Canva, BSE, NSE
Markets

മൂന്നാം ദിവസവും വിപണിക്ക് കാളക്കുതിപ്പ്! സെന്‍സെക്‌സ് കുതിച്ചത് 1,000 പോയിന്റ്, നിഫ്റ്റി 25,549ല്‍, ബാങ്ക് ഓഹരികള്‍ക്ക് നല്ലകാലം

അമേരിക്കന്‍ ഡോളറിന്റെ വിലയിടിഞ്ഞതും മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതും വിപണിക്ക് തുണയായി

Dhanam News Desk

മൂന്നാമത്തെ ദിവസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലാഭക്കച്ചവടം. ഹെവിവെയ്റ്റ് സ്‌റ്റോക്കുകളുടെ പ്രകടനവും ഫിനാന്‍ഷ്യല്‍, മെറ്റല്‍ ഓഹരികളിലുണ്ടായ റാലിയുമാണ് വിപണിയെ ലാഭത്തിലാക്കിയത്. അമേരിക്കന്‍ ഡോളറിന്റെ വിലയിടിഞ്ഞതും മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതും വിപണിക്ക് തുണയായി. കൂടാതെ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതും ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപമെത്തിക്കുമെന്ന പ്രതീക്ഷ സജീവമാക്കി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കമ്പനികളുടെ പ്രവര്‍ത്തന ഫലം മികച്ചതാകുമെന്ന പ്രതീക്ഷയും നിക്ഷേപകരുടെ പ്രതീക്ഷ ഉയര്‍ത്തി.

മുഖ്യ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,000 പോയിന്റുകള്‍ (1.21 ശതമാനം) ഉയര്‍ന്ന് 83,755.87 എന്ന നിലയിലെത്തി. നിഫ്റ്റിയാകട്ടെ 304.25 പോയിന്റുകള്‍ (1.21 ശതമാനം) ഉയര്‍ന്ന് 25,549 എന്ന നിലയിലാണ് വ്യാപാരം നിറുത്തിയത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.59 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.42 ശതമാനവും ഉയര്‍ന്നു.

സൂചികകളുടെ പ്രകടനം

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി ഐ.ടി, മീഡിയ, റിയല്‍റ്റി എന്നിവ ഒഴിച്ചുള്ള മേഖലകളെല്ലാം ലാഭത്തിലായെന്ന് കാണാന്‍ പറ്റും. മീഡിയ, റിയല്‍റ്റി എന്നിവ ഒരു ശതമാനം വീതമാണ് നഷ്ടം നേരിട്ടത്. എന്നാല്‍ നിഫ്റ്റി മെറ്റല്‍ (2.32%), ഓയില്‍ ആന്‍ഡ് ഗ്യാസ് (1.86%), ഫിനാന്‍ഷ്യല്‍ സര്‍വീസ് (1.48%), ബാങ്ക് (1.03%), പ്രൈവറ്റ് ബാങ്ക് (1.03%) എന്നീ മേഖലകള്‍ മികച്ച നേട്ടമുണ്ടാക്കി.

മിഡില്‍ ഈസ്റ്റില്‍ സമാധാനം

ദിവസങ്ങള്‍ നീണ്ട ആകാശയുദ്ധത്തിന് ശേഷം ഇസ്രയേലും ഇറാനും വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസമായി ഇതില്‍ ലംഘനമുണ്ടായെന്ന വാര്‍ത്തകളൊന്നും പുറത്തുവന്നിട്ടില്ല. ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ അടുത്ത ആഴ്ചയില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറയുന്നത്. ഇതോടെ മേഖലയിലെ സമാധാനം കൂടുതല്‍ കാലത്തേക്ക് നീണ്ടുനില്‍ക്കുമെന്ന പ്രതീക്ഷയേറി. ഇറാനിലെ ആണവകേന്ദ്രങ്ങളെയും മുതിര്‍ന്ന സൈനിക - നയതന്ത്ര ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ജൂണ്‍ 12നാണ് ഇസ്രയേല്‍ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 എന്ന പേരില്‍ ഇറാനും പ്രത്യാക്രമണം ആരംഭിച്ചതോടെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമെന്ന ആശങ്കയും ശക്തമായി. ഇതിനിടയില്‍ ഇറാനില്‍ യു.എസും ആക്രമണം നടത്തിയിരുന്നു.

ഡോളര്‍ വീണു

യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആക്രമണം രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ ഡോളര്‍ മൂന്നുവര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ സ്വാധീനിക്കുമെന്ന ആശങ്കയാണ് കാരണം. സര്‍ക്കാര്‍ കടമെടുപ്പിന്റെ ഭാരം ചെറുതാക്കാന്‍ പലിശ നിരക്ക് കുറക്കണമെന്ന് ട്രംപ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതോടെ ജെറോം പവലിനെ ട്രംപ് സ്ഥാനത്ത് നിന്നും മാറ്റുമെന്നാണ് വിവരം.

വിറ്റൊഴിഞ്ഞ് വിദേശികള്‍, വാങ്ങിയത് ഇന്ത്യക്കാര്‍

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിക്ഷേപകര്‍ ഓഹരി വാങ്ങിക്കൂട്ടിയതോടെയാണ് ഓഹരി സൂചിക ലാഭത്തിലായത്. ജൂണ്‍ മാസത്തില്‍ മാത്രം വിദേശനിക്ഷേപകര്‍ 5,670 കോടി രൂപയുടെ ഓഹരികള്‍ വിറ്റെന്നാണ് കണക്ക്. സമാനകാലയളവില്‍ പ്രാദേശിക ഇന്ത്യന്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത് ഏകദേശം 70,000 കോടി രൂപയുടെ ഓഹരികളാണെന്നും കണക്കുകള്‍ പറയുന്നു.

കമ്പനികളുടെ പ്രകടനം

ലാഭവും നഷ്ടവും

ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, അദാനി പവര്‍, ശ്രീറാം ഫിനാന്‍സ്, ശ്രീ സിമന്റ്‌സ് എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ അഞ്ച് ഓഹരികള്‍.

ഇസ്രയേല്‍-ഇറാന്‍ വെടിനിറുത്തല്‍ പ്രാബല്യത്തിലായതോടെ ഇന്നും പ്രതിരോധ ഓഹരികള്‍ നഷ്ടത്തിലാണ്. മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുണ്ട്. യു.പി.എല്‍, കോള്‍ഗേറ്റ് പാല്‍മോലീവ്, കെ.പി.ഐ.ടി ടെക്‌നോളജീസ് എന്നീ കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികള്‍

ശതമാനക്കണക്കില്‍ ഇന്നേറ്റവും മുന്നേറ്റമുണ്ടാക്കിയ കേരള കമ്പനി റബ്ഫില ഇന്റര്‍നാഷണലാണ് (9.52%). മുത്തൂറ്റ് മൈക്രോഫിന്‍ 5.87 ശതമാനം നേട്ടമുണ്ടാക്കി. സെല്ല സ്‌പേസ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, പ്രൈമ ഇന്‍ഡസ്ട്രീസ്, വീ ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ലോവര്‍ സര്‍ക്യൂട്ടിലെത്തിയ പോപ്പീസ് കെയര്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, ടി.സി.എം തുടങ്ങിയ കമ്പനികളാണ് ഇന്നത്തെ കേരള കമ്പനികളിലെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT