അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഇന്നു പലിശ തീരുമാനം എടുക്കുന്നതിലേക്കാണു വിപണിയുടെ ശ്രദ്ധ. ക്രൂഡ് ഓയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയും 109 ഡോളര്‍ കടന്നിട്ടു താഴ്ന്നു. ഇന്നലെ ഇന്ത്യന്‍ വിപണിക്കു പിന്നാലെ യൂറോപ്യന്‍, അമേരിക്കന്‍ വിപണികളും താഴ്ചയിലായി. ഇന്നു യുഎസ് ഫ്യൂച്ചേഴ്‌സും ഏഷ്യന്‍ വിപണികളും ദിശാബോധം കാണിക്കുന്നില്ല.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,197.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,235 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനം ഇന്ത്യന്‍ സമയം പാതിരാ കഴിഞ്ഞു പ്രഖ്യാപിക്കും. നിരക്ക് കാല്‍ ശതമാനം കൂട്ടും എന്നാണു നിഗമനം കൂട്ടാന്‍ 91.25 ശതമാനം സാധ്യതയാണു വിപണി കാണുന്നത്. നാളെ ബാങ്ക് ഓഫ് ജപ്പാനും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്കു കൂട്ടും എന്നാണു പ്രതീക്ഷ. യൂറോപ്യന്‍ കേന്ദ്രബാങ്ക് കഴിഞ്ഞയാഴ്ച നിരക്കു കൂട്ടിയിരുന്നു. നിരക്കു ഡിസംബറിലും കൂട്ടുമെന്ന പ്രതീക്ഷയില്‍ യുഎസ് കടപ്പത്രവിലകള്‍ വീണ്ടും താഴ്ന്നു. 10 വര്‍ഷ ബോണ്ടുകളിലെ നിക്ഷേപ നേട്ടം അഞ്ചു ശതമാനത്തിനു മുകളില്‍ കയറി. 2007നു ശേഷം ആദ്യമാണ് ഇത്രയും എത്തുന്നത്.
2000 രൂപയില്‍ കൂടിയ യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം ഫീസ് (മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഈടാക്കും. ഒക്ടോബര്‍ 15നു നിരക്ക് പ്രാബല്യത്തിലാകും. 2000 രൂപയ്ക്ക് എട്ടു രൂപയില്‍ തുടങ്ങുന്ന ഫീസ് 75,000 രൂപയ്ക്കും അതിനു മുകളിലും 300 രൂപയായി നിജപ്പെടുത്തി. വ്യാപാരിയില്‍ നിന്ന് ഈടാക്കുന്ന തുകയില്‍ 40 ശതമാനം പണം നല്‍കുന്ന ബാങ്കിനും 30% പണം സ്വീകരിക്കുന്ന ബാങ്കിനും 20% ആപ്പ് ദാതാവിനും 10% ഇടപാട് പ്രോസസ് ചെയ്യുന്ന സ്ഥാപനത്തിനുമാണ്.
വ്യക്തികള്‍ തമ്മിലുളള ഇടപാടുകള്‍ക്കു ഫീസ് ഇല്ല. പ്രതിമാസം ഒരു ലക്ഷം രൂപയിലധികം സ്വീകരിക്കുന്ന എല്ലാ വ്യാപാരികളും ഫീസ് നല്‍കണം. ഓണ്‍ലൈന്‍ വ്യാപാരത്തിനു 0.4% ഫീസ് നല്‍കണം. സ്‌കൂള്‍ ഫീസ്, ഇന്‍ഷ്വറന്‍സ് പ്രീമിയം, വൈദ്യുതി ബില്‍ തുടങ്ങിയവയ്ക്കു ബില്‍ ഒന്നിന് അഞ്ചു രൂപ നല്‍കണം. രാജ്യത്തെ യുപിഐ ഇടപാടുകളില്‍ 85 ശതമാനം പ്രോസസ് ചെയ്യുന്നതു ഗൂഗിള്‍ പേയും വോള്‍മാര്‍ട്ടിന്റെ ഫോണ്‍പേയും കൂടിയാണ്.
ക്രൂഡ് ഓയില്‍ വില വീണ്ടും 108 ഡോളര്‍ കടന്നു. യുഎസ് ഫെഡ് പലിശ കൂട്ടുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ യുഎസ് വിപണി ഇന്നലെയും ഇടിഞ്ഞു. നിര്‍മിതബുദ്ധി (എഐ) ആശങ്കയില്‍ തലേന്നു വീണ ഓഹരികള്‍ അല്‍പം തിരിച്ചു കയറി.
ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 328.09 പോയിന്റ് (0.63 ശതമാനം) ഇടിഞ്ഞ് 52,093.11ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 34.25 പോയിന്റ് (0.45%) നഷ്ടത്തോടെ 7585.73ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 204.84 പോയിന്റ് (0.78%) ഇടിവോടെ 25,981.57ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് നാമമാത്ര നേട്ടത്തിലായി. ഡൗ ജോണ്‍സ് 61 പോയിന്റും (0.12%) എസ്ആന്‍ഡ്പി 10 പോയിന്റും (0.13%) നാസ്ഡാക് 14 പോയിന്റും (0.04%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ചൊവ്വാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 1.35 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.97% ഉയര്‍ന്ന് 22.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 2.94% ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 28.40 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 42.41% താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.44 ശതമാനം കയറി 11.37 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.69% ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 1.75 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ ഓഹരിവിപണികള്‍ ചൊവ്വാഴ്ചയും താഴ്ന്നു. ക്രൂഡ് ഓയില്‍ കയറ്റവും പലിശപ്പേടിയും വിപണിയെ നയിച്ചു.
ഏഷ്യന്‍ വിപണികള്‍ ഇന്നും ചെറിയ നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 0.15 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ വിപണി 0.10 ശതമാനം കയറി. ദക്ഷിണ കൊറിയയില്‍ കോസ്പി 0.50 ശതമാനം ഉയര്‍ന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചികയും തായ്വാന്‍ സൂചികയും 0.50 ശതമാനം നേട്ടത്തിലായി. ഷാങ്ഹായ് സൂചിക 0.55 ശതമാനം നഷ്ടത്തിലാണ്.
ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്നലെ ഇന്ത്യന്‍ വിപണി വലിയ നഷ്ടത്തിലേക്കു വീണു. 23,000 നു താഴേക്കു നിഫ്റ്റി വീണാല്‍ വിലപന സമ്മര്‍ദം വര്‍ധിച്ചു സൂചിക കൂടുതല്‍ ഇടിയാം. സാങ്കേതിക സൂചകങ്ങള്‍ എല്ലാം നെഗറ്റീവ് ആയാണു നില്‍ക്കുന്നത്. മുഖ്യസൂചികകള്‍ തിരുത്തല്‍ മേഖലയില്‍ ആയി. ഐടി ഒഴികെ എല്ലാ മേഖലകളും ഇന്നലെ നഷ്ടത്തിലായി.
പ്രതിരോധ ഓഹരികള്‍ക്കായിരുന്നു വലിയ തകര്‍ച്ച. ഒരു വിദേശ കമ്പനിയെ ഏറ്റെടുക്കാന്‍ വലിയ പണം മുടക്കുന്ന സോളര്‍ ഇന്‍ഡസ്ട്രീസ് 13.64 ശതമാനം ഇടിഞ്ഞു. മിശ്ര ധാതു നിഗം (9.28%), ഡാറ്റാ പാറ്റേണ്‍സ് (9.24%) അപ്പോളോ മൈക്രോ (8.40%) എന്നിവ വലിയ താഴ്ചയിലായി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 4.06ഉം ഭാരത് ഇലക്ട്രോണിക്‌സ് 5.3 ഉം എച്ച്എഎല്‍ 4.28 ഉം ഭാരത് ഡൈനാമിക്‌സ് 4.62ഉം മസഗോണ്‍ ഡോക്ക് 4.4ഉം എം ടാര്‍ അഞ്ചും ശതമാനം താഴ്ന്നു.
വിദേശ നിക്ഷേപകര്‍ വില്‍പന തുടരുകയാണ്. 2026ല്‍ അവര്‍ ഇതുവരെ 2,37,579 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചിട്ടുണ്ട്. ഇന്നലെ അവര്‍ ക്യാഷ് വിപണിയില്‍ 2977.86 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2686.05 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.
ചൊവ്വാഴ്ച സെന്‍സെക്സ് 777.94 പോയിന്റ് (1.06%) ഇടിഞ്ഞ് 74,003.82ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 279.50 പോയിന്റ് (1.19%) തകര്‍ച്ചയോടെ 23,118.60ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 811.80 പോയിന്റ് (1.43%) നഷ്ടത്തോടെ 55,794.75ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1318.95 പോയിന്റ് (2.12%) താഴ്ന്ന് 60,878.25 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 483.85 പോയിന്റ് (2.43%) ഇടിഞ്ഞ് 19,422.45ല്‍ ക്ലോസ് ചെയ്തു.
ടാറ്റാ സണ്‍സ് ലിസ്റ്റ് ചെയ്യേണ്ടി വരും എന്ന് മിക്കവാറും ഉറപ്പായി ടാറ്റാ സണ്‍സില്‍ ഗണ്യമായ ഓഹരി ഉള്ള ടാറ്റാ ഗ്രൂപ്പ്, ഷപ്പൂര്‍ജി പല്ലോണ്‍ജി മിസ്ത്രി ഗ്രൂപ്പ് ഓഹരികള്‍ ഉയര്‍ന്നു. ടാറ്റാ കെമിക്കല്‍സ് 20 ഉം ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റസ് 10.3 ഉം ശതമാനം കയറി. എസ്പി മിസ്ത്രി ഗ്രൂപ്പിലെ അഫ്‌കോണ്‍സും ഫോര്‍ബ്‌സ് ആന്‍ഡ് കോയും 20 ശതമാനം വരെ ഉയര്‍ന്നു.
പലിശവര്‍ധന ഉറപ്പായതോടെ സ്വര്‍ണം ഇടിവ് സാവധാനം തുടര്‍ന്നു. ജൂലൈയിലേതു പോലെ ഔണ്‍സിനു 4000 ഡോളറിനു താഴേക്കു വില താഴാന്‍ സാധ്യത കുറവാണെന്നു പലരും കരുതുന്നു. ചൊവ്വാഴ്ച സ്വര്‍ണം 5.30 ഡോളര്‍ നഷ്ടത്തോടെ ഔണ്‍സിന് 4294.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4282 ഡോളര്‍ വരെ താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ചൊവ്വാഴ്ച 240 രൂപ വര്‍ധിച്ച് 1,12,320 രൂപ ആയി.
വെള്ളിവില ചൊവ്വാഴ്ച അല്‍പം ഉയര്‍ന്ന് ഔണ്‍സിന് 63.78 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. പ്ലാറ്റിനം 1772 ഡോളര്‍, പല്ലാഡിയം 1285 ഡോളര്‍, റോഡിയം 9200 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
ചൊവ്വാഴ്ചയും രാജ്യാന്തര വിപണിയില്‍ റബര്‍വില താഴ്ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 280.80 ഡോളറിലും ആര്‍എസ്എസ് മൂന്ന് 277.40 ഡോളറിലും എത്തി. കേരളത്തില്‍ ക്വിന്റലിന് 27,400 രൂപ തുടര്‍ന്നു. എല്‍ നിനോ കൂടുതല്‍ ശക്തമാകുന്നതു തെക്കു കിഴക്കന്‍ ഏഷ്യയില്‍ റബര്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവു വരുത്തും. ഈ വര്‍ഷം ആഗോള റബര്‍ ഉല്‍പാദനം 152.8 ലക്ഷം ടണ്ണും ഉപയോഗം 153.6 ലക്ഷം ടണ്ണും ആകുമെന്നാണ് സ്വഭാവിക റബര്‍ ഉല്‍പാദക രാജ്യങ്ങളുടെ സംഘടന രണ്ടാഴ്ച മുന്‍പ് കണക്കാക്കിയത്. ക്രൂഡ് ഓയില്‍ വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയെപ്പറ്റി ആശങ്ക ഉയര്‍ത്തുന്നുണ്ട്.
പലിശപ്പേടിയില്‍ ചെമ്പ് ഒഴികെ വ്യാവസായിക ലോഹങ്ങള്‍ ചൊവ്വാഴ്ചയും ഇടിവിലായി. ചെമ്പ് 0.01 ശതമാനം കൂടി ടണ്ണിന് 14,044.85 ഡോളര്‍ ആയി. അലൂമിനിയം 0.27 ശതമാനം താഴ്ന്നു 3235.35 ഡോളറില്‍ എത്തി. ലെഡും നിക്കലും സിങ്കും ടിന്നും നഷ്ടത്തിലായി.
കൊക്കോ വില 2.71 ശതമാനം ഇടിത്തു ടണ്ണിന് 5860 ഡോളറില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞമാസം ഐവറി കോസ്റ്റില്‍ നിന്നുള്ള കയറ്റുമതി 19 ശതമാനം വര്‍ധിച്ചതും ഐസ് എക്‌സ്‌ചേഞ്ചിലെ സ്റ്റോക്ക് രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്കു കയറിയതുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിലയിടിച്ചത്. എന്നാല്‍ ഒക്ടോബറില്‍ തുടങ്ങുന്ന 2026-27 സീസണില്‍ ഐവറി കോസ്റ്റില്‍ 20 ഉം ഘാനയില്‍ 38 ഉം ശതമാനം കുറവാകും ഉല്‍പാദനം എന്നാണു കണക്കാക്കുന്നത്. ഘാനയിലെ ഉല്‍പാദനക്കുറവ് നേരത്തേ കണക്കാക്കിയതിന്റെ ഇരട്ടിയാക്കി ഘാനയിലെ കൊക്കോ മാര്‍ക്കറ്റിംഗ് കമ്പനി.
അറബിക്ക കാപ്പി 2.46 ശതമാനം താഴ്ന്നു പൗണ്ടിന് 2.83 ഡോളര്‍ ആയി. ബ്രസീലില്‍ ഉല്‍പാദനം റെക്കോര്‍ഡ് നിലവാരത്തിലേക്കു കയറി. ഓഗസ്റ്റിലെ ബ്രസീലിയന്‍ കയറ്റുമതി 45 ശതമാനം വര്‍ധിച്ചു.
പാം ഓയില്‍ 0.70 ശതമാനം ഉയര്‍ന്നു ടണ്ണിന് 4884 മലേഷ്യന്‍ റിംഗിറ്റ് ആയി.
യുഎസ് ഡോളര്‍ സൂചിക ചൊവ്വാഴ്ച ഉയര്‍ന്നു 99.62ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.71 ലേക്കു കയറി.
യൂറോ 1.1533 ഡോളറിലേക്കും പൗണ്ട് 1.3465 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.35 യെന്‍ ആയി. ചൈനീസ് യുവാന്‍ ഡോളറിന് 6.71 എന്ന നിരക്കില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 5.017 ശതമാനം വരെ ഉയര്‍ന്ന ശേഷം താഴ്ന്ന് 4.998 ശതമാനത്തില്‍ നില്‍ക്കുന്നു.
രൂപ താഴ്ന്നു. ഡോളര്‍ 41 പൈസ കയറി 95.96 രൂപയില്‍ ക്ലോസ് ചെയ്തു. മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.
വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.99 രൂപ വരെ കയറി.
ചൈനീസ് യുവാന്‍ 14.30 രൂപയായും യൂറോ 110.69 രൂപ ആയും ഉയര്‍ന്നു.
ചൊവ്വാഴ്ചയും 109 ഡോളറിനു മുകളില്‍ കയറിയ ക്രൂഡ് ഓയില്‍ വില പിന്നീടു താഴ്ന്നു ചെറിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്നു.
ചൊവ്വാഴ്ച ബ്രെന്റ് ഇനം ക്രൂഡ് മൂന്നു ശതമാനം കയറി 108.75 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 108.11 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 104.93 ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നു വലിയ ഇടിവിലാണ്. ബിറ്റ്‌കോയിന്‍ നാലു ശതമാനത്തിലധികം താഴ്ന്ന് 75,700 ഡോളറിനു താഴെ എത്തി. ആറു ശതമാനം വീതം ഇടിഞ്ഞ ഈഥര്‍ 2400 ഡോളറിനും സൊലാന 97 ഡോളറിനും താഴെയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine