സര്‍വകാല റെക്കോര്‍ഡ് മറികടന്നെങ്കിലും ഫ്‌ളാറ്റായി വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍. റെക്കോര്‍ഡ് ഉയരത്തില്‍ ലാഭമെടുപ്പ് വര്‍ധിച്ചതാണ് വിപണിക്ക് വിനയായത്.
മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 446 പോയിന്റുകളുടെ നേട്ടത്തില്‍ 86,055.86 എന്ന റെക്കോഡിലെത്തിയിരുന്നു. എന്നാല്‍ വ്യാപാരാന്ത്യം 111 പോയിന്റുകള്‍ (0.13%) മാത്രം നേട്ടത്തില്‍ 85,720.38 എന്ന നിലയിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയും ഇന്‍ട്രാഡേയില്‍ റെക്കോര്‍ഡ് ഉയരമായ 26,310.45ലെത്തിയിരുന്നു. കനത്ത ലാഭമെടുക്കല്‍ തുടര്‍ന്നതോടെ വെറും 10 പോയിന്റ് നേട്ടത്തില്‍ 26,215.55 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിശാല വിപണിയിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.08 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.53 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് നിഫ്റ്റി മീഡിയയാണ്. നിഫ്റ്റി ബാങ്ക് റെക്കോര്‍ഡ് ഉയരത്തിലെത്തിയെങ്കിലും 0.35 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് 0.53 ശതമാനം നേട്ടവും സ്വന്തമാക്കി. അതേസമയം, നിഫ്റ്റി പി.എസ്.യു ബാങ്ക് 0.58 ശതമാനം നഷ്ടത്തിലായി. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളും കനത്ത നഷ്ടത്തിലായിരുന്നു.
റെക്കോഡിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ന് രാവിലെ വിപണിയില്‍ വ്യാപാരം തുടങ്ങിയത്. ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇരുസൂചികകളും റെക്കോഡ് തിരുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ 27ന് കുറിച്ച റെക്കോഡാണ് മാറിയത്. അടുത്ത ആഴ്ചയിലെ പണനയ യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ ഉയര്‍ത്തിയത്. എന്നാല്‍ തൊട്ടുപിന്നാലെ വിപണിയില്‍ വലിയ ലാഭമെടുപ്പ് പ്രകടമായി. യൂറോപ്യന്‍ വിപണികളിലെ മാന്ദ്യവും സൂചികകളെ സ്വാധീനിച്ചു. സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ യു.കെ, ഫ്രാന്‍സ് ഓഹരി വിപണികള്‍ നഷ്ടത്തിലായിരുന്നു.
എന്നാല്‍ വിപണിയിലെ വരും ദിനങ്ങള്‍ ശോഭനമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സാധ്യമാവുകയും ഡിസംബറില്‍ അവസാനിക്കുന്ന പാദഫലങ്ങള്‍ മികച്ചതാവുകയും ചെയ്യുന്നത് വരെ ലാഭമെടുക്കല്‍ തുടരാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. ഉടന്‍ പുറത്തുവരാനിരിക്കുന്ന രണ്ടാം പാദത്തിലെ ജി.ഡി.പി കണക്കുകളിലായിരിക്കും ഇനി നിക്ഷേപകരുടെ കണ്ണ്. 7-8 ശതമാനം വരെയായിരിക്കും രണ്ടാം പാദത്തിലെ ജി.ഡി.പി വളര്‍ച്ചയെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
സബ്‌സിഡിയറി സ്ഥാപനമായ ഹിന്ദുജ ലെയ്‌ലാന്‍ഡ് ഫിനാന്‍സ് ലിമിറ്റഡ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എല്‍.ഡി.എല്‍ വെഞ്ചേഴ്‌സുമായി ലയിക്കാന്‍ തീരുമാനിച്ചതോടെ അശോക് ലെയ്‌ലാന്‍ഡ് ഓഹരി 6.67 ശതമാനത്തോളം ഉയര്‍ന്നു. രണ്ടാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതും കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരിക്ക് സഹായകമായിരുന്നു. കുറച്ച് ദിവസങ്ങളായി നേട്ടത്തില്‍ തുടരുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് ഓഹരികള്‍ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ 21 ശതമാനത്തോളം നേട്ടമുണ്ടാക്കിയ ഓഹരിയാണിത്. ബ്രോക്കറേജുകള്‍ മികച്ച റേറ്റിംഗ് നല്‍കിയത് തുടര്‍ച്ചയായ മൂന്നാം ദിവസവും സംവര്‍ധന മദേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ ഓഹരികളെ ഉയര്‍ത്തി. അടുത്ത ദിവസങ്ങളിലും ഓഹരിക്ക് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം. കൊറമാന്റല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ ഓഹരികളും ഇന്ന് നേട്ടക്കണക്കില്‍ മുന്നിലെത്തി.
മോട്ടിലാല്‍ ഓസ്‌വാള്‍ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ഇന്ന് 2.85 ശതമാനത്തോളം നഷ്ടത്തിലായി. ഇന്ത്യയിലെ ഏറ്റവും വലിയ റൈറ്റ് ഇഷ്യൂവിന് തുടക്കം കുറിച്ചതോടെയാണ് ഓഹരിവില ഇടിഞ്ഞത്. 24 ശതമാനം ഡിസ്‌ക്കൗണ്ടോടെ നിലവിലെ ഓഹരി ഉടമകള്‍ക്ക് ഓഹരിയൊന്നിന് 1,800 രൂപ നിരക്കിലാണ് റൈറ്റ് ഇഷ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ എയ്ഷര്‍ മോട്ടോര്‍സ്, ഇന്ത്യന്‍ ബാങ്ക്, വാരീ എനര്‍ജീസ് എന്നീ കമ്പനികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തി.
9.82 ശതമാനത്തോളം കുതിച്ച കേരള ആയുര്‍വേദ ലിമിറ്റഡ് ഓഹരികളാണ് ഇന്നത്തെ കേരള കമ്പനികളിലെ താരം. ഈസ്റ്റേണ്‍ ട്രെഡ്‌സ് 4.93 ശതമാനവും ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ 4.37 ശതമാനവും സെല്ല സ്‌പേസ് 2.52 ശതമാനവും കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ 2.7 ശതമാനവും റബ്ഫില ഇന്റര്‍നാഷണല്‍ 2.19 ശതമാനവും നേട്ടമുണ്ടാക്കി. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു.
4.63 ശതമാനത്തോളം ഇടിഞ്ഞ യൂണിറോയല്‍ മറൈന്‍ ഇന്‍ഡസ്ട്രീസാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ ആദ്യമെത്തിയത്. ടി.സി.എം,ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, പ്രൈമ ഇന്‍ഡസ്ട്രീസ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, സി.എസ്.ബി ബാങ്ക് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടക്കണക്കിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine