Markets

പലിശ നിരക്കിനായി കാതോര്‍ത്ത് വിപണി, എട്ട് ദിവസത്തെ മുന്നേറ്റത്തിന് വിരാമം, കേരള കമ്പനികളില്‍ മുന്നേറി നിറ്റ ജലാറ്റിന്‍, ഓഹരി വിപണിയുടെ ഇന്നത്തെ പ്രകടനം ഇങ്ങനെ

നേട്ടം നിലനിര്‍ത്തി മിഡ്, സ്‌മോള്‍ ക്യാപ്പുകള്‍

Dhanam News Desk

തുടര്‍ച്ചയായ എട്ട് ദിവസത്തെ നേട്ടത്തിനു ശേഷം ഇടവേളയെടുത്ത് ഇന്ത്യന്‍ ഓഹരി സൂചികകള്‍. യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനം ഈ ആഴ്ച പുറത്തുവരുമെന്നത് നിക്ഷേപകരെ ജാഗ്രതയിലാക്കിയതാണ് സൂചികകളിലും പ്രതിഫലിച്ചത്.

ഇന്ത്യയും യു.എസും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് വിപണിക്ക് അനുകൂലമായിരുന്നെങ്കിലും പലിശ നിരക്കില്‍ കണ്ണുടക്കിയത് ഇടിവിലേക്ക് നയിക്കുകയായിരുന്നു. ഐ.ടി, ഓട്ടോ സൂചികകളാണ് പ്രധാനമായും സൂചികകളെ പിന്നോട്ട് വലിച്ചത്. സെന്‍സെക്‌സ് 118.96 പോയിന്റ് ഇടിഞ്ഞ് 81,785.74ലും നിഫ്റ്റി 44.8 പോയിന്റ് ഇടിഞ്ഞ് 25,069ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ടൈറ്റന്‍, സണ്‍ഫാര്‍മ, ടാറ്റ കണ്‍സള്‍ട്ടന്‍സി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട സെന്‍സെക്‌സ് ഓഹരികള്‍. 0.7 ശതമാനം മുതല്‍ 1.7 ശതമാനം വരെ ഉയര്‍ന്നു.

കഴിഞ്ഞയാഴ്ച 4.3 ശതമാനത്തോളം മുന്നേറിയ നിഫ്റ്റി ഐ.ടി സൂചിക 0.6 ശതമാനം ഇടിഞ്ഞു.

അതേസമയം, മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഇന്ന് 0.8%, 0.4% എന്നിങ്ങനെ നേട്ടത്തിലായിരുന്നു.

performance of nifty indices

ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ റെയില്‍ ടെല്‍ കോര്‍പ്പറേഷന്‍ 210 കോടി രൂപയുടെ ഓര്‍ഡര്‍ സ്വന്തമാക്കിയത് ഓഹരികളെ 6.5 ശതമാനം ഉയര്‍ത്തി.

മദ്യനിര്‍മാതാക്കളായ റെയ്ഡ്‌കോ ഖെയ്താന്‍, അലൈഡ് ബ്ലെന്‍ഡേഴ്‌സ് എന്നിവ യഥാക്രമം 3.8%, 3% മുന്നേറ്റം കാഴ്ചവച്ചു.

കമ്പനി നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകളെ ചൊല്ലി സ്വതന്ത്ര ഡയറക്ടര്‍ രാജിവച്ചത് മൂലം കെ.ബി.എല്‍ ഓഹരി 13 ശതമാനത്തോളം ഇടിഞ്ഞു.

ബീഹാര്‍ സര്‍ക്കാരുമായി 2,400 മെഗാവാട്ട് പവര്‍ വിതരണ കരാര്‍ ഒപ്പു വച്ചത് അദാനി പവര്‍ ഓഹരികളെ മൂന്ന് ശതമാനം ഉയര്‍ത്തി.

താരിഫ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് ഫാര്‍മ ഓഹരികളില്‍ ഇടിവുണ്ടാക്കി. ഡോ.റെഡ്ഡീസ്, സിപ്ല എന്നിവ 1-2 ശതമാനം ഇടിവിലായി.

ബജാജ് ഫിനാന്‍സ് 13-ാം വ്യാപാര സെഷനിലും നേട്ടം തുടരുകയാണ്. ഓഹരി വില റെക്കോഡിലെത്തി. എ.ജി.ആര്‍ കുടിശിക സംബന്ധിച്ച കേസ് സെപ്റ്റംബര്‍ 19ന് വാദം കേള്‍ക്കുമെന്ന വാര്‍ത്തകള്‍ വോഡഫോണ്‍ ഐഡിയ ഓഹരികളെ ഇന്ന് ആറ് ശതമാനം ഉയര്‍ത്തി.

പൊതുമേഖല ഓഹരികളായ ഹഡ്‌കോ, ഐആര്‍ഡിഎ, എന്‍എച്ച്പിസി എന്നിവയും 3-4 ശതമാനം ഉയര്‍ന്നു.

റിയല്‍റ്റി ഓഹരികളായ പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഡി.എല്‍.ഫെ്, ഒബ്‌റോയി റിയല്‍റ്റി എന്നിവയും രണ്ട് ശതമാനം ഉയര്‍ന്നു.

സെബി ബോര്‍ഡ് യോഗത്തില്‍ പ്രതിവാര എഫ് ആന്‍ഡ് ഒ കരാറുകള്‍ സംബന്ധിച്ച തീരുമാനമൊന്നും എടുക്കാത്തതിനെ തുടര്‍ന്ന് ബി.എസ്.ഇയുടെയും ഏയ്ഞ്ചല്‍ വണ്ണിന്റെയും ഓഹരി വിലയും ഉയര്‍ന്നു. പ്രതിവാര എഫ് ആന്‍ഡ് ഒ കരാറുകളില്‍ നിന്ന് മികച്ച വരുമാനമാണ് ബി.എസ്.ഇയ്ക്കും ഏയ്ഞ്ചല്‍ വണ്ണിനും ലഭിക്കുന്നത്. ഇത് അവസാനിപ്പിച്ചാല്‍ വരുമാനം കുറയും.

കേരള ഓഹരികളുടെ പ്രകടനം

നിറ്റ ജെലാറ്റിനാണ് ഇന്ന് കേരള ഓഹരികളില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചത്. ഓഹരി വില അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ഓഹരി വില മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. സി.എസ്.ബി ബാങ്ക്, ടി.സി.എം, പ്രൈമ ഇന്‍ഡസ്ട്ര്‌സീസ് എന്നിവയും മികച്ച നേട്ടം കാഴ്ചവച്ചു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

പോപ്പീസ് കെയര്‍, പ്രൈമ ആഗ്രോ, ടോളിന്‍ ടയേഴ്‌സ് എന്നിവയാണ് ഇന്ന് നഷ്ടത്തില്‍ മുന്നേ നടന്നവര്‍. കിറ്റെക്‌സ്, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ്, പോപ്പുലര്‍, ടോളിന്‍സ് ടയേഴ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നിവയും ഇന്ന് നഷ്ടം രേഖപ്പെടുത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT