image credit : canva 
Markets

പശ്ചിമേഷ്യന്‍ ചര്‍ച്ച ഇന്നു ഖത്തറില്‍, ജൂലൈയിലെ മഴപ്രവചനം ഇന്ന്, ഏഷ്യന്‍ വിപണികള്‍ കയറ്റത്തില്‍; സ്വര്‍ണം വീണ്ടും 4000 ഡോളറിനു താഴെ

മഴക്കുറവ് മൂലം ജൂണ്‍ 25 വരെ ഖാരിഫ് കൃഷിയിറക്കലില്‍ 23 ശതമാനം കുറവുള്ളതായി കൃഷിമന്ത്രാലയം കണക്കാക്കുന്നു.

T C Mathew

ഇന്നു ഖത്തറില്‍ യുഎസ്-ഇറാന്‍ ചര്‍ച്ച നടക്കും. ഇന്നലെയും ഇന്നും പശ്ചിമേഷ്യ ശാന്തമാണ്. ഹോര്‍മുസിലൂടെ പരിമിതമായ തോതില്‍ കപ്പല്‍ നീക്കം നടക്കുന്നു. ടെക്‌നോളജി മേഖലയെപ്പറ്റി ഉയര്‍ന്ന ആശങ്കകള്‍ തല്‍ക്കാലം മാറി. ഓഹരി വിപണികള്‍ ഇന്നു കയറ്റത്തിലാണ്. യുഎസ് ഫെഡ് പലിശ കൂട്ടിയേക്കും എന്ന ആശങ്കയില്‍ സ്വര്‍ണം 4,000 ഡോളറിനു താഴെയായി. ക്രൂഡ് ഓയില്‍ വില സാവധാനം കുറയുന്നുണ്ട്.

മഴക്കുറവ് മൂലം ഖാരിഫ് കൃഷിയിറക്കല്‍ 23 ശതമാനം കുറഞ്ഞത് ആശങ്ക നല്‍കുന്നു. ജൂലൈയിലെ മഴ സംബന്ധിച്ച കാലാവസ്ഥാ വകുപ്പിന്റെ ഇന്നു വരുന്ന പ്രവചനം വിപണിയെ സ്വാധീനിക്കും.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,921.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,140 വരെ കയറിയിട്ട് അല്‍പം താഴ്ന്നു. ഇന്നു വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മേയ് മാസത്തില്‍ വ്യവസായ ഉല്‍പാദന സൂചിക അഞ്ചു മാസത്തെ ഉയര്‍ന്ന നിലയായ 5.1 ശതമാനത്തില്‍ എത്തി. ഖനന മേഖല തുടര്‍ച്ചയായ ആറാമത്തെ മാസവും താഴ്ന്നു.

മണ്‍സൂണ്‍ കമ്മി 41.6%

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ജൂണ്‍ 29ലെ നിലവച്ച് 41.6 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മഴ വര്‍ധിച്ചെങ്കിലും മധ്യേന്ത്യയിലും വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കാര്യമായി ലഭിച്ചില്ല. രാജ്യത്തെ കരഭൂമിയുടെ 74 ശതമാനം പ്രദേശത്തും മഴക്കുറവ് 20 ശതമാനത്തിലധികമാണ്. പ്രധാന കാര്‍ഷിക മേഖലകളില്‍ 32 മുതല്‍ 92 വരെ ശതമാനം കുറവ് മഴയേ ലഭിച്ചിട്ടുള്ളൂ.

മണ്‍സൂണിന്റെ ബാക്കി മൂന്നു മാസങ്ങളില്‍ കൂടുതല്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷകര്‍ കാണുന്നില്ല. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജൂലൈയിലെ മഴസാധ്യത സംബന്ധിച്ച് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം ഇന്നുണ്ടാകും.

മഴക്കുറവ് മൂലം ജൂണ്‍ 25 വരെ ഖാരിഫ് കൃഷിയിറക്കലില്‍ 23 ശതമാനം കുറവുള്ളതായി കൃഷിമന്ത്രാലയം കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ തീയതി വരെ ശരാശരി കൃഷിഭൂമിയുടെ 21 ശതമാനം സ്ഥലത്തു കൃഷി നടന്നിരുന്നു. ഇത്തവണ അതു 16.5 ശതമാനം മാത്രമാണ്.

യുഎസ് വിപണിയില്‍ കുതിപ്പ്

ഐടി, എഐ, മെമ്മറി ചിപ് കമ്പനികളെ കഴിഞ്ഞയാഴ്ച വലിച്ചു താഴ്ത്തിയ ആശങ്കകള്‍ ഇന്നലെ യുഎസ് വിപണി മാറ്റിവച്ചു. പകരം ഇറാനുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ പേരില്‍ വിപണി ഗണ്യമായ ഉയര്‍ന്നു. ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റിനെ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവരേജ് പട്ടികയില്‍ പെടുത്തിയതു ഡൗവിനെ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിച്ചു.

തുടക്കത്തിലെ നേട്ടം മുഴുവന്‍ ലിസ്റ്റിംഗിന്റെ രണ്ടാം ആഴ്ചയില്‍ നഷ്ടപ്പെടുത്തിയ സ്‌പേസ് എക്‌സ് ഓഹരി ഇന്നലെ 7.15 ശതമാനം കുതിച്ച് 164.19 ഡോളറില്‍ എത്തി.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 306.63 പോയിന്റ് (0.59 ശതമാനം) കയറി 52,182.74 എന്ന റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 86.41 പോയിന്റ് (1.18%) നേട്ടത്തോടെ 7440.43ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 522.53 പോയിന്റ് (2.07%) കുതിച്ച് 25,820.14ല്‍ ക്ലോസ് ചെയ്തു.

എഡിആറുകള്‍

ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) തിങ്കളാഴ്ച വിപണിസമയത്ത് 0.66 ശതമാനം ഉയര്‍ന്നിട്ട് തുടര്‍വ്യാപാരത്തില്‍ 0.89 ശതമാനം താഴ്ന്ന് 25.68 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.64 ശതമാനം താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 1.84 ശതമാനം ഉയര്‍ന്ന് 29.90 ഡോളറില്‍ അവസാനിച്ചു.

ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 0.74 ശതമാനം താഴ്സ ശേഷം തുടര്‍വ്യാപാരത്തില്‍ 0.37 ശതമാനം ഉയര്‍ന്ന് 10.74 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 4.41 ശതമാനം ഇടിഞ്ഞ ശേഷം തുടവ്യാപാരത്തില്‍ 0.54 ശതമാനം കയറി 2.18 ഡോളറില്‍ അവസാനിച്ചു.

ഫ്യൂച്ചേഴ്‌സ് നഷ്ടത്തില്‍

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ നഷ്ടത്തിലാണ്. ഡൗ ജോണ്‍സ് 41 പോയിന്റും (0.08%) എസ് ആന്‍ഡ് പി 6 പോയിന്റും (0.08%) നാസ്ഡാക് 30 പോയിന്റും (0.10%) താഴ്ന്നു നീങ്ങുന്നു.

യൂറോപ്പ് താഴ്ന്നു

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ക്രൂഡ് ഓയില്‍ കയറ്റവും യൂറോപ്യന്‍ വിപണികളെ തിങ്കളാഴ്ച താഴ്ത്തി. എന്നാല്‍ യൂറോപ്യന്‍ സ്റ്റോക്‌സ് 600 നാമമാത്രമായി ഉയര്‍ന്നു.

ഏഷ്യന്‍ വിപണികള്‍ ഉയരുന്നു

ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ഇന്നു കൊറിയന്‍ സൂചിക 0.60 ഉം ജാപ്പനീസ് സൂചിക 0.70 ശതമാനവും ഉയര്‍ന്നു. ഹോങ് കോങ്, ഷാങ്ഹായ് സൂചികകള്‍ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ചൈനയില്‍ ഫാക്ടറി ഉല്‍പാദന വളര്‍ച്ച പ്രതീക്ഷയിലും കൂടുതലായി.

ഇന്ത്യന്‍ വിപണി താഴ്ചയില്‍; അഞ്ചാം സ്ഥാനം വീണ്ടെടുത്തു

തിങ്കളാഴ്ച ഇന്ത്യന്‍ വിപണി വലിയ കയറ്റിറക്കങ്ങള്‍ക്കു ശേഷം അര ശതമാനം നഷ്ടത്തില്‍ അവസാനിച്ചു. ഉയര്‍ന്ന നിലയില്‍ നിന്നു സെന്‍സെക്‌സ് 524 ഉം നിഫ്റ്റി 174 ഉം പോയിന്റ് നഷ്ടപ്പെടുത്തി. വിശാലവിപണിയില്‍ വീഴ്ച കൂടുതല്‍ ആഴത്തിലായിരുന്നു. ഐടി, വാഹന, ബാങ്കിംഗ് ഓഹരികളിലെ വലിയ വില്‍പന സമ്മര്‍ദമാണു വിപണിയെ താഴ്ത്തിയത്. ഓയില്‍, ടൂറിസം, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ധനകാര്യ, മീഡിയ, എഫ്എംസിജി തുടങ്ങിയ മേഖലകളും നഷ്ടത്തിലായി. ഹെല്‍ത്ത് കെയര്‍, ഫാര്‍മ, മെറ്റല്‍ ഓഹരികള്‍ കുതിച്ചു.

വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ ഏഴാം സ്ഥാനത്തേക്കു തള്ളപ്പെട്ട ഇന്ത്യന്‍ വിപണി ഇന്നലെ തിരിച്ചുകയറി അഞ്ചാം സ്ഥാനം വീണ്ടെടുത്തു. ഇന്ത്യയുടെ വിപണിമൂല്യം 5.01 ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍. തായ്വാന്‍ 4.97 ഉം ദക്ഷിണ കൊറിയ 4.66 ഉം ട്രില്യണ്‍ ഡോളറുമായി ആറും ഏഴും സ്ഥാനങ്ങളിലേക്കു മാറി.

വിദേശ നിക്ഷേപകര്‍ തിങ്കളാഴ്ച അറ്റ വില്‍പനക്കാരായിരുന്നു. അവര്‍ ക്യാഷ് വിപണിയില്‍ 1350.10 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2801.45 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

തിങ്കളാഴ്ച സെന്‍സെക്സ് 372.10 പോയിന്റ് (0.48%) താഴ്ന്ന് 76,728.37ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 109.75 പോയിന്റ് (0.47%) നഷ്ടത്തോടെ 23,946.25ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 449.70 പോയിന്റ് (0.77%) ഇടിഞ്ഞ് 57,727.35ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 228.20 പോയിന്റ് (0.37%) താഴ്ന്ന് 61,567.30ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 117.25 പോയിന്റ് (0.62%) കുറഞ്ഞ് 18,673.10ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ താഴ്ന്നു. ബിഎസ്ഇയില്‍ 1028 ഓഹരികള്‍ കയറി, 2728 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1318 എണ്ണം ഉയര്‍ന്നപ്പോള്‍ 2020 എണ്ണം താഴ്ന്നു.

കമ്പനികള്‍, വാര്‍ത്തകള്‍

വ്യാജകണക്ക് വിവാദത്തില്‍ കുരുങ്ങിയ രാജേഷ് എക്‌സ്‌പോര്‍ട്‌സ് തിങ്കളാഴ്ചയും അഞ്ചു ശതമാനം ഇടിഞ്ഞു ലോവര്‍ സര്‍കീട്ടില്‍ എത്തി. എച്ച്ഡിഎഫ്‌സി ബാങ്ക് പാര്‍ട്ട് ടൈം ചെയര്‍മാനായി മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറും മുന്‍ധനസെക്രട്ടറിയുമായ രാജീവ് കുമാറിനെ നാലു വര്‍ഷത്തേക്കു നിയമിച്ചു. ആക്‌സിസ് ബാങ്ക് സിഎഫ്ഒ സ്ഥാനം രാജിവച്ച പുനീത് ശര്‍മയെ എച്ച്ഡിഎഫ്‌സി ബാങ്ക് സിഎഫ്ഒ ആയി നിയമിച്ചു. സെപ്റ്റംബറില്‍ സ്ഥാനമേല്‍ക്കും. ബന്ധന്‍ ബാങ്കില്‍ നിന്നു രാജിവച്ച രാജീവ് മന്ത്രി ആക്‌സിസില്‍ സിഎഫ്ഒ ആകും.

ഫെഡറല്‍ ബാങ്ക് ഓഹരി 327 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയിട്ട് അല്‍പം താഴ്ന്നു ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യന്‍, സിഎസ്ബി ബാങ്കുകള്‍ നേട്ടത്തിലും ധനലക്ഷ്മി ബാങ്ക് നഷ്ടത്തിലും ക്ലോസ് ചെയ്തു.

പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ജര്‍മനിയിലെ നഗാരോ എന്ന ഡിജിറ്റല്‍ എന്‍ജിനിയറിംഗ് കമ്പനിയെ വാങ്ങുന്ന കാര്യത്തില്‍ അനാലിസ്റ്റുകള്‍ പല തട്ടിലായി. സിഎല്‍എസ്എയും മോട്ടിലാല്‍ ഓസ്വാളും പിഎല്‍ കാപ്പിറ്റലും 6000നു മുകളില്‍ ലക്ഷ്യവില കണ്ട് വാങ്ങല്‍ ശിപാര്‍ശ ചെയ്തു. സിറ്റിയും എലാരയും ഇക്വിറിയസും കൊട്ടക് സെക്യൂരിറ്റീസും വില 5000 നു താഴെ നിര്‍ണയിച്ച് വില്‍പന ശിപാര്‍ശ ചെയ്തു. നൊമുറ ന്യൂട്രല്‍ ശിപാര്‍ശ ചെയ്തു താഴ്ന്ന ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി ഇന്നലെ 11 ശതമാനം ഇടിഞ്ഞു.

സ്വര്‍ണം ഇടിയുന്നു; വീണ്ടും 4000 ഡോളറിനു താഴെ

കഴിഞ്ഞയാഴ്ച 4000 ഡോളറിനു താഴെ എത്തിയ ശേഷം തിരിച്ചു കയറിയ സ്വര്‍ണം ഇന്നു വീണ്ടും ഇടിവിലായി. ഇന്നലെ 73 ഡോളര്‍ (1.79 ശതമാനം) താഴ്ന്ന് ഔണ്‍സിന് 4017.60 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 1.74 ശതമാനം ഇടിഞ്ഞ് 3944 ഡോളര്‍ വരെ വില താഴ്ന്നു. പിന്നീടു തിരികെ 3965 ലേക്കു കയറി.

ക്രൂഡ് ഓയില്‍ വില ഇനി അധികം താഴുകയില്ല, അമേരിക്കന്‍ ചില്ലറ വിലക്കയറ്റ പ്രവണത തുടരും, അത് യുഎസ് ഫെഡറല്‍ റിസര്‍വിനെ പലിശ കൂട്ടാന്‍ പ്രേരിപ്പിക്കും. ഇതാണു സ്വര്‍ണവിപണിയിലും കടപ്പത്ര വിപണിയിലും ഉള്ള വിലയിരുത്തല്‍. പലിശ കൂടിയാല്‍ സ്വര്‍ണത്തിലും വെള്ളിയിലും നിന്ന് യുഎസ് കടപ്പതങ്ങളിലേക്കു നിക്ഷേപകര്‍ മാറും. അതാണു സ്വര്‍ണത്തെയും വെള്ളിയെയും കുത്തനെ താഴ്ത്തുന്നത്.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന്‍ ഇന്നലെ 1480 രൂപ ഇടിഞ്ഞ് 1,04,080 രൂപ ആയി. ഇന്നും വില ഇടിയും. വെള്ളിവില ഇന്നലെ ഔണ്‍സിന് 58.44 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2.70 ശതമാനം ഇടിഞ്ഞ് 56.80 ഡോളറില്‍ എത്തി.

പ്ലാറ്റിനം 1553 ഡോളര്‍, പല്ലാഡിയം 1189 ഡോളര്‍, റോഡിയം 7200 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ പല വഴി

തിങ്കളാഴ്ച വ്യാവസായിക ലോഹങ്ങള്‍ പല വഴി നീങ്ങി. ചെമ്പ് 0.11 ശതമാനം കയറി ടണ്ണിനു 13,302.25 ഡോളര്‍ ആയി. അലൂമിനിയം 1.56 ശതമാനം ഇടിഞ്ഞ് 3125.94 ല്‍ ക്ലോസ് ചെയ്തു. അലൂമിനിയം 3000 ഡോളറിനു താഴെയാകും എന്നാണു വിപണിയിലെ സംസാരം. സിങ്കും ടിന്നും ഉയര്‍ന്നു. ലെഡും നിക്കലും താഴ്ന്നു.

റബര്‍ ഇടിഞ്ഞു

തിങ്കളാഴ്ചയും വിദേശത്ത് റബര്‍ വില ഇടിഞ്ഞു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 281.80 ഡോളറിലും ആര്‍എസ്എസ് മൂന്ന് 278.30 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് തിങ്കളാഴ്ച 26,800 രൂപയിലേക്കു വില താഴ്ന്നു.

കൊക്കോ വില തിങ്കളാഴ്ച 2.51 ശതമാനം താഴ്ന്നു ടണ്ണിന് 4967 ഡോളറില്‍ എത്തി. ഐവറി കോസ്റ്റില്‍ 18 ശതമാനം കൂടുതല്‍ കൊക്കോ വിപണിയില്‍ എത്തി. ചെറിയ ഉല്‍പാദക രാജ്യമായ നൈജീരിയയിലും കൂടുതല്‍ ബീന്‍സ് ഉണ്ട്. എങ്കിലും എല്‍ നിനോ പ്രതിഭാസം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉല്‍പാദനം കുറയ്ക്കും എന്നു തന്നെയാണു വിലയിരുത്തല്‍.

ഡോളര്‍ സൂചിക ഇറങ്ങി, കയറി

യുഎസ് ഡോളര്‍ തിങ്കളാഴ്ച താഴ്ന്ന് 101.11 ല്‍ ക്ലോസ് ചെയ്തു. എന്നാല്‍ ഇന്നു രാവിലെ സൂചിക കയറി 101.24 ല്‍ എത്തി. യൂറോ 1.1415 ഡോളറിലേക്കും പൗണ്ട് 1.3244 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 162.13 യെന്‍ എന്ന റെക്കോര്‍ഡ് നിലയിലാണ്. സനേ തകായിച്ചിയുടെ ജാപ്പനീസ് ഗവണ്മെന്റും ബാങ്ക് ഓഫ് ജപ്പാനും യെന്‍ താഴുന്നതിനെ അനുകൂലിക്കുകയാണ്. ജാപ്പനീസ് കയറ്റുമതി വര്‍ധിക്കാന്‍ യെനിന്റെ ദൗര്‍ബല്യം സഹായിക്കും. ചൈനീസ് യുവാന്‍ ഡോളറിന് 6.79 യുവാന്‍ എന്ന നിലയിലേക്കു കയറി.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.374 ശതമാനമായി ഇടിഞ്ഞു.

രൂപയ്ക്കു താഴ്ച

ഇന്ത്യന്‍ രൂപ ഇന്നലെ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം താഴ്ന്ന് ക്ലോസ് ചെയ്തു. ഡോളര്‍ 14 പൈസ കയറി 94.54 രൂപയില്‍ അവസാനിച്ചു. വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 94.58 രൂപയായി. ചൈനീസ് യുവാന്‍ 13.91 രൂപയിലേക്കും യൂറോ 107.91 രൂപയിലേക്കും ഉയര്‍ന്നു.

ക്രൂഡ് ഓയില്‍ താഴുന്നു

പശ്ചിമേഷ്യന്‍ ആശങ്കയില്‍ ഇന്നലെ ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില ഇന്നു രാവിലെ ഒരു ശതമാനത്തിലധികം താഴ്ന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 72.49 ഡോളറിലാണ്. ഡബ്‌ള്യുടിഐ ഇനം 70.21 ഡോളറിലായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT