canva, NSE, BSE
Markets

റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിന്റെ ആവേശമില്ല, നഷ്ടക്കച്ചവടത്തില്‍ വിപണിക്ക് ഹാട്രിക്ക്! അപ്പര്‍ സര്‍ക്യൂട്ടടിച്ച് കിറ്റെക്‌സ്

നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി റിസര്‍വ് ബാങ്കിന്റെ പണനയ തീരുമാനത്തിന് പിന്നാലെ ചുവപ്പിലേക്ക് മാറി

Muhammed Aslam

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി റിസര്‍വ് ബാങ്കിന്റെ പണനയ തീരുമാനത്തിന് പിന്നാലെ ചുവപ്പിലേക്ക് മാറി. ബാങ്കിംഗ്, എഫ്.എം.സി.ജി ഓഹരികളില്‍ അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദ്ദവും അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഇന്നത്തെ നഷ്ടക്കച്ചവടത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

ബി.എസ്.സി സെന്‍സെക്‌സ് 197.97 പോയിന്റുകള്‍ (0.25 ശതമാനം) ഇടിഞ്ഞ് 77,860.19 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സില്‍ വ്യാപാരത്തിനെത്തിയ 30 കമ്പനികളില്‍ 17 എണ്ണവും നഷ്ടത്തിലായി. നിഫ്റ്റിയാകട്ടെ വ്യാപാരാന്ത്യം 43.40 പോയിന്റുകള്‍ (0.18 ശതമാനം) നഷ്ടത്തില്‍ 23,559.95 എന്ന നിലയിലുമെത്തി.

നിരക്ക് കുറച്ചിട്ടും വിപണിക്ക് ആവേശമില്ല

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം റീപോ നിരക്ക് കാല്‍ശതമാനം കുറക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചെങ്കിലും ആവേശം കാണിക്കാതെ വിപണി. അന്താരാഷ്ട്ര പ്രശ്‌നങ്ങളെത്തുടര്‍ന്ന് പണനയ സമീപനം ന്യൂട്രല്‍ ആയി തുടരുമെന്ന് ആര്‍.ബി.ഐ അറിയിച്ചെങ്കിലും വിപണിയില്‍ പണലഭ്യത കൂട്ടാനുള്ള ശ്രമങ്ങള്‍ ഇല്ലാത്തതാണ് വിനയായത്. കൂടാതെ അടുത്ത വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് കുറച്ചതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഇനിയും പുറത്തുവരാന്‍ ഇരിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തന ഫലത്തിലായിരിക്കും ഇനി വിപണിയുടെ കണ്ണ്.

മെറ്റല്‍ ഓഹരികള്‍ക്ക് കുതിപ്പ്

ആര്‍.ബി.ഐ നിരക്ക് കുറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കുതിച്ചുയര്‍ന്ന നിഫ്റ്റി മെറ്റല്‍ സൂചികയാണ് ഇന്നത്തെ വിശാല വിപണിയിലെ താരം. നിരക്ക് കുറക്കുന്നത് അടിസ്ഥാനസൗകര്യ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വളര്‍ച്ചയുണ്ടാകുമെന്ന സൂചനയാണെന്നാണ് വിപണി കരുതുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്നതിനാലാണ് മെറ്റല്‍ ഓഹരികള്‍ കുതിക്കാന്‍ കാരണം. നിഫ്റ്റി ഓട്ടോ, ഫാര്‍മ, പ്രൈവറ്റ് ബാങ്ക്, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ സൂചികകളും ഇന്ന് പച്ചകത്തി. നിഫ്റ്റി മിഡ്ക്യാപ് 0.20 ശതമാനം നേട്ടത്തിലായപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.29 ശതമാനം നഷ്ടത്തിലായി. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, എഫ്.എം.സി.ജി, ഐ.ടി, മീഡിയ, പി.എസ്.യു ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ സൂചികകള്‍ ഇന്ന് നഷ്ടത്തിലാണ്.

നേട്ടവും നഷ്ടവും

3,400 ടെലികോം ടവറുകള്‍ വില്‍പ്പന നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ കുതിച്ചുയര്‍ന്ന ഭാരതി ഹെക്‌സാകോം ലിമിറ്റഡ് ഓഹരികളാണ് ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലെത്തിയത്. മികച്ച മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഹെക്‌സാകോം ലിമിറ്റഡിന്റെ മാതൃകമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ഓഹരികളും ഇന്നത്തെ നേട്ടപ്പട്ടികയിലുണ്ട്. നിര്‍മാണ മേഖലയില്‍ വളര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ടാറ്റ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ എന്നീ കമ്പനികളും ഇന്ന് മികച്ച രീതിയിലാണ് വ്യാപാരം നിറുത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും ഐ.ടി.സി ഹോട്ടല്‍ ഓഹരികള്‍ നേട്ടത്തിലാണ്.

നേട്ടത്തിലായിരുന്ന കമ്മിന്‍സ് ഇന്ത്യ കമ്പനിയുടെ ഓഹരികളാണ് മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. മൂന്നാം പാദ ഫലങ്ങള്‍ തന്നെയാണ് അഗ്രി സയന്‍സ് കമ്പനിയായ പി.ഐ ഇന്‍ഡസ്ട്രീസിനും അടിവസ്ത്ര നിര്‍മാണ കമ്പനിയായ പേജ് ഇന്‍ഡസ്ട്രീസിനും വിനയായത്. ബംഗളൂരു ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയായ ബയോകോണ്‍, വരുണ്‍ ബിവറേജസ് എന്നിവയും ഇന്നത്തെ നഷ്ടപട്ടികയില്‍ മുന്നിലുണ്ട്.

അപ്പര്‍ സര്‍ക്യൂട്ടടിച്ച് കിറ്റെക്‌സ്

വിപണി നഷ്ടത്തിലായെങ്കിലും അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ കിറ്റെക്‌സ് ഗാര്‍മെന്റ്‌സായിരുന്നു ഇന്ന് കേരള കമ്പനികളില്‍ മുന്നിലെത്തിയത്. അപ്പോളോ ടയേഴ്‌സ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍, ഫെഡറല്‍ ബാങ്ക്, കെ.എസ്.ഇ, പോപ്പീസ് കെയര്‍, പ്രൈമ അഗ്രോ, സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് എന്നീ കമ്പനികളുടെ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു.

4.66 ശതമാനം ഇടിഞ്ഞ ഹാരിസണ്‍ മലയാളം കമ്പനിയുടെ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ആഡ്‌ടെക് സിസ്റ്റംസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഇസ്റ്റേണ്‍ ട്രെഡ്‌സ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍, ഇന്‍ഡി ട്രേഡ് ക്യാപിറ്റല്‍, കേരള ആയുര്‍വേദ, റബ്ഫില ഇന്റര്‍നാഷണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ദി വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നഷ്ടത്തിലുമായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT