ഒരു ദിവസത്തെ സമാശ്വാസത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടക്കച്ചവടം. അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ച തത്തുല്യ തീരുവയാണ് ഇന്നത്തെ വില്ലന്‍. ലോകത്തെ എല്ലാ പ്രധാന ഓഹരി വിപണികളും ഇന്ന് നഷ്ടത്തിലാണ്.
പ്രധാന ഓഹരി സൂചികയായ സെന്‍സെക്‌സ് 322 പോയിന്റുകള്‍ (0.42%) ഇടിഞ്ഞ് 76,239.36 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റിയാകട്ടെ വ്യാപാരാന്ത്യം 82.25 പോയിന്റുകള്‍ (0.35%) നഷ്ടത്തില്‍ 23,250 എന്ന നിലയിലെത്തി. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഇന്ന് നേട്ടത്തിലാണ്.
ഫിനാന്‍ഷ്യല്‍ ഓഹരികളുടെ ബലത്തില്‍ നിഫ്റ്റി ബാങ്ക് ഇന്ന് 249 പോയിന്റുകള്‍ (0.49 ശതമാനം) നേട്ടത്തിലാണ്. വളര്‍ച്ച കുറയുമെന്ന സൂചനകളെ തുടര്‍ന്ന് നിഫ്റ്റി ഐ.ടി സൂചിക 4.21 ശതമാനം നഷ്ടത്തിലായി. ടി.സി.എസ്, ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, വിപ്രോ, ടെക് മഹീന്ദ്ര എന്നീ കമ്പനികളുടെ ഓഹരികള്‍ ശരാശരി മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. എന്നാല്‍ യു.എസ് താരിഫില്‍ നിന്നും ഫാര്‍മസി മേഖലയെ ഒഴിവാക്കിയതിന്റെ ബലത്തില്‍ നിഫ്റ്റി ഫാര്‍മ ഇന്ന് 2.25 ശതമാനം നേട്ടത്തിലാണ് വ്യാപാരം നിറുത്തിയത്. നിഫ്റ്റി മീഡിയ, പി.എസ്.യു ബാങ്ക്, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ് എന്നിവ ഒരു ശതമാനത്തിലധികം ലാഭത്തിലായി. നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി എന്നിവ ഇന്ന് നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്.
വിപണി പ്രതീക്ഷിച്ചതിലും കൂടുതല്‍ നിരക്കാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ ദിവസത്തെ നേട്ടത്തോടെ വിപണി തിരിച്ചുവരവിന്റെ പാതയിലാണെന്ന് തോന്നിച്ചെങ്കിലും താരിഫ് പ്രഖ്യാപനം വന്നതിന് പിന്നാലെ നഷ്ടത്തിലായി. യു.എസിലെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നും വിതരണ ശൃംഖലയില്‍ തടസങ്ങളുണ്ടായേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഓട്ടോ, ഐ.ടി മേഖലയിലെ വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷമാക്കി. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഇന്ന് നിര്‍ണായകമായി. എന്നാല്‍ പി.എസ്.യു ബാങ്ക്, ഫാര്‍മ സെക്ടറുകളില്‍ വാങ്ങലുകാര്‍ സജീവമായതാണ് വിപണിയെ വലിയ നഷ്ടത്തില്‍ നിന്നും രക്ഷിച്ചതെന്നാണ് വിലയിരുത്തലുകള്‍.
മികച്ച നാലാം പാദ ഫലം പുറത്തുവന്നതിന് പിന്നാലെ ആറ് ശതമാനത്തോളം ഉയര്‍ന്ന ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കാണ് ഇന്നത്തെ ഓഹരി വിപണിയിലെ താരം. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ ഏഴ് ശതമാനത്തോളം ഓഹരി വിലയില്‍ വര്‍ധനയുണ്ടായി. 14 മില്യന്‍ ഡോളര്‍ വിലയുള്ള ജലയാനത്തിന്റെ കീലിടല്‍ ചടങ്ങുകള്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകളാണ് മസഗോൺ ഡോക്ക്ഷിപ്പ്ബില്‍ഡിംഗ് ഓഹരികള്‍ക്ക് നേട്ടമായത്. 5.15 ശതമാനമാണ് ഇന്ന് ഓഹരി വില കുതിച്ചത്. ബ്രോക്കറേജ് സ്ഥാപനമായ സിറ്റി ബൈ(Buy) റേറ്റിംഗ് നല്‍കിയത് ജി.എം.ആര്‍ എയര്‍പോര്‍ട്‌സ് കമ്പനിയുടെ ഓഹരികളെയും ലാഭക്കണക്കില്‍ മുന്നിലെത്തിച്ചു. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഭാരത് ഡൈനാമിക്‌സ് എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് ലാഭക്കണക്കില്‍ മുന്നിലുണ്ട്.
ഐ.ടി മേഖലയെ മൊത്തത്തില്‍ ബാധിച്ച മാന്ദ്യ ആശങ്കകളാണ് ടെക് കമ്പനികളായ പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, കോഫോര്‍ജ്, കെ.പി.ഐ.ടി ടെക്‌നോളജീസ്, എംഫസിസ് എന്നിവയെ നഷ്ടക്കണക്കില്‍ മുന്നിലെത്തിച്ചത്. ട്രംപിന്റെ ചുങ്കക്കണക്കില്‍ ഐ.ടി മേഖലയെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും യു.എസിലെ ജി.ഡി.പി നിരക്ക് കുറയുമെന്നത് അടക്കമുള്ള ആശങ്കകളാണ് ഐ.ടി ഓഹരികളെ പിന്നോട്ടടിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ എഫ്.എം.സി.ജി മേഖലയിലെ ഡിമാന്‍ഡ് കുറഞ്ഞത് ഡാബര്‍ കമ്പനിയുടെ ഓഹരികള്‍ക്കും വിനയായി.
ആഗോളതലത്തിലുണ്ടായ പ്രശ്‌നങ്ങളൊന്നും കേരള കമ്പനികളെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ഇന്നത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രധാന കമ്പനികളെല്ലാം ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നാല് ശതമാനത്തോളം ഇടിവുണ്ടായ കെ.എസ്.ഇ, ദി വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് എന്നീ കമ്പനികളുടെ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. കല്യാണ്‍ ജുവലേഴ്‌സ്, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, പോപ്പീസ് കെയര്‍, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, പ്രൈമ അഗ്രോ, ടോളിന്‍സ് ടയേഴ്‌സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, ടി.സി.എം, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ഓഹരികളാണ് ലാഭക്കണക്കില്‍ മുന്നിലുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine