Markets

നിഫ്റ്റി 20,100ന് മുകളില്‍; 10-ാം നാളിലും നേട്ടത്തോടെ സെന്‍സെക്‌സ്

റെക്കോഡ് ഉയരം തൊട്ടിറങ്ങി സൂചികകള്‍, ബാങ്ക് നിഫ്റ്റി 46,000 ഭേദിച്ചു; ബോംബെ ഡൈയിംഗ് 9% നേട്ടത്തില്‍

Anilkumar Sharma

നേട്ടത്തിനൊപ്പം ലാഭമെടുപ്പും അലയടിച്ചതോടെ റെക്കോഡ് നേട്ടം കൈവിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് സര്‍വകാല റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. 67,771.05 വരെയാണ് സെന്‍സെക്‌സ് മുന്നേറിയത്. കഴിഞ്ഞ ജൂലൈയില്‍ കുറിച്ച 67,619 പോയിന്റിന്റെ റെക്കോഡ് പഴങ്കഥയായി. നിഫ്റ്റി 20,167.65 വരെ കുതിച്ച് കഴിഞ്ഞദിവസത്തെ റെക്കോഡായ 20,070 പോയിന്റും തിരുത്തി.

എന്നാല്‍, ചില വിഭാഗം ഓഹരികളില്‍ ലാഭമെടുപ്പ് തകൃതിയായതോടെ റെക്കോഡ് നേട്ടം നിലനിറുത്താന്‍ സൂചികകള്‍ക്കായില്ല. സെന്‍സെക്‌സ് 52.01 പോയിന്റ് (0.08%) നേട്ടവുമായി 67,519ലും നിഫ്റ്റി 33.10 പോയിന്റ് (0.16%) ഉയര്‍ന്ന് 20,103.10ലുമാണ് വ്യാപാരാന്ത്യമുള്ളത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

തുടര്‍ച്ചയായ 10-ാം ദിവസമാണ് സെന്‍സെക്‌സ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് നിഫ്റ്റി 20,000ന് മുകളില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഇന്നലെയാണ് ആദ്യമായി 20,000ന് മുകളില്‍ ക്ലോസ് ചെയ്തത്; ഇന്നത് 20,100 എന്ന നാഴികക്കല്ല് ഭേദിച്ചുവെന്ന നേട്ടവുമുണ്ട്.

നേതൃത്വവുമായി ഓട്ടോയും ഐ.ടിയും

റെക്കോഡ് നേട്ടത്തിലേക്ക് കുതിച്ചും ലാഭമെടുപ്പ് സമ്മര്‍ദ്ദത്തിനകപ്പെട്ടും വ്യാപാരത്തിന്റെ തുടക്കം മുതല്‍ ചാഞ്ചാട്ടത്തിലായിരുന്നു ഇന്ന് ഓഹരി സൂചികകള്‍.

കൊവിഡും സാമ്പത്തികഞെരുക്കവും ചിപ്പ് ക്ഷാമവും ഉള്‍പ്പെടെ കഴിഞ്ഞ നാലോളം വര്‍ഷമായി നിഴലിച്ച പ്രതിസന്ധികളെല്ലാം തൂത്തെറിഞ്ഞ് മികച്ച വളര്‍ച്ചാപ്രതീക്ഷയോടെ മുന്നേറുന്ന വാഹന കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിന് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത്.

നിഫ്റ്റി ഓട്ടോ സൂചിക ഇന്ന് 1.09 ശതമാനം ഉയര്‍ന്ന് പുത്തന്‍ ഉയരമായ 16,169ലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പന സമ്മര്‍ദ്ദത്തില്‍ മുങ്ങിയ നിഫ്റ്റി മിഡ്ക്യാപ്പ് ഇന്ന് 1.17 ശതമാനവും സ്‌മോള്‍ ക്യാപ്പ് 1.31 ശതമാനവും നേട്ടത്തിലാണ്.

നിഫ്റ്റി ബാങ്ക് സൂചിക 0.20 ശതമാനം ഉയര്‍ന്ന് 46,000 ഭേദിച്ചു. മെറ്റല്‍, പി.എസ്.യു ബാങ്ക്, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. 0.48 ശതമാനമാണ് നിഫ്റ്റി ഐ.ടിയുടെ നേട്ടം. മീഡിയ, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടായി.

മുന്നേറിയവരും ഇടിവ് നേരിട്ടവരും 

നിഫ്റ്റി 200ല്‍ പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍.എച്ച്.പി.സി., എന്‍.എം.ഡി.സി എന്നിവയാണ് കൂടുതല്‍ നേട്ടം കുറിച്ചത്. അടുത്തിടെ പുതിയ പദ്ധതികള്‍ക്കായുള്ള കരാറുകളില്‍ ധാരണപത്രമായതാണ് എന്‍.എച്ച്.പി.സിക്ക് നേട്ടമായത്. ഇരുമ്പയിര് വില വര്‍ദ്ധനയാണ് ഖനന മേഖലയിലെ കമ്പനിയായ എന്‍.എം.ഡി.സിയുടെ ഓഹരികള്‍ക്ക് ഊര്‍ജമായതും ഇന്ന് 52-ആഴ്ചയിലെ ഉയരത്തിലെത്തിച്ചതും.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, യൂണിയന്‍ ബാങ്ക് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, ടെക് മഹീന്ദ്ര, നെസ്‌ലെ എന്നിവ 1-2.5 ശതമാനം നേട്ടവുമായി സെന്‍സെക്‌സിന്റെ ഇന്നത്തെ നേട്ടത്തിന് കളമൊരുക്കി. ബോംബെ ഡൈയിംഗ് ഓഹരികള്‍ 20 ശതമാനത്തോളം കുതിച്ചെങ്കിലും പിന്നീട് നേട്ടം 9 ശതമാനത്തിലേക്ക് ചുരുങ്ങി. കമ്പനിയുടെ മുംബയ് വര്‍ളിയിലുള്ള 22 ഏക്കര്‍ ഭൂമി ജാപ്പനീസ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ സുമിടോമോയുടെ ഉപസ്ഥാപനമായ ഗൊയിഷു റിയാല്‍റ്റിക്ക് വില്‍ക്കാനുള്ള വാഡിയ ഗ്രൂപ്പിന്റെ തീരുമാനമാണ് ഓഹരികളില്‍ കുതിപ്പുണ്ടാക്കിയത്. 5,200 കോടി രൂപയായിരിക്കും ഇടപാട് മൂല്യം.

ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ 

സെന്‍സെക്‌സില്‍ ഐ.ടി.സി., ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍ എന്നിവ ലാഭമെടുപ്പില്‍പ്പെട്ട് താഴേക്ക് വീണു. ടൊറന്റ് ഫാര്‍മ, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഹൈജീന്‍, വൊഡാഫോണ്‍ ഐഡിയ, ഏഷ്യന്‍ പെയിന്റ്‌സ്, യെസ് ബാങ്ക് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്.

വിപണിയുടെ ട്രെന്‍ഡും രൂപയും

സെന്‍സെക്‌സില്‍ ഇന്ന് 2,387 ഓഹരികള്‍ നേട്ടത്തിലും 1,275 എണ്ണം താഴ്ചയിലുമായിരുന്നു. 142 ഓഹരികളുടെ വില മാറിയില്ല. 206 ഓഹരികള്‍ ഇന്ന് 52-ആഴ്ചയിലെ ഉയരത്തിലും 21 എണ്ണം താഴ്ചയിലും ആയിരുന്നു. അപ്പര്‍-സര്‍കീട്ടില്‍ കമ്പനികളെയൊന്നും കണ്ടില്ല. മൂന്ന് കമ്പനികള്‍ ലോവര്‍-സര്‍കീട്ടിലായിരുന്നു.

രൂപ ഇന്ന് ഡോളറിനെതിരെ നേരിയ നഷ്ടം നേരിട്ടു. 82.98ല്‍ നിന്ന് 83.03ലേക്കാണ് മൂല്യം താഴ്ന്നത്. ക്രൂഡോയില്‍ വില ഉയര്‍ന്നതലത്തില്‍ തുടരുന്നതാണ് രൂപയെ പ്രധാനമായും സമ്മര്‍ദ്ദത്തിലാക്കുന്നത്.

ക്രൂഡോയിലിന്റെ വ്യാപാരം പ്രധാനമായും ഡോളറിലാണ്. ഇന്ത്യ ഉപപഭോഗത്തിന്റെ 85-90 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അപ്പോള്‍, ഡോളറിന് ഡിമാന്‍ഡ് ഏറുമെന്നതാണ് രൂപയെ തളര്‍ത്തുന്നത്.

ഹാരിസണ്‍സിന്റെ ദിനം

കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഇന്ന് 8.09 ശതമാനം നേട്ടവുമായി ഹാരിസണ്‍സ് മലയാളം മുന്നിലെത്തി. എട്ട് ലക്ഷത്തിലധികം ഓഹരികള്‍ ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടത് കമ്പനിക്ക് നേട്ടമായി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, കൊച്ചിന്‍ മിനരല്‍സ് ആന്‍ഡ് റൂട്ടൈല്‍, സെല്ല സ്‌പേസ്, ജിയോജിത് എന്നിവയാണ് 3.7-4.75 ശതമാനം നേട്ടത്തോടെ തൊട്ടുപിന്നാലെയുള്ളത്. പ്രൈമ ഇന്‍ഡസ്ട്രീസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, പ്രൈമ ആഗ്രോ, ആസ്പിന്‍വാള്‍, യൂണിറോയല്‍ മറീന്‍ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടവ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT