Markets

നാല് ദിവസത്തെ നഷ്ടത്തിന് ശേഷം വിപണി പച്ചയില്‍; ഫാക്ട്, ഹീറോ മോട്ടോകോർപ്പ്, മണപ്പുറം ഫിനാന്‍സ് നേട്ടത്തില്‍, മുത്തൂറ്റ് മൈക്രോഫിന്‍ ഇടിവില്‍

മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഏകദേശം ഒരു ശതമാനം വീതം ഉയർന്നു

Dhanam News Desk

നാല് ദിവസത്തെ നഷ്ട പരമ്പരയ്ക്ക് വിരാമമിട്ട് വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്ത്യയും യുഎസും ഉടൻ തന്നെ വ്യാപാര കരാറിൽ ഒപ്പുവെച്ചേക്കുമെന്ന റിപ്പോർട്ടുകൾ നിക്ഷേപകരില്‍ ശുഭാപ്തി വിശ്വാസം സൃഷ്ടിക്കുന്നുണ്ട്. ചില്ലറ പണപ്പെരുപ്പം ഏറ്റവും താഴ്ന്ന നിലയിലെത്തിയതും വിപണിക്ക് ഊര്‍ജം പകര്‍ന്നു. 6 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.1 ശതമാനത്തിലാണ് റീട്ടെയിൽ പണപ്പെരുപ്പം എത്തിയത്.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 457.6 ലക്ഷം കോടി രൂപയിൽ നിന്ന് 460 ലക്ഷം കോടി രൂപയായി ഉയർന്നു. ചൊവ്വാഴ്ചത്തെ വ്യാപകമായ വാങ്ങലുകൾ മൂലം നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപയിലധികം നേട്ടമാണ് ഉണ്ടായത്. കമ്പനികളുടെ ഒന്നാം പാദ വരുമാന ഫലങ്ങളിലാണ് ഇനി നിക്ഷേപകരുടെ ശ്രദ്ധ. ഇത് വരാനിരിക്കുന്ന ദിനങ്ങളില്‍ പ്രത്യേക ഓഹരികളില്‍ ചാഞ്ചാട്ടത്തിന് കാരണമായേക്കാം.

സെൻസെക്സ് 0.39 ശതമാനം (317.45 പോയിന്റ്) ഉയർന്ന് 82,570.91 ലും നിഫ്റ്റി 0.45 ശതമാനം (113.50 പോയിന്റ്) ഉയർന്ന് 25,195.80 ലുമാണ് ക്ലോസ് ചെയ്തത്.

ഫാർമ, ഓട്ടോ, മീഡിയ, പി‌എസ്‌യു ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി തുടങ്ങിയ മേഖലകള്‍ 0.5 ശതമാനം മുതല്‍ 1.50 ശതമാനം വരെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഏകദേശം ഒരു ശതമാനം വീതം ഉയർന്നു.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

അലുവാലിയ കോൺട്രാക്റ്റ്സ് ഓഹരി ഏഴ് ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. ഡിഎൽഎഫില്‍ നിന്ന് 2,089 കോടി രൂപയുടെ ഓർഡർ നേടിയതായി കമ്പനി അറിയിച്ചു. റിയൽ എസ്റ്റേറ്റ് നിർമ്മാണ മേഖലയിൽ കമ്പനിക്ക് ലഭിച്ച ഏറ്റവും വലിയ ഓര്‍ഡറുകളില്‍ ഒന്നാണിത്. ഓഹരി 1,118 രൂപയില്‍ ക്ലോസ് ചെയ്തു.

ഹീറോ മോട്ടോകോർപ്പ് (4.95%), സൺ ഫാർമ, ബജാജ് ഓട്ടോ, അപ്പോളോ ഹോസ്പിറ്റൽസ്, ശ്രീറാം ഫിനാൻസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

ഒന്നാം പാദ ഫലങ്ങള്‍ മികച്ചതായിരുന്നെങ്കിലും ഓഹരിയില്‍ ജാഗ്രത വേണമെന്ന ബ്രോക്കറേജുകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഒല 6 ശതമാനത്തിലധികം ഇടിഞ്ഞു. ഓഹരി 6.52 ശതമാനം നഷ്ടത്തില്‍ 44 രൂപയിലെത്തി.

എച്ച്‌സി‌എൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ലൈഫ്, എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസ്, എറ്റേണൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

കെ.എസ്.ഇ നേട്ടത്തില്‍

കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. രാസവള കമ്പനികൾ മികച്ച മുന്നേറ്റമാണ് ചൊവ്വാഴ്ച നടത്തിയത്. ഫാക്ട് 7.48 ശതമാനം ഉയര്‍ന്ന് 971 രൂപയില്‍ ക്ലോസ് ചെയ്തത്. കെ.എസ്.ഇ (3.15%), പോപ്പുലര്‍ വെഹിക്കിള്‍സ് (3.74%), മണപ്പുറം ഫിനാന്‍സ് (2.28%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് 2.80 ശതമാനം നഷ്ടത്തില്‍ 157 രൂപയിലെത്തി. പോപ്പീസ് (-1.99%), മുത്തൂറ്റ് മൈക്രോഫിന്‍ (-1.42%), നിറ്റാ ജെലാറ്റിന്‍ (-1.42%), ആഡ്ടെക് സിസ്റ്റംസ് (-2.95%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല.

Stock market closing analysis 15 July 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT