്ചവടം. മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 297 പോയിന്റ് നഷ്ടത്തില്‍ 82,029.98ലെത്തി. നിഫ്റ്റിയാകട്ടെ 82 പോയിന്റ് നഷ്ടത്തില്‍ 25,145.50ലാണ് ക്ലോസ് ചെയ്തത്. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 426.5 ലക്ഷം കോടി രൂപയില്‍ നിന്ന് 459 ലക്ഷം കോടി രൂപയിലെത്തി. ഇന്നത്തെ മാത്രം നഷ്ടം രണ്ടര ലക്ഷം കോടി രൂപയെന്നും കണക്കുകള്‍ പറയുന്നു.

നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.75 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.89 ശതമാനവും നഷ്ടത്തിലായി. എല്ലാ പ്രധാനപ്പെട്ട സെക്ടറുകളും ഇന്ന് നഷ്ടത്തിലായിരുന്നു. പി.എസ്.യു ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ എന്നീ സൂചികകള്‍ കൂടുതല്‍ നഷ്ടത്തിലായി. നിഫ്റ്റി മെറ്റല്‍, ഫാര്‍മ, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി.

വിപണിക്കെന്ത് പറ്റി

യു.എസ്-ചൈന വ്യാപാര തര്‍ക്കം വീണ്ടും രൂക്ഷമായതാണ് ഇന്നും വിപണിയെ സാരമായി ബാധിച്ചത്. നിലവിലുള്ള 30 ശതമാനം താരിഫിന് പുറമെ 100 ശതമാനം അധിക തീരുവ കൂടി വെള്ളിയാഴ്ച ചൈനക്ക് മേല്‍ ചുമത്തിയിരുന്നു. അപൂര്‍വ മൂലകങ്ങള്‍ക്ക് ചൈന കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് യു.എസിനെ പ്രകോപിപ്പിച്ചത്. ലോകത്തിലെ രണ്ട് വലിയ സാമ്പത്തിക ശക്തികളായ ചൈനയും യു.എസും വ്യാപാര തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ആഗോള വിപണികളെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മികച്ച ഐ.പി.ഒ ലിസ്റ്റിംഗുകളും ഐ.ടി കമ്പനികളുടെ മെച്ചപ്പെട്ട രണ്ടാം പാദ ഫലങ്ങളും ഉണ്ടായിട്ടും വിപണി നഷ്ടത്തെ തടുക്കാന്‍ കഴിഞ്ഞില്ല. എല്‍.ജി ഐ.പി.ഒ നിക്ഷേപകരുടെ ശ്രദ്ധയില്‍ വന്നെങ്കിലും വിപണിയെ മൊത്തത്തില്‍ ഉയര്‍ത്താന്‍ ശേഷിയുണ്ടായില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോര്‍പറേറ്റുകളുടെ രണ്ടാം പാദഫലങ്ങള്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയതും പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്നതും പൊതുവിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതിന്റെ സൂചനയാണെന്ന് നിക്ഷേപകര്‍ വിലയിരുത്തുന്നു. ഇതോടെ ലാഭമെടുപ്പും വര്‍ധിച്ചു. ഹെവിവെയ്റ്റ് ഓഹരികളായ ഭാരത് ഇലക്ട്രോണിക്‌സ്, ബജാജ് ഫിനാന്‍സ്, ട്രെന്റ് എന്നിവയിലാണ് വില്‍പ്പന സമ്മര്‍ദ്ദം ശക്തമായത്.

ലാഭവും നഷ്ടവും

കമ്പനിയുടെ രണ്ടാം പാദ ഫലങ്ങള്‍ അംഗീകരിക്കുന്നതിനായി അടുത്ത ദിവസങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമെന്ന വാര്‍ത്തകള്‍ ടാറ്റ കമ്യൂണിക്കേഷന്‍ ഓഹരികളെ ഉയര്‍ത്തി. മികച്ച പാദഫല റിപ്പോര്‍ട്ടായിരിക്കും കമ്പനി പുറത്തുവിടുകയെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ജപ്പാനിലെ ന്യൂറ (neura) റോബോട്ടിക്‌സുമായി ചേര്‍ന്ന് അത്യാധുനിക റോബോട്ടിക് സാങ്കേതിക വികസിപ്പിക്കാന്‍ കരാറൊപ്പിട്ടതാണ് സോന ബി.എല്‍.ഡബ്ല്യൂ പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ് ഓഹരികള്‍ക്ക് തുണയായത്. 2035 എത്തുമ്പോള്‍ കമ്പനിക്ക് പ്രതിവര്‍ഷം ഒരുകോടി ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ വില്‍പ്പന ലഭിച്ചേക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്ക പോലുള്ള സ്ഥാപനങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. മികച്ച രണ്ടാം പാദഫലം പുറത്തുവന്നതാണ് ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ദേവ് ഏജന്‍സി ലിമിറ്റഡിന് ഗുണമായത്. പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ്, വാരീ എനര്‍ജീസ് ലിമിറ്റഡ് തുടങ്ങിയ ഓഹരികളും ഇന്ന് നേട്ടക്കണക്കില്‍ മുന്നിലുണ്ട്.

ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനിയായ ഡിക്‌സന്‍ ടെക്‌നോളജീസ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികളും ഇന്ന് കനത്ത നഷ്ടം നേരിട്ടു. പ്രധാന പങ്കാളിയായ മോട്ടോറോളയില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതാണ് പ്രധാന കാരണം. ഇതിന് പിന്നാലെ ചില ബ്രോക്കറേജുകള്‍ സെല്‍ (SELL) റേറ്റിംഗ് നല്‍കിയതും ഓഹരിക്ക് തിരിച്ചടിയായി. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഭാരതി ഹെക്‌സാകോം, ഇന്‍ഡസ് ടവേഴ്‌സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളും ഇന്ന് ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പച്ചവെളിച്ചം

ഏഴ് ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലാഭത്തിലായതിനും വിപണി സാക്ഷിയായി. യൂറോപിലെ ഒരു കമ്പനിക്ക് വേണ്ടി ആറ് ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ നിര്‍മിക്കാന്‍ 2,000 കോടി രൂപയുടെ കരാര്‍ ലഭിച്ചെന്ന വാര്‍ത്തയാണ് ഓഹരികള്‍ക്ക് കുതിപ്പേകിയത്. ഓഹരിയൊന്നിന് 1,780 രൂപ നിരക്കിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ശതമാനക്കണക്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ അബേറ്റ് എ.എസ് ഇന്‍ഡസ്ട്രീസാണ്. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, പ്രൈമ ഇന്‍ഡസ്ട്രീസ്, വെസ്റ്റേണ്‍ ഇന്ത്യ െൈപ്ലവുഡ്‌സ്, യൂണിറോയല്‍ മറൈന്‍ ഇന്‍ഡസ്ട്രീസ്, വെര്‍ടെക്‌സ് സെക്യൂരിറ്റീസ് തുടങ്ങിയ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.

അഞ്ച് ശതമാനം നഷ്ടം നേരിട്ട പോപ്പീസ് കെയര്‍, 3.96 ശതമാനം ഇടിഞ്ഞ കേരള ആയുര്‍വേദ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടത്തിലായത്. ആഡ്‌ടെക് സിസ്റ്റംസ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സിംഗ് ബാങ്ക്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, ടോളിന്‍സ് ടയേഴ്‌സ് തുടങ്ങിയ ഓഹരികളും ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT