Markets

വിടാതെ ട്രംപ് നീരാളി! ഐ.ടി ഓഹരികളുടെ തകര്‍ച്ചയില്‍ വിപണിക്ക് നഷ്ടക്കഥ, മുന്നേറ്റം തുടര്‍ന്ന് അദാനി ഓഹരികള്‍, മുത്തൂറ്റ് ഫിനാന്‍സിന് കുതിപ്പ്

എച്ച് -1ബി വിസക്ക് ഒരുലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഇന്ത്യന്‍ ഐ.ടി കമ്പനികളെ ബാധിക്കില്ലെന്ന് തുടക്കത്തില്‍ വിലയിരുത്തിയെങ്കിലും പിന്നീട് ഈ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായി

Dhanam News Desk

അമേരിക്കയിലേക്കുള്ള എച്ച് -1ബി വിസക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ ഐ.ടി ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ വിപണിക്ക് നഷ്ടക്കഥ. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തിലാകുന്നത്. എച്ച് -1ബി വിസക്ക് ഒരുലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഇന്ത്യന്‍ ഐ.ടി കമ്പനികളെ ബാധിക്കില്ലെന്ന് തുടക്കത്തില്‍ വിലയിരുത്തിയെങ്കിലും പിന്നീട് ഈ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായി. ഹെവിവെയ്റ്റ് ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയും തകര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചു.

പ്രധാന സൂചികയായ സെന്‍സെക്‌സ് 466 പോയിന്റുകള്‍ (0.56%) നഷ്ടത്തില്‍ 82,160ലെത്തി. നിഫ്റ്റിയാകട്ടെ 125 പോയിന്റുകള്‍ (0.49 %) ഇടിവില്‍ 25,202 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.67 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.17 ശതമാനവും നഷ്ടത്തിലായി.

സൂചികകളുടെ പ്രകടനം

സെക്ടറുകളുടെ കണക്കെടുത്താല്‍ നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ്, മീഡിയ, മെറ്റല്‍ എന്നിവ ഒഴിച്ചുള്ളതെല്ലാം നഷ്ടത്തിലായി. നിഫ്റ്റി ഐ.ടി മൂന്ന് ശതമാനത്തോളമാണ് ഇടിഞ്ഞത്. കമ്പനികളുടെ വിപണി മൂല്യത്തില്‍ നഷ്ടമായത് 85,400 കോടി രൂപ. ഇന്‍ഫോസിസ്, ടി.സി.എസ്, ടെക് മഹീന്ദ്ര പോലുള്ള കമ്പനികളെയാണ് ഇടിവ് കൂടുതലും ബാധിച്ചത്. നിഫ്റ്റി ഫാര്‍മ 1.41 ശതമാനവും നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്.എം.സി.ജി സൂചികകളും നഷ്ടത്തിലായി.

ട്രംപിന്റെ നീരാളിപിടുത്തം

ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ തൊഴിലാളികള്‍ക്ക് എച്ച് 1ബി വിസ ലഭിക്കാന്‍ ഒരുലക്ഷം ഡോളര്‍ ഫീസ് നല്‍കണമെന്ന് വെള്ളിയാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. വലിയ പരിഭ്രാന്തി ഉണ്ടാക്കിയതോടെ പുതിയ അപേക്ഷകള്‍ക്ക് മാത്രമാണ് ഉയര്‍ന്ന ഫീസെന്ന് പിറ്റേന്ന് വൈറ്റ് ഹൗസ് വ്യക്തത വരുത്തി. എന്നാലും യു.എസ് വിപണിയെ കാര്യമായി ആശ്രയിക്കുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ പ്രവര്‍ത്തന ചെലവ് കുതിക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തിലെ ആശങ്കയില്‍ നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പതിയെ തിരിച്ചുവരവിന്റെ സൂചനകള്‍ കാട്ടിയെങ്കിലും വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷമായതോടെ ചുവപ്പിലേക്ക് വഴിമാറി. ഉച്ചക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ശ്രദ്ധിച്ചതും സൂചികകളെ നഷ്ടത്തിലാക്കി.

കമ്പനികളുടെ പ്രകടനം

അദാനി കമ്പനികള്‍ക്ക് നേട്ടം

വിപണിയുടെ തകര്‍ച്ചക്കിടയിലും അദാനി കമ്പനികള്‍ വലിയ നേട്ടമുണ്ടാക്കി. അദാനി പവര്‍ ഓഹരികള്‍ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചുമായി ബന്ധപ്പെട്ട അഴിമതിയില്‍ സെബി ക്ലീന്‍ ചിറ്റ് നല്‍കിയതാണ് ഓഹരികള്‍ക്ക് നേട്ടമായത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷ്യന്‍സ് എന്നീ ഓഹരികള്‍ ലാഭക്കണക്കില്‍ മുന്നിലെത്തി. പൊതുമേഖലാ സ്ഥാപനമായ എന്‍.ബി.സി.സി ലിമിറ്റഡ് 117 കോടി രൂപയുടെ പദ്ധതികള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത് ഹഡ്‌കോ ഓഹരികള്‍ക്കും നേട്ടമായി.

ഐ.ടി കമ്പനികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. എല്‍.ടി.ഐ മൈന്‍ഡ് ട്രീ, കോഫോര്‍ജ് ലിമിറ്റഡ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡ് എന്നീ ഐ.ടി കമ്പനികള്‍ വലിയ ഇടിവ് നേരിട്ടു. നാല് ശതമാനത്തോളമാണ് മൂന്ന് കമ്പനികളും ഇടിഞ്ഞത്. വാഹന ഘടക നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സോന ബി.എല്‍.ഡബ്ല്യൂ. പ്രിസിഷന്‍ ഫോര്‍ജിംഗ്‌സും വാഹന നിര്‍മാതാവായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

കേരള കമ്പനികളുടെ പ്രകടനം

മുത്തൂറ്റ് ഫിനാന്‍സിന് കുതിപ്പ്

4.26 ശതമാനം കുതിച്ച മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാണ് ഇന്നത്തെ കേരള കമ്പനികളിലെ താരം. മികച്ച വളര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓഹരികള്‍ ഇന്ന് കുതിച്ചത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1,22,526 കോടി രൂപയിലെത്തിയതായും കണക്കുകള്‍ പറയുന്നു. മറ്റൊരു സാമ്പത്തിക സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഇന്ന് 2.62 ശതമാനം നേട്ടമുണ്ടാക്കി. സെല്ല സ്‌പേസ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, പ്രൈമ ഇന്‍ഡസ്ട്രീസ്, ടോളിന്‍സ് ടയേഴ്‌സ് എന്നീ കമ്പനികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കിയ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലെത്തി. 5 ശതമാനം ഇടിഞ്ഞ് ഓഹരിയൊന്നിന് 209.20 രൂപയെന്ന നിലയിലാണ് ക്ലോസിംഗ്. ബി.പി.എല്‍, പോപീസ് കെയര്‍, ടി.സി.എം, യൂണിറോയല്‍ മറൈന്‍ പ്രോഡക്ട്‌സ് എന്നീ കമ്പനികളും ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

Indian stock markets closed lower on September 22, 2025, with Sensex down 466 points at 82,159 and Nifty falling 125 points to 25,202. Experts cite global cues, IT stock pressure, and investor caution.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT