ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ലാഭക്കച്ചവടം. യു.എസ് ഫെഡ് നിരക്കുകള്‍ കുറക്കുമെന്നും യു.എസ്-ഇന്ത്യ വ്യാപാര കരാര്‍ സാധ്യമാകുമെന്നുമുള്ള പ്രതീക്ഷകളാണ് വിപണിയെ നയിച്ചത്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും വിപണിക്ക് തുണയായി.
595 പോയിന്റുകള്‍ (0.73 ശതമാനം) ഉയര്‍ന്ന സെന്‍സെക്‌സ് സൂചിക 82,380.69ലെത്തി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 460 ലക്ഷം കോടി രൂപയില്‍ നിന്ന് 463 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഒറ്റദിവസത്തെ വ്യാപാരത്തില്‍ നിക്ഷേപകരുടെ പോക്കറ്റില്‍ അധികമായെത്തിയത് മൂന്ന് ലക്ഷം കോടിരൂപ. നിഫ്റ്റിയാകട്ടെ 170 പോയിന്റ് നേട്ടത്തില്‍ 25,239.10 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് മാസത്തിനിടെ നിഫ്റ്റി ഇത്രയും പോയിന്റുകള്‍ ഉയരുന്നത് ഇതാദ്യമായാണ്.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.54 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.95 ശതമാനവും നേട്ടത്തിലായി. സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി എഫ്.എം.സി.ജി ഒഴികെയുള്ളവയെല്ലാം ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. നിഫ്റ്റി ഓട്ടോ, റിയല്‍റ്റി എന്നിവ ഒരു ശതമാനത്തോളം നേട്ടത്തിലായി. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ്, മീഡിയ, ഐ.റ്റി, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പ്രൈവറ്റ് ബാങ്ക് എന്നിവയും മികച്ച നേട്ടത്തിലായിരുന്നു.
ഇന്ത്യ-യു.എസ് വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍. സൗത്ത് ഏഷ്യയിലെ യു.എസ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറിലെത്തുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ 17ന് യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തുമെന്ന സൂചനകളും നിക്ഷേപകര്‍ക്ക് ആവേശം നല്‍കി.
സെപ്റ്റംബര്‍ 22 മുതല്‍ നടപ്പിലാക്കുന്ന ജി.എസ്.ടി പരിഷ്‌ക്കാരവും ഫെസ്റ്റിവല്‍ ഡിമാന്‍ഡും കണക്കിലെടുത്ത് ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികളും ഇന്ന് മികച്ച നേട്ടത്തിലായി. വരുന്ന ദിവസങ്ങളില്‍ നിക്ഷേപകരുടെ ശ്രദ്ധ വ്യാപാര ചര്‍ച്ചകളിലേക്ക് കേന്ദ്രീകരിക്കുമെന്നാണ് വിലയിരുത്തല്‍.
ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, സ്വിഗി ലിമിറ്റഡ്, കൊടക് മഹീന്ദ്ര ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികളാണ് ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലെത്തിയത്. റെഡിഗ്ടണ്‍, ഗോഡ്ഫ്റേ ഫിലിപ്പ്‌സ്, ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ്, ഏജീസ് ലോജിസ്റ്റിക്‌സ്, ഉഷ മാര്‍ട്ടിന്‍ പോലുള്ള കമ്പനികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. അഞ്ച് ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ റിലയന്‍സ് പവര്‍ ഓഹരികളും ഇന്ന് നിക്ഷേപകര്‍ക്ക് ആശ്വാസമായി. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സാധ്യമാകുമെന്ന പ്രതീക്ഷയില്‍ ടെക്‌സ്റ്റൈല്‍ രംഗത്തെ ഓഹരികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കി. വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷ ഓട്ടോ, ടയര്‍ ഓഹരികള്‍ക്കും തുണയായി.
ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഒല ഇലക്ട്രിക് മൊബിലിറ്റി, വരുണ്‍ ബിവറേജസ്, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്നീ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. ഇന്നത്തെ പി.എല്‍.ഐ പദ്ധതി പ്രകാരം 400 കോടി രൂപ ലഭിക്കാനുണ്ടെന്ന് കാട്ടി കേന്ദ്രത്തെ സമീപിച്ചതിനെ തുടര്‍ന്ന് ഓഹരി ഉയര്‍ന്നെങ്കിലും ഇന്ന് വിലയിടിഞ്ഞു.
ഇന്ത്യ-യു.എസ് വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതോടെ കുഞ്ഞുടുപ്പ് നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് വീണ്ടും അപ്പര്‍സര്‍ക്യൂട്ടിലെത്തി. 193.12 രൂപക്ക് വ്യാപാരം തുടങ്ങിയ കിറ്റെക്‌സ് അഞ്ച് ശതമാനം ഉയര്‍ന്ന് ഓഹരിയൊന്നിന് 202.77 രൂപയിലാണ് ക്ലോസ് ചെയ്തത്. ശതമാന കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് പ്രൈമ അഗ്രോയാണ്. ടോളിന്‍സ് ടയേഴ്‌സ്, റബ്ഫില ഇന്‍ര്‍നാഷണല്‍, പ്രൈമ ഇന്‍ഡസ്ട്രീസ്, സെല്ല സ്‌പേസ് എന്നിവ നാല് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ്, പോപ്പുലര്‍ വെഹിക്കിള്‍സ്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, ടി.സി.എം, വെര്‍ടെക്‌സ് സെക്യൂരിറ്റീസ് എന്നീ കമ്പനികളും മികച്ച നേട്ടമുണ്ടാക്കി.
കേരള കമ്പനികളില്‍ ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് സ്റ്റെല്‍ ഹോള്‍ഡിംഗ്‌സാണ്. സി.എസ്.ബി ബാങ്ക്, ആഡ്‌ടെക് സിസ്റ്റംസ്, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ കമ്പനികളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
Indian stock market closed higher on September 16, 2025, with Sensex up 595 points at 82,380 and Nifty gaining 170 points to 25,239. Check detailed market analysis, sector performance, and key triggers for investors.
Read DhanamOnline in English
Subscribe to Dhanam Magazine