Canva, NSE, BSE
Markets

രണ്ട് ദിവസത്തെ നഷ്ടത്തിന് വിരാമം, ട്രംപ് താരിഫിന്റെ ബ്രേക്കില്‍ വിപണിക്ക് നേട്ടം, നിക്ഷേപകരുടെ പോക്കറ്റിലെത്തിയത് ₹84,562 കോടി

തത്തുല്യചുങ്കം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് യു.എസ് ഫെഡറല്‍ കോടതി നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ നേട്ടത്തിലാണ് ഇന്നത്തെ വ്യാപാരം തുടങ്ങിയത്

Dhanam News Desk

രണ്ട് ദിവസത്തെ നഷ്ടക്കഥക്ക് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍. ഡൊണാള്‍ഡ് ട്രംപിന്റെ തീരുവക്കൊതിക്ക് യു.എസ് ഫെഡറല്‍ കോടതി തടയിട്ടതിന്റെ ചുവടുപിടിച്ചാണ് വിപണിയില്‍ പച്ചകത്തിയത്. നേട്ടത്തോടെ വ്യാപാരത്തിന് തുടക്കമിട്ട ഇരുസൂചികകളും പിന്നീട് ചാഞ്ചാട്ടത്തിലായെങ്കിലും വ്യാപാരാന്ത്യം ലാഭത്തിലായി. അവസാന മണിക്കൂറുകളില്‍ ഫിനാന്‍ഷ്യല്‍, ഐ.ടി ഓഹരികളില്‍ വാങ്ങല്‍ ശക്തമായതാണ് വിപണിക്ക് തുണയായത്.

ഇന്ന് 320.70 പോയിന്റുകള്‍ ഉയര്‍ന്ന സെന്‍സെക്‌സ് 81,633.02 എന്ന നിലയിലാണ് വ്യാപാരം നിറുത്തിയത്. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 445.47 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപകരുടെ പോക്കറ്റിലെത്തിയത് 84,562 കോടി രൂപ. നിഫ്റ്റിയാകട്ടെ 128.35 പോയിന്റുകള്‍ (0.52%) ഉയര്‍ന്ന് വ്യാപാരാന്ത്യം 24,833.60ലെത്തി. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.55 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.59 ശതമാനവും നേട്ടത്തിലായി.

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് നിഫ്റ്റി മെറ്റല്‍, റിയല്‍റ്റി വിഭാഗങ്ങളാണ്. നിഫ്റ്റി എഫ്.എം.സി.ജി, പി.എസ്.യു ബാങ്ക് എന്നിവ ഒഴിച്ചുള്ളവയെല്ലാം നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

നേട്ടത്തിന് പിന്നില്‍

ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് തത്തുല്യചുങ്കം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് യു.എസ് ഫെഡറല്‍ കോടതി നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ നേട്ടത്തിലാണ് ഇന്നത്തെ വ്യാപാരം തുടങ്ങിയത്. മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനം, പണപ്പെരുപ്പ കണക്കുകളിലെ പ്രതീക്ഷ, ജി.ഡി.പി വളര്‍ച്ച എന്നിവയായിരുന്നു ആദ്യഘട്ടത്തില്‍ വിപണിക്ക് കരുത്തായത്. ഇതിന്റെ ആവേശമൊന്നും പ്രകടമല്ലാത്ത രീതിയില്‍ പിന്നീട് വിപണി ചാഞ്ചാട്ടത്തിലായി. അവസാന മണിക്കൂറുകളില്‍ ഐ.ടി അടക്കമുള്ള ഓഹരികളില്‍ വാങ്ങല്‍ ശക്തമായതോടെയാണ് വിപണി നേട്ടത്തിലേക്ക് മാറിയത്. വിദേശനിക്ഷേപകരും ഇന്ന് വാങ്ങലുകാരായി. ട്രംപിന്റെ തീരുവക്ക് താത്കാലിക വിരാമമാകുമെന്ന പ്രതീക്ഷ ഇന്ന് ആഗോള ഓഹരി വിപണികളിലും പ്രകടമായിരുന്നു. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളില്‍ മിക്കതും ഇന്ന് മികച്ച നേട്ടത്തിലാണ്.

ലാഭവും നഷ്ടവും

സബ്‌സിഡിയറി കമ്പനിക്ക് 176 മില്യന്‍ ഡോളറിന്റെ ഓര്‍ഡര്‍ ലഭിച്ചതിന് പിന്നാലെയാണ് സോളാര്‍ കമ്പനിയായ വാരീസ് എനര്‍ജീസിന്റെ ഓഹരി കുതിച്ചത്. ഇന്നത്തെ നേട്ടക്കണക്കിലും മുന്നില്‍ വാരീസാണ്. മികച്ച നാലാം പാദ ഫലങ്ങള്‍ പുറത്തുവന്നതാണ് കമ്മിന്‍സ് ഇന്ത്യയുടെ ഓഹരികള്‍ക്ക് തുണയായത്. ഓയില്‍ ഇന്ത്യ, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോജക്ട്, ഭാരത് ഡൈനാമിക്‌സ് എന്നീ ഓഹരികളും ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലുണ്ട്.

എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി, അപ്പോളോ ടയേര്‍സ്, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ചോളമണ്ഡലം ഇന്‍വെസ്റ്റമെന്റ്‌സ്, എസ്‌കോര്‍ട്‌സ് കുബോട്ട എന്നീ കമ്പനികളുടെ ഓഹരികളാണ് ഇന്ന് കൂടുതല്‍ നഷ്ടമുണ്ടാക്കിയത്.

അപ്പര്‍ സര്‍ക്യൂട്ടില്‍ കിറ്റെക്‌സ്

കഴിഞ്ഞ കുറച്ച് നാളായി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ ഇന്നും അപ്പര്‍ സര്‍ക്യൂട്ടിലാണ്. ഓഹരിയൊന്നിന് 276.61 രൂപയിലാണ് കിറ്റെക്‌സ് ഓഹരികള്‍ ഇന്ന് വ്യാപാരം നിര്‍ത്തിയത്. സെല്ല സ്‌പേസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കേരള ആയുര്‍വേദ, റബ്ഫില ഇന്റര്‍നാഷണല്‍, കെ.എസ്.ഇ, പാറ്റ്‌സ്പിന്‍ ഇന്ത്യ, പ്രൈമ ഇന്‍ഡസ്ട്രീസ്, ടി.സി.എം എന്നീ ഓഹരികളും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, ബി.പി.എല്‍, ദി വെസ്റ്റേണ്‍ ഇന്ത്യ, പോപ്പീസ് കെയര്‍, സി.എസ്.ബി ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT