ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും മുന്നേറ്റത്തില്‍. ജി.എസ്.ടി കൗണ്‍സില്‍ മീറ്റിംഗില്‍ വലിയ പോസിറ്റീവ് വാര്‍ത്തകളുണ്ടാകുമെന്ന സൂചന ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ വാങ്ങല്‍ ശക്തമാകാന്‍ ഇടയാക്കിയതാണ് വിപണിക്ക് കരുത്ത് പകര്‍ന്നത്.
ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ന് നേട്ടത്തില്‍ നിന്ന നിഫ്റ്റി ഓഹരികള്‍. ഇന്‍ഫോസിസ്, നെസ്‌ലേ, എച്ച്.ഡി.എഫ്.സി ലൈഫ്, വിപ്രോ, എന്‍.ടി.പി.സി എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍.
ഐ.ടി ഒഴികെയുള്ള മേഖലകളെല്ലാം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. മിഡ്-സ്‌മോള്‍ ക്യാപ് സൂചികകള്‍ അര ശതമാനം ഉയര്‍ന്നു. നിഫ്റ്റി മെറ്റല്‍ സൂചികയാണ് നേട്ടത്തില്‍ മുന്നില്‍. 3.11 ശതമാനമാണ് നിഫ്റ്റി മെറ്റല്‍ സൂചിക ഇന്ന് രേഖപ്പെടുത്തിയത്.
ഡോളറിന്റെ മൂല്യം കുറഞ്ഞത് ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങളാണ് മെറ്റല്‍ ഓഹരികളില്‍ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് മെറ്റല്‍ ഓഹരികള്‍ മുന്നേറ്റം നടത്തിയത്.
ടാറ്റ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, സെയില്‍ എന്നിവ അഞ്ച് മുതല്‍ ആറ് ശതമാനം വരെ ഉയര്‍ന്നു. നാഷണല്‍ അലൂമിനിയം, ഹിന്ദുസ്ഥാന്‍ കോപ്പര്‍, എന്നിവ മൂന്നു ശതമാനവും മുന്നേറി. യു.എസില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളും മെറ്റലിന് ഗുണമായി.
ഫാര്‍മ ഓഹരികളിലും കാര്യമായ മുന്നേറ്റമുണ്ട്. പിരമല്‍ ഫാര്‍മ, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ എന്നിവ അഞ്ച് മുതല്‍ എട്ട് ശതമാനം വരെ ഉയര്‍ന്നു.
ജി.എസ്.ടി പ്രതീക്ഷയില്‍ ഓട്ടോ ഓഹരികളും മുന്നേറ്റത്തിലാണ്.
ഓല ഇലക്ട്രിക് മൂന്നാം സെഷനിലും നേട്ടത്തിലാണ്. 28 ശതമാനമാണ് ഇതിനകം ഓഹരി വില ഉയര്‍ന്നത്.
സ്വര്‍ണ വായ്പ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് മികച്ച മുന്നേറ്റം പ്രകടമായി. സ്വര്‍ണ വില റെക്കോഡ് മുന്നേറ്റം തുടരുന്നതാണ് കമ്പനികള്‍ക്ക് ഗുണമായത്. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്ന് 2,772.85 രൂപയിലെത്തി. ഓഗസ്റ്റ് 18 ന് രേഖപ്പെടുത്തിയ റെക്കോഡ് വിലയ്ക്ക് തൊട്ടടുത്താണ് ഓഹരി വില.
മണപ്പുറം ഫിനാന്‍സ് ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്ന് 291.10 രൂപയിലെത്തി. ഓഹരിയുടെ റെക്കോഡ് വിലയാണിത്. കഴിഞ്ഞ ആറ് മാസം കൊണ്ട് മണപ്പുറം ഫിനാന്‍സ് ഓഹരി വില 45 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 30 ശതമാനവും ഉയര്‍ന്നു. ബെഞ്ച് മാര്‍ക്ക് ഇന്‍ഡെക്സ് ഇക്കാലയളവില്‍ 10 ശതമാനം മാത്രമാണ് ഉയര്‍ന്നത്. റിസര്‍വ് ബാങ്ക് സ്വര്‍ണ വായ്പകളില്‍ കൂടുതല്‍ സുതാര്യത കൊണ്ടു വരാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത് കഴിഞ്ഞ കുറച്ചു നാളുകളായി സ്വര്‍ണ വായ്പാ കമ്പനികളുടെ ഓഹരികള്‍ക്ക് കരുത്ത് പകര്‍ന്നിരുന്നു.
ജിയോജിത്, ബി.പി.എല്‍, മുത്തൂറ്റ് മൈക്രോഫിന്‍, പോപ്പുലര്‍ വെഹിക്കിള്‍സ് എന്നിവ ഇന്ന് നാല് ശതമാനത്തിനു മുകളില്‍ ഉയര്‍ന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.
കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയാണ് ഇന്ന് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയ ഓഹരികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine