തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടക്കച്ചവടത്തിന് വിരാമമിട്ട്, സെപ്റ്റംബറിന് നേട്ടത്തോടെ തുടക്കം കുറിച്ച് വിപണി. സെന്‍സെക്‌സ് 554 പോയിന്റ് ഉയര്‍ന്ന് 80,364.49ലും നിഫ്റ്റി 198 പോയിന്റ് ഉയര്‍ന്ന് 24,625.05ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഏപ്രില്‍-ജൂണ്‍ പാദത്തിലെ ജി.ഡി.പി വളര്‍ച്ച 7.8 ശതമാനം ആയതിന്റെ സന്തോഷമാണ് വിപണികളില്‍ കണ്ടത്.
ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് മികച്ച മുന്നേറ്റം കാഴ്ചവച്ച ഓഹരികള്‍, സണ്‍ ഫാര്‍മ, ഐ.ടി.സി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടൈറ്റാന്‍ കമ്പനി, സിപ്ല എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.
മീഡിയയും ഫാര്‍മയും ഒഴികെയുള്ള എല്ലാ മേഖലകളും ഇന്ന് നേട്ടത്തിലായി. നിഫ്റ്റി ഓട്ടോ സൂചിക 2.8 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് സൂചിക 2.08 ശതമാനവും നേട്ടം രേഖപ്പെടുത്തി.
കമ്പനികളുടെ പാദഫലങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചതായതാണ് ഓട്ടോ സൂചികയ്ക്ക് കരുത്ത് പകര്‍ന്നത്. ഐ.ടി, മെറ്റല്‍, സൂചികകള്‍ ഒന്നര ശതമാനം വീതവും പി.എസ്.യു ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒരു ശതമാനം വീതവും ഉയര്‍ന്നു. എംഫസിസിന് പ്രമുഖ ആഗോള ബ്രോക്കറേജ് ആയ മോര്‍ഗന്‍ സ്റ്റാന്‍ലി ഓവര്‍വെയിറ്റ് സ്റ്റാസ് നല്‍കിയത് ആണ് ഐ.ടി ഓഹരികള്‍ക്ക് ഗുണമായത്. ഓഹരിയുടെ ലക്ഷ്യവില 3,500 രൂപയില്‍ നിന്ന് 3,625 രൂപയുമാക്കിയിട്ടുണ്ട്. എംഫസിസ് ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്നു.
ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷകളും ഐ.ടി ഓഹരികളെ മുന്നേറ്റത്തിലാക്കുന്നുണ്ട്. ഐ.ടി ഓഹരികളുടെ മുന്നേറ്റം തുടരുമെന്ന നിഗമനം നിലനിര്‍ത്തിയിരിക്കുകയാണ് ആഗോള ബ്രോക്കറേജ് ആയ സി.എല്‍.എസ്.എ. പലിശ നിരക്ക് കുറയുമ്പോള്‍ യു.എസ് കമ്പനികള്‍ ഐ.ടിയ്ക്കായി കൂടുതല്‍ പണം വകയിരുത്തുന്നത് ഐ.ടി കമ്പനികള്‍ക്ക് നേട്ടമാകുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം ഡോളറിന്റെ മൂല്യവര്‍ധനയും ഐ.ടിയ്ക്ക് നേട്ടമാകുന്നുണ്ട്.
ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ജി.ഡി.പി വളര്‍ച്ച പ്രാപിച്ചത് നിക്ഷേപകരില്‍ ആത്മവിശ്വാസം തിരിച്ചു വരാനിടയാക്കിയിട്ടുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.
ജി.എസ്.ടിയില്‍ ഉണ്ടായേക്കാമെന്നു കരുതുന്ന പരിഷ്‌കരണങ്ങളും ഉപഭോഗത്തിലെ വളര്‍ച്ചയുമെല്ലാം നിക്ഷേപകരെ കൂടുതല്‍ ആത്മവിശ്വാസത്തിലാക്കുമെന്നാണ് കരുതുന്നത്. ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് തുടങ്ങിയ മേഖലകളില്‍ ഇതിന്റെ പ്രതിഫലമുണ്ടായേക്കാമെന്നും നിരീക്ഷകര്‍ കണക്കാക്കുന്നു.
ഓഗസ്റ്റിലെ മികച്ച വില്‍പ്പന കണക്കുകളുടെ പിന്‍ബലത്തില്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക്, ഏതര്‍ എനര്‍ജി എന്നിവയുടെ ഓഹരികള്‍ മുന്നേറ്റം തുടര്‍ന്നു. ക്യാപിറ്റല്‍ മാര്‍ക്കറ്റ് അധിഷ്ഠിത കമ്പനികളുടെ ഓഹരികളും മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു. മികച്ച ജി.ഡി.പി കണക്കുകളാണ് ഇതിന് വളം വച്ചത്.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയത് എം.സി.എക്‌സ് ഓഹരി വിലയേയും അഞ്ച് ശതമാനം ഉയര്‍ത്തി. ഡിക്‌സണ്‍ ടെക്‌നോളജീസ്, ആംബര്‍ എന്റര്‍പ്രൈസസ്, കെനെസ് ടെക്‌നോളജി എന്നിവയും അഞ്ച് ശതമാനം ഉയര്‍ന്നു.
കേരള ഓഹരികളിലും ഇന്ന് പൊതുവേ ഉണര്‍വ് പ്രകടമായിരുന്നു. വെസ്റ്റേണ്‍ പ്ലൈവുഡ്‌സ് ആണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ഓഹരി വില 11.25 ശതമാനം ഉയര്‍ന്ന് 172 രൂപയിലെത്തി. കുഞ്ഞുടുപ്പ് നിര്‍മാണ കമ്പനിയായ കിറ്റെക്‌സിന്റെ ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ്. സ്വര്‍ണവില മുന്നേറ്റത്തില്‍ മണപ്പുറം ഓഹരികളും അഞ്ചര ശതമാനത്തോളം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, പോപ്പീസ് കെയര്‍ എന്നീ ഓഹരികള്‍ നാല് ശതമാനത്തിലധികം വില വര്‍ധന രേഖപ്പെടുത്തി.
യൂണിറോയല്‍, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നിവ നാല് ശതമാനത്തിലധികം വിലയിടിവുമായി നഷ്ടക്കാര്‍ക്ക് കൊടിപിടിച്ചു. ആഡ്‌ടെക് സിസ്റ്റംസ്, ധനലക്ഷ്മി ബാങ്ക്, ഹാരിസണ്‍സ് മലയാളം എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine