image credit : canva , sensex , nifty 
Markets

അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടക്കച്ചവടം! കല്യാണ്‍ ജുവലേഴ്‌സിന്റെയും കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്റെയും ഓഹരികളില്‍ ഇടിവ്

കൂടുതല്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റൊഴിച്ച് യു.എസിലേക്ക് മടങ്ങുന്നത് വിപണിക്ക് ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍.

Muhammed Aslam

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം നിറുത്തി. മിതമായ താഴ്ചയില്‍ വ്യാപാരം തുടങ്ങിയ വിപണി വ്യാപാരാന്ത്യത്തില്‍ കൂടുതല്‍ നഷ്ടത്തിലേക്ക് മാറി. 984.23 പോയിന്റുകള്‍ (1.25 ശതമാനം) ഇടിഞ്ഞ സെന്‍സെക്‌സ് 77,690.95 എന്ന നിലയിലാണ് വ്യാപാരം നിറുത്തിയത്. നിഫ്റ്റിയാകട്ടെ 324.50 പോയിന്റുകള്‍ (1.36 ശതമാനം) താഴ്ന്ന് 23,559ലാണ് അവസാനിച്ചത്.

എല്ലാം ട്രംപിന്റെ പണി

ആഗോള പ്രവണതകള്‍ ദുര്‍ബലമായത്, ഡോളര്‍ സൂചിക ഉയര്‍ന്നത്, ഇന്ത്യന്‍ രൂപ ദുര്‍ബലമായത്, വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള വില്‍പ്പന തുടങ്ങിയ കാരണങ്ങളാണ് ഓഹരി വിപണിയെ ഇടിച്ചതെന്നാണ് വിലയിരുത്തല്‍. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് എത്തിയതോടെ ഇന്ത്യന്‍ വിപണി കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയെന്ന് വേണം കരുതാന്‍. ട്രംപിന്റെ വരവോടെ അമേരിക്കന്‍ വിപണി കൂടുതല്‍ കരുത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഓഹരികള്‍ വിറ്റൊഴിച്ച് അമേരിക്കയിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലാണ് ഇവര്‍. കൂടുതല്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റൊഴിച്ച് യു.എസിലേക്ക് മടങ്ങുന്നത് വിപണിക്ക് ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍.

സെപ്റ്റംബറില്‍ ഇരുസൂചികകളും കുറിച്ച റെക്കോഡില്‍ നിന്നും 10 ശതമാനത്തോളം ഇടിവ് നേരിട്ടു. നിഫ്റ്റി മിഡ് ക്യാപ്, സ്മാള്‍ ക്യാപ് എന്നിവ 2.5 ശതമാനത്തിലധികം താഴ്ന്നു. എല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലായി. ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, റിയല്‍റ്റി, പി.എസ്.യു ബാങ്ക്, പവര്‍, മീഡിയ എന്നിവ 2-3 ശതമാനം വരെയാണ് ഇടിഞ്ഞത്. 3.17 ശതമാനം ഇടിഞ്ഞ നിഫ്റ്റി റിയല്‍റ്റിയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

ഓഹരികളുടെ നഷ്ടവും നേട്ടവും

സെന്‍സക്‌സിലെ ഓഹരികളില്‍ നാലെണ്ണത്തില്‍ മാത്രമാണ് പച്ച കത്തിയത്. ടാറ്റ മോട്ടോര്‍സ്, എന്‍.ടി.പി.സി, ഏഷ്യപെയിന്റ്‌സ്, ഇന്‍ഫോസിസ് എന്നീ കമ്പനികളുടെ ഓഹരികളൊഴിച്ച് ബാക്കിയെല്ലാം നഷ്ടത്തിലായി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ് എന്നിവരാണ് നഷ്ടക്കണക്കില്‍ മുന്നില്‍. ബ്രിട്ടാണിയ, ആദിത്യ ബിര്‍ലയുടെ ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എയര്‍ടെല്ലിന്റെ നിയന്ത്രണത്തിലുള്ള ഭാരതി ഹെക്‌സകോം എന്ന കമ്പനിയുടെ ഓഹരി ഇന്ന് മികച്ച പ്രകടനം നടത്തി. 3.71 ശതമാനം വര്‍ധിച്ച ഓഹരി വില ഇന്‍ട്രാഡേയില്‍ 1427.1 രൂപ വരെയെത്തി. നാല് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് തിരിച്ചുവരവെന്നതും ശ്രദ്ധേയമാണ്.സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡ്, എസ്.ബി.ഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ്‌സ്, ആല്‍കെം ലബോറട്ടറീസ്, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നിവയും ലാഭക്കണക്കിലുണ്ട്.

തുടര്‍ച്ചയായ അഞ്ചാം ദിവസവും വിലയിടിഞ്ഞ സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡിന്റെ ഓഹരികളാണ് നഷ്ടക്കണക്കില്‍ മുന്നില്‍. ട്രംപ് അധികാരത്തിലെത്തിയതോടെ ലോക വിപണിയില്‍ പുനരുപയോഗ ഊര്‍ജ (Renewable energy) മേഖലയിലെ കമ്പനികള്‍ക്ക് മേല്‍ നെഗറ്റീവ് സെന്റിമെന്‍സ് നിലനില്‍ക്കുന്നതാണ് സുസ്‌ലോണിന് പണിയായത്. 59.39 രൂപക്ക് വ്യാപാരം തുടങ്ങിയ കമ്പനിയുടെ ഓഹരികള്‍ 8.25 ശതമാനം ഇടിഞ്ഞ് 54.59 രൂപയിലാണ് വ്യാപാരം നിറുത്തിയത്.

കല്യാണ്‍ ജുവലേഴ്‌സാണ് നഷ്ടക്കണക്കില്‍ രണ്ടാമത്. കമ്പനിയുടെ രണ്ടാം പാദഫല റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഓഹരി വിലയില്‍ ഇടിവുണ്ടായത്. കല്യാണ്‍ ജുവലേഴ്‌സിന്റെ ലാഭം മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ നിന്നും 3.3 ശതമാനം താഴ്ന്ന് 130 കോടി രൂപയായി. കസ്റ്റംസ് തീരുവ കുറച്ചത് മൂലം 69 കോടി രൂപയുടെ നഷ്ടമുണ്ടായത് ഈ പാദഫലത്തിനൊപ്പം ചേര്‍ത്തതാണ് ലാഭം കുറയാന്‍ കാരണം. ഇതിന് പുറമെ ഫാക്ട്, കമ്മിന്‍സ് ഇന്ത്യ, ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് എന്നിവരും നഷ്ടക്കണക്കില്‍ മുന്നിലാണ്.

കേരള കമ്പനികള്‍

ഓഹരി വിപണിയിലെ നഷ്ടക്കച്ചവടം കേരള കമ്പനികളിലും പ്രതിഫലിച്ചു. പ്രധാന കേരള കമ്പനികളെല്ലാം ചുവപ്പിലാണ് വ്യാപാരം നിറുത്തിയത്. ജി.ടി.എന്‍, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ്, ടോളിന്‍സ് ടയേഴ്‌സ് എന്നീ ഓഹരികള്‍ അഞ്ച് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.

ബി.പി.എല്‍, ഈസ്റ്റേണ്‍ ട്രേഡേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ട്, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് പച്ച കത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT