ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെ ഈ ആഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. ആഗോള സൂചനകള്‍ പോസിറ്റീവായതോടെ രാവിലെ നേട്ടത്തിലേക്ക് മാറിയ വിപണി വിദേശനിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദം കനത്തതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഹോളി ആഘോഷങ്ങളുടെ ഭാഗമായി നാളെ (വെള്ളിയാഴ്ച) വിപണിക്ക് അവധി ആയതിനാല്‍ നിക്ഷേപകര്‍ക്ക് ആശ്വാസത്തിന് വകയുണ്ട്.
പ്രധാന ഓഹരി സൂചികയായ സെന്‍സെക്‌സ് 200.85 പോയിന്റുകള്‍ (0.27 ശതമാനം) ഇടിഞ്ഞ് 73,828.91 എന്ന നിലയിലെത്തിയാണ് വ്യാപാരം നിറുത്തിയത്. നിഫ്റ്റിയാകട്ടെ 73.30 പോയിന്റുകള്‍ (0.33 ശതമാനം) നഷ്ടത്തില്‍ 22.397.20ലും വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് നിഫ്റ്റിയുടെ നഷ്ടക്കച്ചവടം. നിഫ്റ്റി സ്‌മോള്‍ക്യാപ് സൂചിക 0.98 ശതമാനവും മിഡ്ക്യാപ് സൂചിക 0.75 ശതമാനവും നഷ്ടം നേരിട്ടു.
ഇന്ത്യയിലെ ചില്ലറ നാണ്യപ്പെരുപ്പത്തില്‍ കുറഞ്ഞതോടെ റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന സൂചന ഫിനാന്‍ഷ്യല്‍ ഓഹരികളെ ഇന്ന് നേട്ടത്തിലാക്കി. ഫെബ്രുവരിയിലെ യു.എസ് പണപ്പെരുപ്പ കണക്കുകള്‍ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടതായെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും വിപണിയെ നഷ്ടത്തില്‍ നിന്നും രക്ഷിക്കാന്‍ പോന്നതായിരുന്നില്ല. വിവിധ രാജ്യങ്ങള്‍ തമ്മില്‍ തുടരുന്ന വ്യാപാര യുദ്ധം ഏത് രീതിയില്‍ പുരോഗമിക്കുമെന്നാണ് നിക്ഷേപകരുടെ ചിന്ത.
യു.എസ് താരിഫിന് കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ ബദല്‍ താരിഫ് പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്ക ശക്തമാക്കി. 20 ബില്യന്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി താരിഫ് ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം കാനഡ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം മുതല്‍ യു.എസ് ഉത്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയനും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്ഥാവന കാര്യങ്ങള്‍ വഷളാക്കിയിട്ടുണ്ട്. അതിനിടെ യു.എസ് ഓഹരി വിപണിയുടെ വളര്‍ച്ചാ നിരക്കുകള്‍ കുറച്ച ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വിപണിയില്‍ മാന്ദ്യമുണ്ടാകാനുള്ള സാധ്യതയും പ്രവചിച്ചു. ഇതെല്ലാം ഇന്ന് വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.
വിവിധ വിഭാഗങ്ങളിലെ പ്രകടനം നോക്കിയാല്‍ നിഫ്റ്റി ബാങ്ക്, പി.എസ്.യു ബാങ്ക് എന്നിവ ഒഴിച്ചുള്ള എല്ലാ സൂചികകളും നഷ്ടത്തിലായി. നിഫ്റ്റി ബാങ്ക് 0.01 ശതമാനവും പി.എസ്.യു ബാങ്ക് 0.43 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്. ബാങ്ക് നിരക്കുകള്‍ കുറക്കുമെന്ന പ്രതീക്ഷയാണ് ബാങ്ക് ഓഹരികളെ ഉയര്‍ത്തിയത്. എന്നാല്‍ നിഫ്റ്റി റിയല്‍റ്റി 1.83 ശതമാനം നഷ്ടം നേരിട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് റിയല്‍റ്റി നഷ്ടം നേരിടുന്നത്. നിഫ്റ്റി മീഡിയ, ഓട്ടോ, മെറ്റല്‍, കണ്‍സ്യൂമര്‍ ഇന്‍ഡെക്‌സ് സൂചികകള്‍ കനത്ത നഷ്ടം നേരിട്ടു.
മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ഓഹരികളാണ് ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലെത്തിയത്. രാജ്യത്തെ ചില്ലറ നാണ്യപ്പെരുപ്പത്തില്‍ കുറവുണ്ടായെന്ന വാര്‍ത്തകള്‍ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഡി.മാര്‍ട്ടിന്റെ ഉടമകളായ അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ ഓഹരികളെ ഇന്ന് ഉയര്‍ത്തി. കൊട്ടക്ക് മഹീന്ദ്ര ബാങ്കിന് 75 കോടിയുടെ കോമേഷ്യല്‍ പേപ്പര്‍ ഇഷ്യൂ ചെയ്യുമെന്ന പ്രഖ്യാപനം സോളാര്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്കും നേട്ടമായി. മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, ഓയില്‍ ഇന്ത്യ ഓഹരികളും ഇന്ന് ലാഭക്കണക്കില്‍ മുന്നിലുണ്ട്.
സബ്‌സിഡറി കമ്പനിയായ പി.ബി ഹെല്‍ത്ത്‌കെയര്‍ സര്‍വീസസില്‍ 696 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടും കനത്ത നഷ്ടം നേരിട്ട പി.ബി ഫിന്‍ടെക് ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. യു.എസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇ.പി.എ) ചില പരിസ്ഥിതി നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്ന വാര്‍ത്തകളാണ് കല്യാണി ഗ്രൂപ്പിന് കീഴിലുള്ള ഭാരത് ഫോര്‍ജ് ലിമിറ്റഡ് ഓഹരികള്‍ക്ക് വിനയായത്. വോള്‍ട്ടാസ് ലിമിറ്റഡ്, സമവര്‍ധന മദേര്‍സണ്‍ ഇന്റര്‍നാഷണല്‍ എന്നീ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ശതമാനക്കണക്കില്‍ ഇന്ന് കേരള കമ്പനികളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടി.സി.എമ്മാണ്. ഹാരിസണ്‍ മലയാളം, കേരള ആയുര്‍വേദ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, പ്രൈമ അഗ്രോ, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എസ്.ബി ബാങ്ക്, കല്യാണ്‍ ജുവലേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളും ഇന്ന് നേട്ടത്തിലാണ്.
അതേസമയം, സെല്ല സ്‌പേസ് കമ്പനിയുടെ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. ബി.പി.എല്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെ.എസ്.ഇ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്ക് രണ്ടു ശതമാനത്തിലേറെ നഷ്ടം നേരിട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine