Markets

അവസരം മുതലാക്കി മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി, അംബാനി ബന്ധത്തില്‍ അദാനി ടോട്ടല്‍ ഗ്യാസ്, മലയാളി ഓഹരികളില്‍ കേരള ആയുര്‍വേദ; ഇന്നത്തെ അവലോകനം

ജൂണ്‍ 13ന് നിഫ്റ്റി ഒരു മാസത്തെ താഴ്ന്ന നിലയായ 24,473 പോയിന്റില്‍ നിന്ന് 2025ലെ ഉയര്‍ന്ന തലത്തിലേക്ക് എത്തുന്നതിനും ഈ വാരം സാക്ഷ്യം വഹിച്ചു. സെപ്റ്റംബറില്‍ റെക്കോഡായ 26,277 പോയിന്റിലെത്താന്‍ 2.7 ശതമാനം മാത്രം പിന്നിലാണ് നിഫ്റ്റി

Lijo MG

ഇന്ത്യന്‍ ഓഹരി വിപണിക്ക് ജൂണ്‍ കയറ്റിറക്കങ്ങളുടെ മാസമായിരുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനൊപ്പം മുങ്ങിപ്പൊങ്ങിയ വിപണി കാറ്റ് അനുകൂലമായതോടെ മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ വന്‍കുതിപ്പ് നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ഇന്ന് (ജൂണ്‍ 27, വെള്ളി) സെന്‍സെക്‌സ് 303.03 പോയിന്റ് ഉയര്‍ന്നു. 0.36 ശതമാനം നേട്ടത്തോടെ 84,058.90ല്‍ വാരാന്ത്യം ക്ലോസ് ചെയ്തു. നിഫ്റ്റി 88.80 പോയിന്റ് നേട്ടത്തോടെ 25,637.80ലും അവസാനിപ്പിച്ചു.

ജൂണ്‍ 13ന് നിഫ്റ്റി ഒരു മാസത്തെ താഴ്ന്ന നിലയായ 24,473 പോയിന്റില്‍ നിന്ന് 2025ലെ ഉയര്‍ന്ന തലത്തിലേക്ക് എത്തുന്നതിനും ഈ വാരം സാക്ഷ്യം വഹിച്ചു. സെപ്റ്റംബറില്‍ റെക്കോഡായ 26,277 പോയിന്റിലെത്താന്‍ 2.7 ശതമാനം മാത്രം പിന്നിലാണ് നിഫ്റ്റി. ഇന്ന് 2,134 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1,727 എണ്ണം താഴ്ന്നു. 140 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

സൂചികയുടെ പ്രകടനം

വിപണിക്ക് അനുകൂല സാഹചര്യങ്ങളേറെ

ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ വലിയ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം, ക്രൂഡ്ഓയില്‍ വില താഴുന്നത്, മിഡില്‍ ഈസ്റ്റ് സമാധാനത്തിലേക്ക് തിരിച്ചെത്തുന്നത് തുടങ്ങി ഒരുപിടി ആഗോള കാരണങ്ങളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉണര്‍വും വിപണിക്ക് കരുതലായി.

ജൂണില്‍ വ്യവസായ വളര്‍ച്ചയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെന്നതും കയറ്റുമതിയും നിര്‍മാണ മേഖലയും ഉണര്‍വിലാണെന്ന റിപ്പോര്‍ട്ടുകളും നിക്ഷേപകര്‍ക്ക് അനുകൂല മനോഭാവത്തിന് കാരണമായി.

കേരള ഓഹരികളുടെ പ്രകടനം

എഫ്എംസിജി, ഐടി, റിയാലിറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെ സൂചികകളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. എണ്ണവിലയിലെ ഇടിവും അദാനി-അംബാനി എണ്ണവില കരാറും ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയെ 1.19 ശതമാനത്തോളം ഉയര്‍ത്തി. ഹെല്‍ത്ത്‌കെയര്‍ (0.71), ഫാര്‍മ (0.55) ബാങ്ക് (0.41) സൂചികകളും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

അദാനി ടോട്ടല്‍ ഗ്യാസിന് ലോട്ടറി

റിലയന്‍സ് ഇന്‍ഡസ്ട്രീസും അദാനി ഗ്രൂപ്പും തങ്ങളുടെ എണ്ണ, ഗ്യാസ് ബിസിനസില്‍ പരസ്പര സഹകരണത്തിന്റെ പാത തുറന്നത് അദാനി ടോട്ടല്‍ ഗ്യാസ് ഓഹരിക്ക് തുണയായി. 5.65 ശതമാനം നേട്ടത്തോടെയാണ് ഈ ഓഹരി ഇന്ന് ക്ലോസ് ചെയ്തത്.

ടെലികോം രംഗത്ത് നിന്നുള്ള പോസിറ്റീവ് വാര്‍ത്തകളാണ് ഭാരതി ഹെക്‌സകോം (Bharti Hexacom) ഓഹരികള്‍ക്കും ഇന്ന് തുണയായത്. 5.10 ശതമാനം നേട്ടത്തോടെയാണ് ഓഹരി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (4.73), സുസ്‌ലോണ്‍ എനര്‍ജി (4.60), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (4.57) ഓഹരികളും ഇന്ന് മികച്ചു നിന്നു.

ഒബ്‌റോയി റിയാലിറ്റി (3.14), ഫോണിക്‌സ് മില്‍സ് (3.10), ആദിത്യ ബിര്‍ല ക്യാപിറ്റല്‍ (2.75) ഓഹരികള്‍ക്ക് ഇന്ന് പക്ഷേ ശോഭിക്കാനായില്ല. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരികള്‍ക്കും വലിയ ഇടിവ് നേരിടേണ്ടി വന്നു, 2.21 ശതമാനം.

കേരള കമ്പനികളുടെ പ്രകടനം

കേരള ഓഹരികളില്‍ ഇന്ന് മിന്നിച്ചത് കേരള ആയുര്‍വേദയാണ്. 8.82 ശതമാനം നേട്ടത്തില്‍ വാരം അവസാനിപ്പിക്കാന്‍ ഈ ഓഹരിക്കായി. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് പക്ഷേ തിരിച്ചടി നേരിട്ടു. 1.20 ശതമാനം ഇടിവ്. മുത്തൂറ്റ് ഫിനാന്‍സ് 0.14 ശതമാനം താഴ്ന്നപ്പോള്‍ മണപ്പുറം ഫിനാന്‍സ് 0.33 ശതമാനം ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT