Markets

വിപണിയില്‍ ഇടിമുഴക്കം, വന്‍ കുതിപ്പുമായി ഇന്ത്യന്‍ ഓഹരിവിപണി, കുതിച്ചുചാടി വണ്ടര്‍ലായും കല്യാണ്‍ ജുവലേഴ്‌സും; വിപണിയില്‍ ഇന്നെന്ത് സംഭവിച്ചു?

നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് 16 ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ഇന്ന് 3,236 ഓഹരികള്‍ നേട്ടമുണ്ടാക്കി. 448 ഓഹരികള്‍ക്ക് ഇടിവ് സംഭവിച്ചപ്പോള്‍ 90 എണ്ണത്തിന് മാറ്റമുണ്ടായില്ല

Lijo MG

എല്ലാംകൊണ്ടും വിപണിക്ക് നല്ല ദിനമായിരുന്നു ഇന്ന്. ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കപ്പെട്ടു. യു.എസ്-ചൈന വ്യാപാരയുദ്ധത്തിന് താല്ക്കാലിക ശമനമൊരുക്കി പുതിയ കരാര്‍. അവസാന പാദത്തില്‍ കമ്പനികളുടെ ഭേദപ്പെട്ട ഫലങ്ങള്‍... അങ്ങനെ നീണ്ടുപോകുന്നു പോസിറ്റീവ് വാര്‍ത്തകള്‍. എല്ലാം ട്രാക്കിലായതോടെ വിപണിയും ഇന്ന് ശരവേഗത്തില്‍ കുതിച്ചു.

നാലു വര്‍ഷത്തിനിടെ ഒരു ദിവസത്തെ ഏറ്റവും വലിയ കുതിപ്പിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. സെന്‍സെക്‌സ് 2,975.43 പോയിന്റ് (3.74 ശതമാനം) ഉയര്‍ന്ന് 82,429.90ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 916.70 പോയിന്റാണ് ഇന്ന് ഉയര്‍ന്നത്. 3.82 ശതമാനം നേട്ടത്തോടെ 24,924.70ത്തില്‍ ക്ലോസ് ചെയ്തു.

നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് 16 ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ഇന്ന് 3,236 ഓഹരികള്‍ നേട്ടമുണ്ടാക്കി. 448 ഓഹരികള്‍ക്ക് ഇടിവ് സംഭവിച്ചപ്പോള്‍ 90 എണ്ണത്തിന് മാറ്റമുണ്ടായില്ല.

സൂചികകളുടെ പ്രകടനം

സൂചികകളുടെ തകര്‍പ്പന്‍ പ്രകടനം

എല്ലാ സൂചികകളും ഇന്ന് ഗംഭീര പ്രകടനമാണ് നടത്തിയത്. മിഡ്ക്യാപ് സൂചിക 4.12 ശതമാനവും സ്‌മോള്‍ക്യാപ് 4.24 ശതമാനവും ഉയര്‍ന്നു. യു.എസ്-ചൈന വ്യാപാര കരാറിന്റെ വന്നതും നാലാംപാദത്തിലെ മികച്ച പ്രകടനവും ഐ.ടി സൂചികയെ 6.70 ശതമാനം ഉയര്‍ത്തി. മെറ്റല്‍ 5.86 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 3.13 ശതമാനവും നേട്ടംകൊയ്തു.

നേട്ടം കൊയ്തവര്‍ ഏറെ

നവരത്‌ന പദവിയുള്ള പൊതുമേഖ കമ്പനിയായ റെയില്‍ വികാസ് നിഗം ലിമിറ്റഡ് ഓഹരികള്‍ ഇന്ന് വലിയ കുതിപ്പാണ് നടത്തിയത്. 11.71 ശതമാനം നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ വിപണിമൂല്യം 74,000 കോടി പിന്നിടുകയും ചെയ്തു.

നേട്ടം കൊയ്തവര്‍

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട മെഷീനറികള്‍ നിര്‍മിക്കുന്ന എസ്‌കോര്‍ട്ട്‌സ് കുബോട്ട ലിമിറ്റഡ് (Escorts Kubota Ltd) ഓഹരികളാണ് ഇന്ന് വലിയ കുതിപ്പ് നടത്തിയ മറ്റൊരു ഓഹരി. നാലാംപാദത്തില്‍ വരുമാനത്തിലും ലാഭത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവച്ചതാണ് 9.25 ശതമാനം ഉയരാന്‍ ഓഹരിക്ക് തുണയായത്.

ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് (Oracle Financial Services Software Ltd) 8.90 ശതമാനവും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. സുസ്‌ലോണ്‍ എനര്‍ജി (8.51), മോട്ടിലാല്‍ ഒസ്‌വാള്‍ ഫിനാന്‍ഷ്യല്‍സ് (8.50) ഓഹരികളും കരുത്തുകാട്ടി.

തിരിച്ചടി നേരിട്ടവര്‍

തിരിച്ചടി നേരിട്ടവര്‍

തിരിച്ചടികളില്‍ ഉഴലുന്ന ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‌ വിപണിയുടെ അനുകൂല സാഹചര്യം മുതലാക്കാനായില്ല. ഇന്ന് 3.45 ശതമാനമാണ് ഓഹരികള്‍ ഇടിഞ്ഞത്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഓഹരികള്‍ക്കും ഇന്ന് തിരിച്ചടി നേരിട്ടു. 3.15 ശതമാനമാണ് താഴ്ന്നത്. സോളര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ (1.46), ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ് (1.44) ഓഹരികളും മോശം പ്രകടനം കാഴ്ച്ചവച്ചു.

കേരള ഓഹരികളുടെ പ്രകടനം

കേരള കമ്പനികള്‍ക്കും ഹാപ്പി

വിപണിയുടെ ആവേശം ഉള്‍ക്കൊണ്ട പ്രകടനമാണ് കേരള കമ്പനികളില്‍ നിന്നുമുണ്ടായത്. ആറ് ഓഹരികള്‍ മാത്രമാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. മുന്‍നിര കേരള ഓഹരികളൊന്നും നഷ്ടം രേഖപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

വണ്ടര്‍ലാ ഹോളിഡെയ്‌സ് 4.67 ശതമാനം ഉയര്‍ന്നു. സ്‌കൂബീഡേ ഗാര്‍മെന്റ്‌സിന്റെ നേട്ടം 5.89 ശതമാനമാണ്. വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.37 ശതമാനം), ടോളിന്‍സ് ടയേഴ്‌സ് (4.95 ശതമാനം), കല്യാണ്‍ ജുവലേഴ്‌സ് ഇന്ത്യ (3.26 ശതമാനം) ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കേരള ബാങ്ക് ഓഹരികളും കുതിപ്പ് നടത്തി. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 5.89 ശതമാനം നേട്ടത്തോടെയാണ് വാരം തുടങ്ങിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT