Markets

വിപണി ഉലച്ച് ട്രംപുരാന്‍, സെന്‍സെക്‌സ് ഇടിഞ്ഞത് 1,400 പോയന്റ്; സര്‍ക്കാറിന്റെ കൈത്താങ്ങില്‍ കുതിച്ചു കയറി വോഡഫോണ്‍ ഐഡിയ, നേട്ടമുണ്ടാക്കി മുത്തൂറ്റ് മൈക്രോഫിന്‍, കിറ്റെക്‌സിന് ഇടിവ്

മിഡ്ക്യാപ് സൂചിക 0.86 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് സൂചിക 0.70 നഷ്ടം രേഖപ്പെടുത്തി.

Sutheesh Hariharan

തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തത്തുല്ല്യ ഇറക്കുമതി ചുങ്കം സംബന്ധിച്ച ആശങ്കകളാണ് വിപണിയെ നഷ്ടത്തിലാക്കിയത്. ഐടി, റിയൽ എസ്റ്റേറ്റ് ഓഹരികള്‍ നഷ്ടത്തിന് ആക്കം കൂട്ടി.

ക്രൂഡ് ഓയിൽ വില ഉയരുന്നതും യുഎസിലെ മാന്ദ്യ സാധ്യതകളും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റൊഴിയല്‍ തുടരുന്നതും വിപണി നഷ്ടത്തിലാകാനുളള കാരണങ്ങളാണ്. ക്രൂഡ് ഓയിലിന്റെ പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ എന്നതിനാല്‍ എണ്ണ വില ഉയരുന്നത് ആഭ്യന്തര വിപണികളെ പ്രതികൂലമായി ബാധിക്കുന്നു. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് യുഎസ് മാന്ദ്യത്തിന്റെ സാധ്യത 20 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച എഫ്‌.ഐ.ഐ കൾ 4,352 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇത് വിപണിയില്‍ കടുത്ത സമ്മർദ്ദമാണ് ചെലുത്തിയത്. അടുത്തിടെ എട്ട് സെഷനുകള്‍ തുടര്‍ച്ചയായി നേട്ടത്തിലായതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭ ബുക്കിംഗില്‍ ഏര്‍പ്പെട്ടതും വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു.

സെൻസെക്സ് 1.80 ശതമാനം (1,390.41 പോയിന്റ്) ഇടിഞ്ഞ് 76,024.51 ലും നിഫ്റ്റി 1.50 ശതമാനം (353.65 പോയിന്റ്) ഇടിഞ്ഞ് 23,165.70 ലുമാണ് ക്ലോസ് ചെയ്തത്.

മിഡ്ക്യാപ് സൂചിക 0.86 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് സൂചിക 0.70 നഷ്ടം രേഖപ്പെടുത്തി.

മീഡിയ (2 ശതമാനം വർധന), ഓയിൽ ആൻഡ് ഗ്യാസ് (0.08 ശതമാനം വർധന) ഒഴികെ മറ്റെല്ലാ സൂചികകളും നഷ്ടത്തിൽ അവസാനിച്ചു, ഐടി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 2-3 ശതമാനം വീതം ഇടിഞ്ഞു.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

വോഡഫോൺ ഐഡിയയുടെ 36,950 കോടി രൂപയുടെ സ്‌പെക്ട്രം കുടിശ്ശിക ഓഹരികളാക്കി മാറ്റാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മൂലം ഓഹരി 20 ശതമാനത്തോളം ഉയര്‍ന്നു. ഇതോടെ കമ്പനിയിലുളള സര്‍ക്കാര്‍ വിഹിതം 48.99 ശതമാനമായി ഉയരും. ഓഹരി 8.17 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഇൻഡസ്ഇൻഡ് ബാങ്ക്, ട്രെന്റ്, ബജാജ് ഓട്ടോ, ജിയോ ഫിനാൻഷ്യൽ, എച്ച്‌ഡി‌എഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

ഒബ്‌റോയ് റിയൽറ്റി, മാക്രോടെക് ഡെവലപ്പേഴ്‌സ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് തുടങ്ങിയ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ ഓഹരികൾ ചൊവ്വാഴ്ച 4 ശതമാനം വരെ ഇടിഞ്ഞു. ഒബ്‌റോയ് റിയാലിറ്റി 3.94 ശതമാനം ഇടിഞ്ഞ് 1,572 രൂപ എന്ന നിലയിലെത്തി. പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ് എന്നിവ യഥാക്രമം 3.83 ശതമാനവും 3.93 ശതമാനവും ഇടിഞ്ഞു. ഗോദ്‌റെജ് പ്രോപ്പർട്ടീസ് 2,045 രൂപയിലാണ് ക്ലോസ് ചെയ്തത്. ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടിക്കും ഉയർന്ന പ്രോപ്പർട്ടി വിലകൾക്കും കാരണമാകുന്ന റെഡി റെക്കണർ റേറ്റ് മഹാരാഷ്ട്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത് റിയൽ എസ്റ്റേറ്റ് ഓഹരികളുടെ ക്ഷീണത്തിന് കാരണമായി.

എച്ച്‌സി‌എൽ ടെക്‌നോളജീസ്, ബജാജ് ഫിൻ‌സെർവ്, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, ശ്രീറാം ഫിനാൻസ്, ഭാരത് ഇലക്ട്രോണിക്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

വെസ്റ്റേണ്‍ ഇന്ത്യ നഷ്ടത്തില്‍

കേരളാ കമ്പനികളുടെ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. മൂത്തൂറ്റ് മൈക്രോഫിന്‍ 6.64 ശതമാനം നേട്ടത്തില്‍ 131 രൂപയില്‍ ക്ലോസ് ചെയ്തു. നിറ്റാ ജെലാറ്റിന്‍ (5.51%), സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (4.88%), കൊച്ചിന്‍ മിനറല്‍സ് (3.08%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കൊച്ചിൻ ഷിപ്പ്‌യാർഡ് 0.77 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ ഫാക്ട് നേരിയ നേട്ടത്തില്‍ (0.84%) ക്ലോസ് ചെയ്തു.

കേരളാ കമ്പനികളുടെ പ്രകടനം

വെസ്റ്റേണ്‍ ഇന്ത്യ 4.96 ശതമാനത്തിന്റെയും കിറ്റെക്സ് 4.24 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി. സ്കൂബി ഡേ (4.79%), മുത്തൂറ്റ് ഫിനാന്‍സ് (2.30%), കല്യാണ്‍ ജുവലേഴ്സ്, കേരള ആയുര്‍വേദ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT